'നഡ്ജ്' എന്ന നയമാർഗ്ഗം
നഡ്ജ് എന്താണെന്നും, അതിൻറെ ഉപയോഗങ്ങൾ എന്താണെന്നും, ഇന്ത്യൻ പശ്ചാത്തലത്തിൽ അവ എങ്ങനെ ഉപയോഗപ്രദമായ ഉപകരണമാണെന്നും ചർച്ച ചെയ്യുന്നു
ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളിലൂടെ റോഡ് യാത്ര ചെയ്യാൻ എനിക്ക് പലപ്പോഴായി അവസരം ലഭിച്ചിരുന്നു. അതിർത്തി റോഡുകൾ നിരവധി വെല്ലുവിളികൾ ഒരു യാത്രികന് ഉയർത്തുന്നു. എന്നാൽ റോഡുകളുടെ ഗുണനിലവാരം അതിൽ പെടുന്നില്ല, കാരണം ഇന്ത്യയിലെ അതിർത്തി റോഡുകൾ താരതമ്യേന മികച്ചതാണ്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസഷൻ (ബി. ആർ. ഒ) ഈ ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ മികച്ച റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ നല്ല നിലവാരമുള്ള റോഡുകളോടൊപ്പം വേഗത്തിൽ വാഹനമോടിക്കാനുള്ള പ്രലോഭനവും കൂടുന്നു. എന്നാൽ ബി. ആർ. ഒ നിർമ്മിച്ച റോഡുകളിലൂടെ കടന്നുപോയ ഏതൊരാൾക്കും അറിയാവുന്നതുപോലെ, ഈ റോഡുകളിലൂടെ വേഗത്തിൽ വാഹനമോടിക്കുന്നത് അത്ര എളുപ്പമല്ല. ഇത് വേഗത്തിലോടിക്കാൻ പ്രയാസമുള്ളതുകൊണ്ടോ പിഴ ചുമത്തുന്നത് കൊണ്ടോ അല്ല. വേഗത കവിയുന്നതിൻറെ പോരായ്മകളെക്കുറിച്ച് ഡ്രൈവർമാരെ അറിയിക്കാൻ ബി. ആർ. ഒ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയതാണ് ഇതിന് കാരണം. ഓരോ നിശ്ചിത ദൂരത്തിലും വേഗത കുറയ്ക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്ന നിർദേശങ്ങൾ റോഡുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ സർഗ്ഗാത്മകവും, വൈകാരികവും, രസകരവുമാണ്. അത് നിങ്ങളെ ബാധിക്കുന്നു, നിങ്ങളെ ചിരിപ്പിക്കുന്നു, നിങ്ങളെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നു.
അതിർത്തി റോഡുകളിലെ ഗതാഗത അപകടങ്ങളെക്കുറിച്ച് കണക്കുകളൊന്നുമില്ലെങ്കിലും, ഇത്തരം ഉപകരണങ്ങളുടെ പ്രയോജനങ്ങൾ പല പഠനങ്ങളും തുറന്ന് കാണിക്കുന്നു. നമ്മൾക്ക് പ്രേരണ നൽകുന്ന ഈ ഉപകരണങ്ങളെ സാധാരണയായി 'നഡ്ജ്'കൾ എന്ന് വിളിക്കുന്നു. ഈ ലേഖനത്തിൽ നഡ്ജ് എന്താണെന്നും, അതിൻറെ ഉപയോഗങ്ങൾ എന്താണെന്നും, ഇന്ത്യൻ പശ്ചാത്തലത്തിൽ അവ എങ്ങനെ ഉപയോഗപ്രദമായ ഉപകരണമാണെന്നും ഞങ്ങൾ ചർച്ച ചെയ്യുന്നു.
