നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഫലവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ചോദ്യപേപ്പർ ചോർച്ചയുടെയും അഴിമതി ആരോപണത്തിൻറെയും നിഴലിലാണ്. മാസങ്ങളോളമായി ശ്രദ്ധാപൂർവ്വമായ തയ്യാറെടുപ്പിലൂടെ ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിച്ച വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം നീറ്റ് പരീക്ഷയിൽ ഉണ്ടായ പ്രശ്നങ്ങളും തുടർന്നുള്ള വിവാദവും അത്യന്തം നിരാശാജനകമാണ്.
ഈ ദുരന്തത്തിലേക്ക് നയിച്ച നയപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്? വാദങ്ങളും മറുവാദങ്ങളും മലീമസമാക്കിയ അന്തരീക്ഷത്തിൽ ഈ പ്രശ്നത്തിന്റെ യഥാർത്ഥ ഉറവിടങ്ങൾ തേടിയുള്ള അന്വേഷണമാണ് ഈ ലേഖനം.
നീറ്റ് പരീക്ഷയുടെ വലിയ പ്രാധാന്യം
നീറ്റ് പരീക്ഷ വളരെ മത്സരാധിഷ്ഠിതമായ പരീക്ഷയാണ്. 2024ലെ കണക്കുകൾ പ്രകാരം 25 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് 1 ലക്ഷം സീറ്റുകൾക്കായ് അപേക്ഷ നൽകിയത്. ചുരുക്കി പറഞ്ഞാൽ നീറ്റ് ഇന്ന് രാജ്യത്തിലെ തന്നെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷകളിലൊന്നാണ്. ഈ 1 ലക്ഷം സീറ്റുകളിൽ 54,278 സീറ്റുകൾ മാത്രമാണ് സർക്കാർ കോളേജുകളിൽ കുറഞ്ഞ ഫീസിൽ ലഭ്യമായുള്ളത്. അതായത്, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ 2% പേർക്ക് മാത്രമേ സർക്കാർ കോളേജുകളിൽ പഠിക്കാൻ അവസരം ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഈ പരീക്ഷയുടെ പ്രാധാന്യം വളരെ വലുതാണ്.
2013ലാണ് നീറ്റ് പരീക്ഷ ആദ്യമായി ആരംഭിച്ചത്. തുടർന്ന് താത്കാലികമായ നിർത്തലാക്കലുകൾ നേരിട്ടുവെങ്കിലും, 2016 മുതൽ നീറ്റ് സ്ഥിരമായി നടന്നുവരുന്നു. 2019ൽ ആണ് എൻ.ടി.എ സി.ബി.എസ്.ഇയിൽ നിന്ന് പരീക്ഷയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. നീറ്റ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എ.ഐ പി.എം.ടി (ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ്) ദേശീയ തലത്തിലും, സംസ്ഥാന സർക്കാരുകൾ അവരവരുടേതായ മെഡിക്കൽ പ്രവേശന പരീക്ഷകൾ പ്രാദേശികമായും നടത്തിപോന്നിരുന്നു. 2019 മുതൽ ഇന്ത്യയിൽ ഉടനീളമുള്ള ഏതു മെഡിക്കൽ കോളേജിലേക്കും അഡ്മിഷൻ ലഭിക്കുവാനുള്ള ഏക പരീക്ഷയായി നീറ്റ് മാറി.
അതായത്, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വളരെ മത്സരാധിഷ്ഠിതവും, കേന്ദ്രീകൃതവും, പ്രാധാന്യമേറിയതുമായ പരീക്ഷയാണ് നീറ്റ്. ഈ അമിത പ്രാധാന്യം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നത് എങ്ങനെയാവും?
സാമ്പത്തികശാസ്ത്രത്തിലെയും പബ്ലിക് പോളിസിയിലെയും ഒരു പ്രധാനപ്പെട്ട ആശയം ഇൻസെൻറ്റീവ് (incentive) എന്ന ആശയമാണ്. വ്യക്തികളുടെ തീരുമാനങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന കാര്യങ്ങൾ ആണ് ഇൻസെൻറ്റീവ്.
