കേരളത്തിലെ മയക്കുമരുന്ന് പ്രതിസന്ധി - ഒരു പുനർചിന്തനം
കേരളത്തിൽ മയക്കുമരുന്ന് പ്രതിസന്ധിക്ക് കാരണമാവുന്ന അന്തർലീനമായ പ്രശ്നങ്ങൾ തിരിച്ചറിയുകയും പ്രതിസന്ധി നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ പുനർവിചിന്തനം ചെയ്യുകയും ചെയ്യുന്നു
കേരളത്തിൽ അടുത്തിടെ മയക്കുമരുന്ന് കേസുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2022 മുതൽ 2024 വരെ 85,334 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കേരളത്തിലാണ്. കേരളത്തിന് താഴെയുള്ള മഹാരാഷ്ട്രയിലും പഞ്ചാബിലും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലാണിത് (ചുവടെയുള്ള ഗ്രാഫ് കാണുക).
2016 ൽ കേരളത്തിൽ മയക്കുമരുന്ന് കേസുകൾ 5924 മാത്രമായിരുന്നു. കേസുകളുടെ ഈ ഗണ്യമായ വർദ്ധനവിന് കാരണം കേരള പോലീസിൻറെ കാര്യക്ഷമമായ പ്രവർത്തി മാത്രമാണോ? അതോ അടിസ്ഥാനപരമായി കൂടുതൽ ആഴത്തിലുള്ള ഒരു പ്രശ്നം നിലനിൽക്കുന്നുണ്ടോ? ഈ ലേഖനത്തിൽ, വ്യക്തികളെ മയക്കുമരുന്നിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയും നിലവിലെ ലഹരി നയങ്ങളും അവയുടെ ഫലപ്രാപ്തി പരിശോധിക്കുകയും ചെയ്യുന്നു.
മയക്കുമരുന്ന് പ്രശ്നത്തിൻറെ വ്യാപ്തി
കേരളത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിച്ചുവെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണം, റിപ്പോർട്ടിംഗ്, രജിസ്ട്രേഷൻ എന്നിവയാണ് ഇതിന് കാരണമെന്ന് നിരവധി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡ്രഗ് കൺട്രോൾ ബോർഡ് സമാഹരിച്ച 2024ലെ കണക്കുകൾ അനുസരിച്ച്, പിടിച്ചെടുത്ത കഞ്ചാവിൻറെ അളവിൽ കേരളം 20-ാം സ്ഥാനത്താണ്, പിടിച്ചെടുത്ത സിന്തറ്റിക് ലഹരിമരുന്നുകളുടെ അളവിലാകട്ടെ മറ്റ് നിരവധി സംസ്ഥാനങ്ങൾക്ക് പിന്നിലാണ്. അതിനാൽ, കേരളത്തിലെ മയക്കുമരുന്ന് പ്രതിസന്ധി പഞ്ചാബ് പോലുള്ള മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഗുരുതരമല്ലെന്ന് ഉറപ്പിക്കാം, പക്ഷേ ധാരാളം കേസുകൾ ഉണ്ടാവുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്.
സ്ഥിതിവിവരക്കണക്കുകളേക്കാൾ കൂടുതൽ, കേസുകളുടെ എണ്ണം ആഴത്തിലുള്ള ഒരു സാമൂഹിക പ്രശ്നത്തെ പ്രതിഫലിപ്പിക്കുന്നു. ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ 600 വ്യക്തികളിൽ എക്സയ്സ് ഡിപ്പാർട്മെൻറ് നടത്തിയ വിമുക്തി സർവേയിൽ, മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരിൽ 82% പേരും കഞ്ചാവാണ് തങ്ങൾ ഉപയോഗിക്കുന്ന പ്രധാന ലഹരിമരുന്ന് എന്ന് വെളിപ്പെടുത്തി. ഇവരിൽ പലരും 10 നും 15 നും ഇടയിൽ ഇത് ഉപയോഗിക്കാൻ തുടങ്ങിയെന്നും പറയുന്നു. കൂടാതെ, മയക്കുമരുന്ന് കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് പ്രശ്നത്തിൻറെ ആഴത്തെ സൂചിപ്പിക്കുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 75.66 ശതമാനം പേർ പുകവലിക്കുന്നവരും 64.66 ശതമാനം പേർ മദ്യം കഴിക്കുന്നവരും 25.5 ശതമാനം പേർ ലഹരിഗുളികകൾ ഉപയോഗിക്കുന്നവരുമാണ്. പുകയിലയെ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ആദ്യത്തെ ലഹരിവസ്തുവായി പരാമർശിക്കുന്നുണ്ട് (പ്രതികരിച്ചവരിൽ 78.1%), 36.66% പേർ മദ്യത്തിൽ നിന്ന് ആരംഭിച്ച് കഠിനമായ മയക്കുമരുന്നുകളിലേക്ക് കടക്കുന്നു.