സ്റ്റേറ്റിൻറെ മാസ്മരികത
ഇന്ത്യ പരമ്പരാഗതമായി സ്റ്റേറ്റ്-കേന്ദ്രീകരിച്ചുള്ള വികസന മാതൃകയാണ് പിന്തുടരുന്നത്. 'നെഹ്റുവിയൻ കൺസെൻസസ്' എന്ന് വിളിക്കപ്പെടുന്ന വികസനത്തിൻറെ ഈ മാതൃക വിദഗ്ധരുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് തുല്യമായി രാജ്യത്തിന് ദ്രുതഗതിയിലുള്ള വികസനം സാധ്യമാക്കാൻ അത് ശ്രമിച്ചു. ഈ ആവശ്യത്തിനായി, സമ്പദ് വ്യവസ്ഥ കർശനമായി നിയന്ത്രിക്കപ്പെട്ടു, കമ്പനികളുടെ പ്രവേശനവും അടച്ചുപൂട്ടലും സർക്കാർ നിയന്ത്രിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ പൊതുമേഖല ആധിപത്യം പുലർത്തി. എന്നാൽ ഈ വികസന മാതൃക വികസന വാഗ്ദാനങ്ങൾ നിറവേറ്റിയില്ല. മറിച്ച്, ജനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
കാലക്രമേണ, ഈ വികസന മാതൃകയിൽ നിന്ന് മാറി. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങൾ വിപണികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയും സമ്പദ് വ്യവസ്ഥയുടെ മേലുള്ള ഭരണകൂട നിയന്ത്രണം കുറയ്ക്കുകയും ചെയ്തു. ഇത് ദ്രുതഗതിയിലുള്ള വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും കാരണമായിട്ടുണ്ടെങ്കിലും, സാമ്പത്തിക സ്വാതന്ത്ര്യത്തിൻറെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ പിന്നോക്ക സ്ഥാനം നിലനിർത്തുന്നു.
സാമ്പത്തിക സ്വാതന്ത്ര്യ സൂചിക - ഇന്ത്യ (1996-2024)
എന്നാൽ എന്തുകൊണ്ടാണ്, സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിന് ശേഷവും ഭരണകൂടത്തിൻറെ സാമ്പത്തിക നിയന്ത്രണം തുടരുന്നത്? ഗവൺമെൻറുകൾ അവരുടെ അധികാരങ്ങൾ സ്വമേധയാ ഉപേക്ഷിക്കുന്നത് അപൂർവ്വമാണെന്നത് ശരിയാണെങ്കിലും, സമ്പദ് വ്യവസ്ഥയുടെ സർക്കാർ നിയന്ത്രണം ഒരു പരിധിവരെ പൗരന്മാരുടെ പ്രതീക്ഷകൾ മൂലമാണ്. വില നിയന്ത്രണം, വികസനത്തിന് വേണ്ടിയുള്ള വാൻ തോതിലുള്ള നിക്ഷേപം, എന്നിവ ഇന്ന് എല്ലാ സർക്കാരുകളും ചെയ്യേണ്ട ഒന്നാണെന്ന് നാം വിശ്വസിക്കുന്നു. ഇത് മൂലം ഉണ്ടാവുന്ന ഉയർന്ന നികുതി, നിയന്ത്രണങ്ങൾ എന്നിവ നാം മറക്കുന്നു.
രാഷ്ട്രീയപ്രവർത്തകനായ സുദീപ്ത കവിരാജ് ഇതിനെ ഇന്ത്യൻ "സ്റ്റേറ്റിൻറെ മാസ്മരികത" എന്ന് വിളിക്കുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, സാമ്പത്തിക ആസൂത്രണം, സാമൂഹിക നീതി, രാഷ്ട്രനിർമ്മാണം എന്നീ മേഖലകളിൽ സർക്കാർ പ്രവർത്തികൾക്ക് ഒരു റൊമാൻറിക് കാഴ്ചപ്പാടാണ് ഇന്ത്യൻ വോട്ടർമാർക്കുള്ളത്. ശരാശരി ഇന്ത്യൻ വോട്ടർമാർ വിപണികളെ അവിശ്വസിക്കുകയും സർക്കാർ സമ്പദ് വ്യവസ്ഥയെ വികസനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, ജനങ്ങളുടെ രാഷ്ട്രീയ പ്രതീക്ഷകൾ നിറവേറ്റുകയും, സമ്പദ് വ്യവസ്ഥയെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുകയും എങ്ങനെ സർക്കാരുകൾക്ക് ഒരുമിച്ച് ചെയ്യാനാവും? ‘നഡ്ജ്’ എന്ന ഉപകരണത്തിന് ഇവിടെ ഒരു പരിഹാരം നൽകാൻ കഴിയും.
എന്തുകൊണ്ട് നഡ്ജ്?
ആളുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ മനുഷ്യ മനഃശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുന്ന ഒരു ‘ബിഹേവിയറൽ എക്കണോമിക്സ്’ ആശയമാണ് നഡ്ജ്. ഈ വാക്ക് സൂചിപ്പിക്കുന്നത് പോലെ, അഭികാമ്യമായ പെരുമാറ്റത്തിലേക്ക് ആളുകളെ സൗമ്യമായി നയിക്കുന്ന ഒന്നാണിത്. സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാതെ, ജനങ്ങളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ അനുവദിക്കുന്ന ഒന്ന്. ഈ ആശയം ആദ്യമായി നിർദ്ദേശിച്ച റിച്ചാർഡ് താലറും കാസ് സൺസ്റ്റൈനും നഡ്ജ്നെ ഇനിപ്പറയുന്ന രീതിയിൽ നിർവചിക്കുന്നു:
“ഒരു ഓപ്ഷനും നിരോധിക്കാതെ, അവയുടെ സാമ്പത്തിക പ്രോത്സാഹനങ്ങളിൽ കാര്യമായ മാറ്റം വരുത്താതെ പ്രവചനാതീതമായ രീതിയിൽ ആളുകളുടെ പെരുമാറ്റത്തെ മാറ്റുന്ന ഏതും നഡ്ജ് ആണ്.”
ദീർഘകാലത്തേക്ക് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന തീരുമാനങ്ങൾ എടുക്കാൻ ആളുകളെ അനുവദിക്കുന്ന, വ്യക്തി സ്വാതന്ത്ര്യത്തിൽ നുഴഞ്ഞുകയറാത്ത ഒന്നാണ് നഡ്ജ്. ആളുകൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനായി മെനുവിൻറെ ഘടന ആകർഷണീയത എന്നിവ മാറ്റുന്നത് നഡ്ജ് ൻറെ ഒരു ഉദാഹരണമാണ്. ആളുകൾക്ക് ഇപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ പുതിയ ക്രമീകരണത്തോടെ നിങ്ങൾ ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ പ്രേരിതരാവുന്നു.
ഇന്ത്യയിൽ നഡ്ജ് ഫലപ്രദമായി ഉപയോഗിച്ചതിൻറെ ഒരു ഉദാഹരണം പ്രധാന മന്ത്രി ജൻ ധൻ യോജന (PMJDY) ആയിരുന്നു. PMJDY യുടെ ഭാഗമായി ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന നയം ചില സ്കീമുകളിൽ നടപ്പാക്കിയിരുന്നു. ഈ ഇത്തരം സ്കീമുകളുടെ ഭാഗമാവുമ്പോൾ സീറോ-ബാലൻസ് ബാങ്ക് അക്കൗണ്ടുകൾ ഗുണഭോക്താക്കളുടെ പേരിൽ സ്വയമേവ തുറക്കപ്പെടുന്നു (നഡ്ജ്). താല്പര്യമില്ലാത്തവർക്ക് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ മിക്കവരും ഈ അക്കൗണ്ടുകൾ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്രയും അധികം പേർ ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉള്ള സാഹചര്യം വേറെ ഒരു വഴിയിലൂടെയും ഉണ്ടാവാനിടയില്ല.
നഡ്ജിൻറെ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താം?