അമിതമായി പരീക്ഷയുടെ പ്രാധാന്യം ഉയരുമ്പോൾ എന്ത് വില കൊടുത്തും റാങ്ക് നേടണം എന്നുള്ളതാവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇൻസെൻറ്റീവ്. തീവ്രമായ മത്സരം നടക്കുന്ന പരീക്ഷയാവുമ്പോൾ ആത്മാർഥമായി പഠിച്ചാലും റാങ്ക് കിട്ടുമോ എന്നുള്ള ചിന്ത മറ്റു കുറുക്കു വഴികൾ തേടാനുള്ള ഇൻസെൻറ്റീവ് ആവുന്നു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടാവുന്ന ഈ ചിന്തയെ മുതലെടുക്കുക എന്നുള്ള ഇൻസെൻറ്റീവ് ഒരു ചെറിയ ശതമാനം ഉദ്യോഗസ്ഥർക്കെങ്കിലും ഉണ്ടാവുന്നു. ചുരുക്കി പറഞ്ഞാൽ നീറ്റ് പരീക്ഷയുടെ സ്വഭാവം തന്നെ അഴിമതിയിലേക്ക് വഴിതുറന്ന് വെക്കുന്ന ഒന്നാണ്. സംവിധാനം വളരേയധികം കേന്ദ്രീകൃതമാകുമ്പോൾ സർവ്വനാശം സൃഷ്ടിക്കാൻ കുറച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മാത്രമേ ആവശ്യമുള്ളു.
നീറ്റ് അഴിമതിയെത്തുടർന്ന് ദുരിതാശ്വാസം എന്നുള്ള നിലക്ക് ഒരു പൊതുപരീക്ഷാ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയും വഞ്ചനയും തടയുന്നതിനായുള്ള ഈ നിയമപ്രകാരം ഒരു കോടി രൂപ വരെ പിഴയും തടവും കുറ്റവാളികൾക്ക് ലഭിക്കും. ഈ നിയമം കൊണ്ട് മാത്രം ചോദ്യപേപ്പർ ചോർച്ചയും, അഴിമതിയും അവസാനിക്കുമോ?
എന്ത് കൊണ്ട് അഴിമതി നടക്കുന്നു എന്ന് കണ്ടുപിടിക്കുന്നിടത്തു നിന്നാണ് ഈ പ്രശ്നത്തിൻറെ പരിഹാരം തേടേണ്ടത്.
അഴിമതിയിലേക്ക് നയിക്കുന്ന പ്രശ്നം
ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1000 പേർക്ക് 0.7 ഡോക്ടർമാർ മാത്രമാണ് ഉള്ളത്. 1000 പേർക്ക് 1.7 ഡോക്ടർ എന്ന ആഗോള ശരാശരിയേക്കാൾ വളരെ താഴെയാണ് ഇത്. 'ഡീകോഡിംഗ് ഇന്ത്യാസ് ഹെൽത്ത് കെയർ ലാൻഡ്സ്കേപ്പ്' എന്ന FICCI-EY റിപ്പോർട്ട് അനുസരിച്ച്, 2047ലേക്കുള്ള ആരോഗ്യസംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യയ്ക്ക് ഏകദേശം 27 ലക്ഷം ഡോക്ടർമാരെ പുതുതായി സെർവിസിൽ എടുക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡോക്ടർമാരെ നമ്മൾക്ക് ആവശ്യമാണെന്നതിൽ യാതൊരുവിധ തർക്കങ്ങളുമില്ല. ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണമാണെങ്കിൽ നേരത്തെ ചൂണ്ടികാണിച്ചതുപോലെ ലക്ഷങ്ങൾ ആണ്.