അടിസ്ഥാന ഘടകങ്ങൾ
സംസ്ഥാനത്ത് വലിയ അളവിൽ മയക്കുമരുന്ന് ഉപഭോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഇത് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്?
മയക്കുമരുന്ന് ഉപഭോഗത്തെ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങൾ തിരിച്ചറിയാനും വിമുക്തി സർവേ ശ്രമിച്ചു. സർവേയിൽ പങ്കെടുത്ത 79% ആളുകളുടെ ആദ്യ മയക്കുമരുന്ന് ദാതാവ് സുഹൃത്തുക്കളാണെന്നും, 80% പേരും സുഹൃത്തുക്കളുമായാണ് മയക്കുമരുന്ന് കഴിക്കുന്നതെന്നും സർവേ പറയുന്നു. സുഹൃത്തുക്കൾക്കിടയിൽ സ്വീകാര്യതയ്ക്കുള്ള ഒരു മാർഗമായി മയക്കുമരുന്ന് ഉപയോഗം മാറിയിരിക്കുന്നു. അതിനാൽ തന്നെ സുഹൃത്തുക്കളുടെ സ്വാധീനം ഒരു പ്രധാന ഘടകമാണ്.
ജിജ്ഞാസ, സമ്മർദ്ദം, വിഷാദം എന്നിവ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് ഋഷിരാജ് സിംഗ് ഐ. പി. എസിനെപ്പോലുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പോലെ തൊഴിലില്ലായ്മ നിരക്കും മയക്കുമരുന്ന് ഉപയോഗവും തമ്മിൽ പരസ്പര ബന്ധമുണ്ടാകാം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള കേരളത്തിൽ ലഹരി പ്രതിസന്ധി സ്വാഭാവികമായി ഉണ്ടാവുന്നതാവാം.
സമൂഹത്തിൽ മയക്കുമരുന്ന് ഉപഭോഗം ഒരു സാധാരണ കാര്യമായി മാറുന്നതാണ് മറ്റൊരു പ്രധാന ഘടകം. സോഷ്യൽ മീഡിയ, സിനിമകൾ എന്നിവയിലെ ലഹരി ഉപയോഗം സമൂഹത്തെ സ്വാധീനിക്കുന്നു, അവ സർവ സാധാരണമാണ് എന്നുള്ള ഒരു ബോധം എല്ലാവരിലും ഉണ്ടാക്കുകയും ഒരുതരം അംഗീകാരം ഇതിന് നൽകുകയും ചെയ്യുന്നു.
നിയന്ത്രണ സംവിധാനത്തിൻറെ ചെലവുകൾ
കർശനവും തീവ്രവുമായ സംവിധാനമാണ് മയക്കുമരുന്ന് നിയന്ത്രണത്തിനായി കേരളത്തിൽ പലപ്പോഴും പിന്തുടരുന്ന സമീപനം. രേഖപ്പെടുത്തിയ കേസുകളിൽ 2023ൽ 98.34 ശതമാനവും 2024ൽ 96.5 ശതമാനവും ശിക്ഷയിലേക്ക് എത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും കടത്തിനെക്കുറിച്ചും പൊതുജനങ്ങൾക്ക് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന സംവിധാനവും കേരളത്തിലുണ്ട്.
എന്നാൽ നിയമത്തിൻറെ കർശനമായ പ്രയോഗം വിമർശനങ്ങളും നേരിടുന്നുണ്ട്. ഇടയ്ക്കിടെയുള്ള റെയ്ഡുകളും സ്റ്റോപ്പ്-ആൻഡ്-സെർച്ച് രീതികളും പോലീസിന് വലിയ അധികാരങ്ങൾ നൽകുന്നു. വ്യക്തിപരമായ നേട്ടത്തിനായി ഈ അധികാരങ്ങൾ ദുരുപയോഗം ചെയ്യാനും ഇത് ഏജൻസികൾക്ക് അവസരങ്ങൾ നൽകുന്നു.
