കേരളത്തിലെ നഗരവൽക്കരണം - പ്രശ്നങ്ങളും, പോംവഴികളും
കേരളത്തിൽ നടക്കുന്ന ദ്രുത നഗരവത്കരണത്തിന്റെ ഫലങ്ങൾ സംസ്ഥാനത്തിന് എന്താണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം.
ഇന്ത്യയിലെ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന മേഖലകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങൾ ആയിരിക്കും ചർച്ചകളിൽ നിറയുന്നത്. എന്നാൽ കായലുകൾക്കും ഹരിത ഭൂപ്രകൃതികൾക്കും പേരുകേട്ട കേരളം വളരെ വേഗത്തിൽ നഗരവൽക്കരിക്കപ്പെടുകയാണ്. 2035 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 92.8% നഗരവാസികളായിരിക്കുമെന്ന് ദേശീയ ജനസംഖ്യാ കമ്മീഷൻ കണക്കാക്കുന്നു.
ഈ ലേഖനം കേരളത്തിലെ നഗരവൽക്കരണത്തിൻറെ വേഗതയും സ്വഭാവവും അതിനോട് പൊരുത്തപ്പെടാൻ സംസ്ഥാന സർക്കാരിന് സ്വീകരിക്കാവുന്ന ചില നടപടികളും പരിശോധിക്കുന്നു.
കേരളത്തിലെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം
വിസ്തീർണ്ണം കണക്കാക്കുമ്പോൾ താരതമ്യേന ചെറിയ സംസ്ഥാനമാണ് കേരളം. ജനസംഖ്യയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളം 15-ാം സ്ഥാനത്താണ്. എന്നിരുന്നാലും, ജനസാന്ദ്രതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ബീഹാറും ഉത്തർപ്രദേശും മാത്രമാണ് കേരളത്തേക്കാൾ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങൾ.
എന്നാൽ സമീപകാലത്ത് കേരളം മറ്റൊരു രസകരമായ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് - ദ്രുതഗതിയിലുള്ള നഗരവൽക്കരണം. 2020ൽ ഇക്കണോമിക് ഇൻറലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, ലോകമെമ്പാടും അതിവേഗം വളരുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള 3 നഗരങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ നഗരവൽക്കരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ്.
എന്നിരുന്നാലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കേരളത്തിലെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കേരളം പരമ്പരാഗതമായി സാക്ഷ്യം വഹിച്ച നഗരവൽക്കരണത്തിൻറെ സ്വഭാവം വ്യത്യസ്തമായതിനാലാണിത് - ഇതിനെ പലപ്പോഴും ‘റൂർബനൈസേഷൻ’ എന്ന് വിളിക്കുന്നു.
കേരളത്തിലെ ഗ്രാമീണ-നഗര തുടർച്ച
കേരളത്തിലെ 14 ജില്ലകളിൽ 10 എണ്ണവും തീരദേശത്താണ്. കേരളത്തിൻറെ വികസന ചരിത്രത്തിൽ ഭൂമിശാസ്ത്രം എല്ലായ്പ്പോഴും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്രപരമായി പ്രാധാന്യമുള്ള തുറമുഖങ്ങളുള്ള മിക്ക ജില്ലകളിലും മുൻകാലങ്ങളിൽ വ്യാപാരവും വികസനവും അഭിവൃദ്ധി പ്രാപിച്ചു. ലോകത്തിൻറെ പല ഭാഗങ്ങളിലും കാണുന്നതുപോലെ കേരളത്തിലും തീരങ്ങളിൽ നിന്ന് കൂടുതൽ ദൂരം പോകുമ്പോൾ വികസന സൂചകങ്ങൾ കുറയുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായി തീരങ്ങളിൽ നിന്ന് (അതിനാൽ വ്യാപാര വികസന കേന്ദ്രങ്ങളിൽ നിന്ന്) വളരെ അകലെയുള്ള പ്രദേശങ്ങളില്ല എന്ന വസ്തുത കേരളത്തിൽ നഗരവൽക്കരണത്തിൽ ഒരു മാതൃക സ്ഥാപിച്ചു.