ഇത് വളരെ കൗതുകകരമായ ഒരു പര്യവസ്ഥയാണ്. നമുക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമായുണ്ട്, നമ്മുടെ യുവാക്കളിൽ ഒരു വലിയ ശതമാനം ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവർക്കു വേണ്ടത്ര മെഡിക്കൽ സീറ്റുകൾ ലഭ്യമാവുന്നില്ല!
ഇത് ആരെയും ആശയകുഴപ്പത്തിലാക്കാം. എന്തുകൊണ്ട് നമ്മുടെ യുവാക്കൾക്ക് മതിയായ മെഡിക്കൽ സീറ്റുകൾ ഇല്ലാതെ പോവുന്നു? സാമ്പത്തികശാസ്ത്രപ്രകാരം ആവശ്യവും വിതരണവും (ഡിമാൻഡ്-സപ്ലൈ) തമ്മിൽ വലിയ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ (ഈ സാഹചര്യത്തിൽ മെഡിക്കൽ സീറ്റുകളുടെ), നിലവിലുള്ള സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചോ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചോ വിപണി സന്തുലിതാവസ്ഥ സ്വയം കൊണ്ട് വരുന്നു. എന്നാൽ ഇതൊന്നും പ്രസ്തുത സാഹചര്യത്തിൽ നടക്കുന്നതായി കാണുന്നില്ല. എന്തുകൊണ്ടായിരിക്കാം ഇത്?
ഒരു മെഡിക്കൽ കോളേജിലെ മാനേജ്മെന്റ് സീറ്റിന്റെ വിലയെക്കുറിച്ച് ചിന്തിക്കുക. ചില കോളേജുകളിൽ മാനേജ്മെന്റ് ഫീസ് വർഷത്തിൽ 50 ലക്ഷത്തിനും മുകളിലാണ്. അതായത് നിങ്ങൾ ഒരു സംരംഭകനാണെങ്കിൽ ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നത് വളരെ ലാഭകരമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനും ഇൻസെൻറ്റീവ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ആരും ആ വഴിയേ സഞ്ചരിക്കാത്തത്?
ഈ ചോദ്യത്തിൻറെയും, നമ്മൾ കാണുന്ന നീറ്റ് വിവാദത്തിൻറെയും അടിസ്ഥാനം ഇതാണ് - ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതും, സീറ്റ് വർദ്ധിപ്പിക്കുന്നതും അങ്ങേയറ്റം ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമായ കാര്യമാണ്!
മെഡിക്കൽ vs എഞ്ചിനീയറിംഗ് കോളേജ്
ഇന്ത്യയിലെ വിവരസാങ്കേതികവിദ്യ മേഖല കുതിച്ചുയർന്ന കാലം ഓർക്കുന്നുണ്ടോ? എഞ്ചിനീയർമാരെ ധാരാളമായി ആവശ്യമുണ്ടായിരുന്ന കാലമായിരുന്നു അത്. നമ്മുടെ വിദ്യാർത്ഥികളാവട്ടെ വിവിധ എഞ്ചിനീയറിംഗ് സ്ട്രീമുകളിൽ പ്രവേശനം നേടുവാനാഗ്രഹിച്ചു. ഈ ആവശ്യം മനസ്സിലാക്കിക്കൊണ്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ധാരാളം സ്വകാര്യ/സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ ഉയർന്നുവന്നു. വിദ്യാർത്ഥികളുടെയും കമ്പനികളുടെയും ആവശ്യം ഏറെക്കുറെ നിറവേറുന്ന സാഹചര്യം ഇത് മൂലമുണ്ടായി.
എഞ്ചിനീയർമാരെ കമ്പനികൾക്ക് ആവശ്യമുണ്ടായിരുന്നു, വിദ്യാർത്ഥികൾക്ക് എഞ്ചിനീയർമാരാവാൻ താൽപ്പര്യമുണ്ടായിരുന്നു, അതിനാൽ പുതിയ എഞ്ചിനീയറിംഗ് കോളേജുകൾ സ്ഥാപിച്ച് വിപണികൾ പ്രതികരിച്ചു. എഞ്ചിനീയറിംഗ് കോളേജുകളുടെ വ്യാപനത്തിന് സഹായിച്ച ഒരു സുപ്രധാന ഘടകം കുറഞ്ഞ സർക്കാർ നിയന്ത്രണങ്ങളും കോളേജ് സ്ഥാപിക്കുന്നതിനുള്ള കുറഞ്ഞ ചെലവുമാണ്.