കൂടാതെ, മയക്കുമരുന്നിനെതിരായ സർക്കാരിൻറെ നയത്തിന് ഉയർന്ന സാമ്പത്തികവും മാനുഷികവുമായ ചെലവുകളുമുണ്ട്. പൊതു നയങ്ങളിലും സാമ്പത്തികശാസ്ത്രത്തിലും ‘മാർജിനൽ ചിന്ത’ എന്ന ഒരു ആശയം ഉണ്ട്. ഓരോ പ്രവൃത്തിയുടെയും ചെലവ് അതിൽ നിന്ന് ലഭിക്കുന്ന അധിക നേട്ടത്തിൻറെ അടിസ്ഥാനത്തിൽ അളക്കണമെന്ന് ഈ ആശയം പറയുന്നു. മയക്കുമരുന്ന് നിയമം പ്രയോഗിക്കുമ്പോൾ, കർശനമായ നടപടികൾക്ക് വേണ്ടുന്ന ചെലവ് ഒരു പരിധിവരെ പ്രയോജനകരമാകും. എന്നാൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ഇല്ലാതാക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യമെങ്കിൽ, അതിൻറെ ചെലവ് വളരെ ഉയർന്നതായിരിക്കും. കാരണം ആ സാഹചര്യത്തിൽ സർക്കാരിന് വലിയ അളവിൽ വിഭവങ്ങൾ (നിരീക്ഷണ സംവിധാനങ്ങൾ, പോലീസ്, നീതിന്യായ സംവിധാനം, സാമ്പത്തിക വിഭവങ്ങൾ) ചെലവഴിക്കേണ്ടിവരും. അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന അവസാനത്തെ വ്യക്തിയെയും പിടികൂടുന്നതിൻറെ അധികനേട്ടം ചെലവിന് സമാനമായി വലുതായിരിക്കില്ല.
അതിനാൽ, മയക്കുമരുന്ന് ഉപഭോഗത്തെ പ്രചോദിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്, അതേസമയം പരിശോധനകളും നിയന്ത്രണങ്ങളും ദ്വിതീയമായിരിക്കണം.
അടിസ്ഥാന ഘടകങ്ങളെ അഭിസംബോധന ചെയ്യുക
ഫലപ്രദമായ ഒരു മയക്കുമരുന്ന് നയം മയക്കുമരുന്ന് ദുരുപയോഗത്തിന് കാരണമാകുന്ന ഘടകങ്ങളെ അഭിസംബോധന ചെയ്യണം. കൗമാരക്കാർക്കിടയിൽ മയക്കുമരുന്ന് ഉപഭോഗം ആരംഭിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂട്ടാളികളുടെയും സമൂഹത്തിൻറെയും സ്വാധീനമാണെന്ന് വിമുക്തി സർവേ കാണിക്കുന്നു. ഇവിടെ സർക്കാരിനേക്കാൾ പ്രധാന പങ്ക് വഹിക്കുന്നത് സമൂഹമാണ്. പ്രതിരോധശേഷി വളർത്തുന്നതിനും മനോഭാവങ്ങൾ മാറ്റുന്നതിനും സമഗ്രമായ വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുകയും സമൂഹത്തിൻറെ പങ്കാളിത്തം വളർത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ഒരു സമൂഹമെന്ന നിലയിൽ നാം മയക്കുമരുന്നുകളുടെ സാധാരണവൽക്കരണം എങ്ങനെ അനുവദിച്ചുവെന്ന് തിരിച്ചറിയുകയും വേണം. സിനിമകളിലൂടെയോ, സോഷ്യൽ മീഡിയയിലൂടെ സ്വാധീനം ചെലുത്തുന്നവരിലൂടെയോ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.
കൂടാതെ, തൊഴിലില്ലായ്മ, മാനസികാരോഗ്യ പ്രശ്നങ്ങൾ, വിനോദ അവസരങ്ങളുടെ അഭാവം തുടങ്ങിയ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ ആളുകളെ ലഹരിവസ്തുക്കളുടെ ഉപഭോഗത്തിലേക്ക് നയിക്കും. സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുക, മാനസികാരോഗ്യത്തിന് പിന്തുണ നൽകുക, എന്നിവ ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് മയക്കുമരുന്ന് തടയുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.