ഇന്ത്യൻ പശ്ചാത്തലത്തിൽ നഡ്ജ് വളരെയധികം സാധ്യതകൾ തുറന്ന് തരുന്നു. നിയന്ത്രണങ്ങൾ നഡ്ജ് വഴി ലഘൂകരിക്കാനുള്ള സാഹചര്യവും സർക്കാരിന് ഇത് നൽകുന്നു. നഡ്ജ് ഉപയോഗിക്കാവുന്ന രണ്ട് ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:
റോഡ് സുരക്ഷ
നിലവിൽ, സ്പീഡ് ക്യാമറകൾ, പിഴ, റോഡിൽ നിയന്ത്രണങ്ങൾ നിർവഹിക്കുന്ന ട്രാഫിക് പോലീസ് എന്നിവ വഴി റോഡ് സുരക്ഷ സർക്കാരുകൾ ഉറപ്പാക്കുന്നു. ഈ നടപടികളെല്ലാം ഗണ്യമായ ചെലവുകളുണ്ടാക്കുന്നുണ്ട്. കൂടാതെ, ക്യാമറകളോ വ്യക്തിഗത പോലീസ് ഉദ്യോഗസ്ഥരോ ഇല്ലാതിരിക്കുമ്പോഴും സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിക്കാൻ കഴിയുന്ന ഡ്രൈവറുടെ പെരുമാറ്റത്തെ ഇത് അടിസ്ഥാനപരമായി മാറ്റുന്നില്ല.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നഡ്ജ് ഉപയോഗിക്കാൻ കഴിയുന്ന ഒരു മാർഗ്ഗം റോഡ് സുരക്ഷയുടെ ആവശ്യകതകൾ വാഹനങ്ങളിൽ മുൻകൂട്ടി സൃഷ്ടിക്കുക എന്നതാണ്. ഉദാഹരണത്തിന്, നിലവിൽ സീറ്റ് ബെൽറ്റിൻറെ സംവിധാനം ഡ്രൈവർ സ്വയം സീറ്റ് ബെൽറ്റ് ധരിക്കുന്ന രീതിയിലാണ്. സീറ്റ് ബെൽറ്റിൻറെ രൂപകൽപന മാറ്റി അത് ഡ്രൈവർ അണിയുന്നത് ആവശ്യമില്ലാതെ സ്വയം പ്രവർത്തിക്കുന്ന ഒന്നാണെങ്കിൽ മിക്കവാറും പേരും ബുദ്ധിമുട്ടി അത് അഴിക്കുവാൻ സാധ്യതയില്ല. അതുപോലെ, വണ്ടികളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വേഗത നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത് വേഗത കവിയുന്നത് തടയാൻ സഹായിക്കും.
നയരൂപീകരണ പ്രക്രിയ മെച്ചപ്പെടുത്തുവാൻ
സർക്കാർ വില നിയന്ത്രിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന് മതിയായ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സർക്കാരുകൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത്തരം നിയന്ത്രണങ്ങളിൽ ഇടപെടുന്നു.
ഇത് മാറ്റുന്നതിനായി എല്ലാ സർക്കാരുകളും അവർ ഉണ്ടാക്കിയ വില നിയന്ത്രണം എന്തുകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഉപയോഗപ്രദമാണ് (ദോഷകരമല്ല) എന്നതിന് ന്യായീകരണം നൽകണം എന്ന നിയമം കൊണ്ട് വരണം. ഈ വിശദീകരണം നൽകാതിരിക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതും വ്യക്തമായ രീതിയിൽ രേഖപ്പെടുത്തണം. അത്തരമൊരു സമ്മർദ്ദം വിലകളിൽ ഇടപെടുന്നതിൽ നിന്ന് സർക്കാരിനെ നിരുത്സാഹപ്പെടുത്തും, അല്ലെങ്കിൽ വോട്ടർമാർക്ക് അവർ അങ്ങനെ ചെയ്യുന്നതിന് ഒരു കാരണം നൽകും. വിശദീകരണങ്ങൾ നൽകാതിരിക്കാൻ സർക്കാരുകൾക്ക് നിയമപരമായി അധികാരമുണ്ടാകാം, എന്നാൽ ഈ ഓപ്ഷൻറെ സമ്മർദ്ദങ്ങൾ അങ്ങനെ ചെയ്യാതിരിക്കാൻ അവരെ പ്രേരിപ്പിക്കും.
ഉപസംഹാരം
നഡ്ജ് നമുക്ക് ചുറ്റും ഉണ്ടാവുന്നുണ്ട്. മാതാപിതാക്കൾ അവരുടെ കുട്ടികളെ പ്രേരിപ്പിക്കുന്നു. പ്രത്യേക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത് ഇന്ത്യയിൽ വേണ്ടത്ര ഉപയോഗിക്കുന്ന പോളിസി ഉപകരണമല്ല. വോട്ടർമാരുടെ സമ്മർദ്ദങ്ങളും പ്രതീക്ഷകളും കാരണം നിയന്ത്രണം ഒഴിവാക്കാൻ പാടുപെടുന്ന ഇന്ത്യൻ സർക്കാരുകൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും അതേ സമയം ഒരു പരിധിവരെ രാഷ്ട്രീയ പ്രതീക്ഷകൾ നിറവേറ്റാനും ഇത് സർക്കാരിനെ അനുവദിക്കുന്നു.