ഇത് ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുക. ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി നിങ്ങൾക്ക് 300 കിടക്കകളുള്ള ഒരു ആശുപത്രി ഉണ്ടായിരിക്കണം, ആശുപത്രിയിൽ ആവശ്യമായ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കണം, വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ ഏരിയയും ലൈബ്രറിയും ഒരേ സമുച്ചയത്തിലായിരിക്കണം, കൂടാതെ മിനിമം ഭൂമി ആവശ്യകതെയും മറ്റ് നിരവധി വ്യവസ്ഥകളും പാലിക്കണം. ഇതിനു പുറമെ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ചെലവ് മെഡിക്കൽ കോളേജുകളിൽ എഞ്ചിനീയറിംഗ് കോളേജുകളെക്കാൾ ഗണ്യമായി കൂടുതലാണ്.
ഇത് നിക്ഷേപ ചെലവ് വളരെയധികം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിന് 15 കോടി മാത്രം ചെലവ് വരുന്നിടത്ത് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ശരാശരി 200 കോടി രൂപയാണ് ചെലവ് എന്ന് വിദഗ്ധർ പറയുന്നു.
നിങ്ങൾ സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ കടന്നുപോയി, വലിയ ചെലവുകൾ വഹിച്ച് ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചുകഴിഞ്ഞാലോ? നിങ്ങൾക്ക് എത്ര സീറ്റുകൾ വർദ്ധിപ്പിക്കാം എന്നതിൽ മറ്റൊരു കൂട്ടം നിയന്ത്രണങ്ങൾ വിലങ്ങുതടിയായി വരുന്നു. ഇത്തരം സങ്കീർണ്ണമായ നിയന്ത്രണങ്ങൾ കാരണം നമുക്ക് ധാരാളം മെഡിക്കൽ കോളേജുകൾ ഉള്ളപ്പോൾ പോലും സീറ്റുകളുടെ എണ്ണം ഇപ്പോഴും കുറവായി തുടരുകയാണ്.
കർശനമായ നിയന്ത്രണങ്ങൾ മാത്രമാണോ പോംവഴി?
വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സ്ഥാപനങ്ങൾ നിലവാരമില്ലാത്ത ഡോക്ടർമാരെ സൃഷ്ടിക്കുന്നത് നിയന്ത്രിക്കാൻ വേണ്ടിയാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുവാനും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രശ്നം ഗൗരവമേറിയതാണെന്നിരിക്കെ ഇത്തരം പ്രവർത്തികൾ നിയന്ത്രണങ്ങളിലൂടെ അല്ലാതെ എങ്ങനെ തടയാം?
നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിൽ ഒട്ടനവധി എഞ്ചിനീയറിംഗ് കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ പലതും നിലവാരമില്ലാത്ത എഞ്ചിനീയർമാരെ സൃഷ്ടിക്കുന്നുമുണ്ട്. എന്നിരുന്നാലും, എഞ്ചിനീയർമാർക്ക് വേണ്ടത്ര കഴിവില്ലാത്തതിനാൽ സാരമായ യന്ത്രത്തകരാറുകൾ ഉണ്ടായെന്നുള്ള വാർത്തകൾ നാം അപൂർവ്വമായി മാത്രമേ കേട്ടിട്ടുള്ളൂ. കാരണം, ഇന്ന് ഇന്ത്യയിൽ എഞ്ചിനീയർമാരുടെ ലഭ്യത വളരെയധികമായതിനാൽ കഴിവില്ലാത്ത എഞ്ചിനീയർക്ക് സ്വാഭാവികമായും നിയമനം ലഭിക്കാനിടയില്ല.