ലഹരി ഉപയോഗം കുറ്റകരമാക്കാതെ ഇരിക്കുക - പോർച്ചുഗീസ് ഉദാഹരണം
ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ കനത്ത മയക്കുമരുന്നുകൾ ഉൾപ്പെടെ എല്ലാ മയക്കുമരുന്നുകളുടെയും വ്യക്തിപരമായ ഉപയോഗം കുറ്റകരമല്ലാതാക്കാൻ 2001ൽ പോർച്ചുഗൽ തീരുമാനിച്ചു. മയക്കുമരുന്ന് നിയമവിധേയമാക്കുകയല്ല, മറിച്ച് മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമാവില്ല എന്ന നയമാണ് അവർ നടപ്പിലാക്കിയത്. ചെറിയ അളവിൽ മയക്കുമരുന്നുമായി കണ്ടെത്തിയ ആളുകളെ ഡോക്ടർമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശിക്ഷണത്തിലേക്ക് അയച്ചു. അവർ ആ വ്യക്തിയെ ലഹരി ആസക്തിയിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചു. ഈ സമീപനം മയക്കുമരുന്ന് ഉപയോഗത്തെ ആരോഗ്യപരവും സാമൂഹികവുമായ ഒരു പ്രശ്നമായി കണക്കാക്കുകയും പുനരധിവാസത്തിനും പിന്തുണയ്ക്കുമായി നിയമം ഉപയോഗിക്കുകയും ചെയ്തു.
മയക്കുമരുന്ന് ആസക്തി, മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങൾ, എച്ച്.ഐ.വി അണുബാധകൾ എന്നിവ ഈ നയം മൂലം കുറഞ്ഞതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ നയം മയക്കുമരുന്ന് ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കം (സ്റ്റിഗ്മ) കുറയ്ക്കുകയും കൂടുതൽ ആളുകളെ സ്വമേധയാ ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പോലീസിന് വേണ്ടി ധാരാളം ചെലവഴിക്കുന്നതിനും താഴ്ന്ന നിലയിലുള്ള ഉപയോക്താക്കളെ ശിക്ഷിക്കുന്നതിനും പകരം, പോർച്ചുഗൽ മാനസികാരോഗ്യ സേവനങ്ങൾ, കമ്മ്യൂണിറ്റി ഔട്ട്റീച്ച്, സാമൂഹിക പുനരേകീകരണം എന്നിവയിൽ നിക്ഷേപം നടത്തി.
കേരളത്തിൻറെ നിലവിലെ തന്ത്രം നിയമത്തിൻറെ കർശനമായ പ്രയോഗം, വിദ്യാർത്ഥികൾക്കിടയിലെ പരിശോധന, റെയ്ഡുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് യുവാക്കളെയും ചെറിയ ഉപയോക്താക്കളെയും കുറ്റവാളികളാക്കുന്ന അപകടകരമായ സാധ്യത തുറക്കുന്നു. ഇത് മയക്കുമരുന്ന് പ്രശ്നത്തിൻറെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യാതെ അവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്ന ഈ അടിസ്ഥാന പ്രശ്നങ്ങൾ ആദ്യം പരിഹരിക്കുന്നതിന് മയക്കുമരുന്ന് ഉപയോക്താക്കളെ ക്രിമിനൽവൽക്കരിക്കുന്നതിനുള്ള നയം മാറ്റേണ്ടത് ആവശ്യമാണ്.
മുന്നോട്ടേക്കുള്ള വഴി
കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രതിസന്ധി നിലവിലെ നയങ്ങളുടെ പുനർചിന്ത ആവശ്യപ്പെടുന്നു. നിരീക്ഷണത്തിൻറെയും ശിക്ഷയുടെയും സമീപനം ജനങ്ങളിൽ ഭയം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. മറിച്ച് സാമൂഹിക മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബദൽ തന്ത്രങ്ങൾക്ക് കൂടുതൽ സുസ്ഥിരമായ പരിഹാരങ്ങൾ നൽകാൻ കഴിയും. പൊതുജനാരോഗ്യ ഉത്തരവാദിത്തങ്ങളുമായി വ്യക്തിഗത അവകാശങ്ങൾ സന്തുലിതമാക്കുന്നതും മയക്കുമരുന്ന് ദുരുപയോഗത്തിൻറെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതും കൂടുതൽ ഫലപ്രദവും മാനുഷികവുമായ മയക്കുമരുന്ന് നയത്തിലേക്കുള്ള അനിവാര്യ നടപടികളാണ്.