സമാനമായ ഒരു സാഹചര്യം മെഡിക്കൽ വിദ്യാഭ്യാസരംഗത്തും ഉണ്ടെങ്കിൽ, അതായത് നിരവധി കോളേജുകളിൽ നിന്ന് ബിരുദം നേടിവരുന്ന നിരവധി ഡോക്ടർമാരുണ്ടെങ്കിൽ, നിലവാരമില്ലാത്ത ഡോക്ടർമാർക്ക് ജോലി ലഭിക്കുന്നതും അസാധ്യമാകും. ഇത് തങ്ങളുടെ കോളേജുകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ആവശ്യപ്പെടാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുകയോ മെച്ചപ്പെട്ട കോളേജുകളിലേക്ക് ആകർഷിക്കുകയോ ചെയ്യും. കോളേജുകളുടെ എണ്ണം കൂടുന്തോറും വിദ്യാർത്ഥികളെ ആകർഷിക്കാൻ കോളേജുകൾ തമ്മിൽ മത്സരം ഉണ്ടാവുകയും കോളേജുകൾ അവരുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും.
ഇത് കൂടാതെ, നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ 2019ൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി എല്ലാ എംബിബിഎസ് വിദ്യാർത്ഥികൾക്കും ഒരു ദേശീയ എക്സിറ്റ് ടെസ്റ്റ് നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുകയുണ്ടായി. ഏതു കോളേജിൽ പഠിച്ചാലും പ്രാക്ടീസ് ചെയ്യുവാൻ മിനിമം യോഗ്യത വേണമെന്നുള്ള സാഹചര്യം ഇതുമൂലം ഉണ്ടാവുന്നു. കോളേജ് തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ ഗുണനിലവാര പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി സാധ്യത ഉണ്ടാവുന്നു.
അവസാനമായി, കോളേജുകൾക്കും സംസ്ഥാനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരെ സൃഷ്ടിക്കുന്നതിന് സ്വയംഭരണാധികാരം നൽകേണ്ടതുണ്ട്. ഇതിനായി, കോളേജുകൾക്കും സംസ്ഥാനങ്ങൾക്കും സ്വന്തമായി പരീക്ഷകൾ നടത്താനോ അല്ലെങ്കിൽ നീറ്റ് തിരഞ്ഞെടുക്കാനോ ഉള്ള സാഹചര്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, വ്യത്യസ്ത കോളേജുകൾക്ക് വ്യത്യസ്ത സംസ്കാരങ്ങളുണ്ട്, അവരുടെ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കണം. അതുപോലെ, സ്വന്തമായി പ്രവേശന പരീക്ഷകൾ നടത്താൻ കഴിവുള്ള സംസ്ഥാനങ്ങളെ അതിന് അനുവദിക്കണം. പരീക്ഷകൾ കാര്യക്ഷമമായി നടത്താനുള്ള ശേഷി എൻ.ടി.എ ഉണ്ടാക്കിയെടുക്കുന്ന പക്ഷം, കോളേജുകൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമെങ്കിൽ സ്വീകരിക്കാം. എൻ.ടി.എയുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രചോദനമായും ഇത് പ്രവർത്തിക്കുന്നു.
നിയന്ത്രണങ്ങൾ ലഘൂകരിക്കുക
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലേക്ക് സർക്കാർ നീങ്ങുമ്പോൾ രാജ്യത്ത് കൂടുതൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉയർന്ന് വരും. ഇത് നീറ്റ് പരീക്ഷയുടെ മത്സരസ്വഭാവവും, അമിത പ്രാധാന്യവും, വിദ്യാർഥികൾ അടക്കേണ്ടുന്ന വാർഷിക ഫീസും കുറയുന്നതിന് കാരണമാവും. അതിലും പ്രധാനമായി, ഇത് കൂടുതൽ ഡോക്ടർമാരെ ഉണ്ടാക്കുകയും അത് നമ്മുടെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.