ഈ മാതൃക ഇതുപോലെ കാണപ്പെടുന്നു:കേരളത്തിലെ അടുത്ത വലിയ നഗരം കണ്ടെത്താൻ നിങ്ങൾ വളരെ ദൂരം പോകേണ്ടതില്ലചെറിയ പട്ടണങ്ങളും നഗരങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്നുഒരു നിരീക്ഷകൻറെ കണ്ണിൽ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിലനിൽക്കുന്നതുപോലെ കേരളത്തിൽ ഗ്രാമീണ-നഗര വൈരുദ്ധ്യമില്ല
ഈ ഗ്രാമീണ-നഗര വ്യത്യാസങ്ങളില്ലാത്തതിനെ പലപ്പോഴും ഗ്രാമീണ-നഗര തുടർച്ച അല്ലെങ്കിൽ 'റൂർബനൈസേഷൻ' എന്ന് വിളിക്കുന്നു. റൂർബനൈസേഷൻ സംസ്ഥാനത്തുടനീളം മികച്ച അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭിക്കുന്ന ഒരു മനുഷ്യവാസത്തിന് കാരണമായി.
കേരളത്തിലെ ഗ്രാമങ്ങളിലെ തൊഴിൽ രീതികളും ഇതിൽ ഒരു ഘടകമാണ്. ഇന്ത്യയിലെ മറ്റ് ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ ധാരാളം ഗ്രാമീണർ കാർഷികേതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ കൂട്ടങ്ങളായിരിക്കുന്നതിനുപകരം ചിതറിക്കിടക്കുന്ന വീടുകളുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അത്തരം ചിതറലിനെ സഹായിച്ചിട്ടുണ്ട്, വാസസ്ഥലങ്ങൾക്കൊപ്പം സൗകര്യങ്ങളും ചിതറിക്കിടക്കുന്നു.
എന്നാൽ അടുത്തിടെ, കേരളം നഗരവൽക്കരിക്കപ്പെടുന്ന നിരക്ക് വർദ്ധിക്കുകയാണ്. ഇത് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു.
ദ്രുതഗതിയിലുള്ള നഗരവൽക്കരണ നിരക്ക്
നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള നിരക്ക് പരസ്പരബന്ധിതമായ നിരവധി ഘടകങ്ങൾക്ക് കാരണമാകാം.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളം തൃതീയമേഖലയിൽ സ്ഥിരമായ വളർച്ച കൈവരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ജി. എസ്. ഡി. പി. യിലേക്കുള്ള തൃതീയമേഖലയുടെ സംഭാവന 1960കളിൽ 28% ആയിരുന്നതിൽ നിന്ന് ഇന്ന് 62% ആയി ഇരട്ടിയായി. ഇത് കൂടുതൽ ആളുകളെ ജോലി തേടി നഗരപ്രദേശങ്ങളിലേക്ക് ആകർഷിച്ചു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ വികസനം കൃഷി, ഉൽപ്പാദനവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് സേവനമേഖലയിലെ ജോലികളിലേക്ക് ഈ മാറ്റം വരുത്താൻ ആളുകളെ പ്രാപ്തരാക്കി.
ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിൻറെ വെല്ലുവിളികൾ
ഒന്നാമതായി, കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് നീങ്ങുമ്പോൾ, അത് നഗരങ്ങളിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. കൂടുതൽ ആളുകൾക്ക് താമസിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ, ആളുകൾ വീടുകളിലും ചേരികളിലും തിങ്ങിക്കൂടുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് വരുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ ഇത് ഇതിനകം തന്നെ കാണപ്പെടുന്നുണ്ട്. നഗരങ്ങൾ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. കൂടാതെ, നഗരങ്ങളിലെ ഉയർന്ന ജനസംഖ്യ ദുരന്തസമയത്ത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും പാർപ്പിടം, ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലും, ദുരന്ത നിവാരണ സംവിധാനങ്ങളിലും ഇത് സംസ്ഥാന സർക്കാരിന് വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
രണ്ടാമതായി, തൊഴിലവസരങ്ങൾ സൃഷ്ടിക്കപെടുന്നതും നഗരവൽക്കരണവും എല്ലായ്പ്പോഴും ഒരുമിച്ച് സംഭവിക്കണമെന്നില്ല. കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് മാറുമ്പോൾ, നഗര ജോലികളിൽ നിന്നുള്ള ശമ്പളം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് അനുസൃതമായിരിക്കണമെന്നില്ല. കുറഞ്ഞ ശമ്പളമുള്ള നഗര ജോലികൾ കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം കൂടുതൽ വർദ്ധിപ്പിക്കും. വീടിനടുത്ത് അവസരങ്ങൾ ലഭ്യമാണെങ്കിൽ അവിടെ തന്നെ തുടരാൻ താൽപ്പര്യപ്പെടുന്ന ആളുകളായിരിക്കണം ഇവർ. ഈ സാഹചര്യത്തിൽ, നഗരവൽക്കരണത്തോടൊപ്പം സാമ്പത്തിക വളർച്ചയും തൊഴിൽ വളർച്ചയും കേരളം ഉറപ്പാക്കേണ്ടതുണ്ട്.
മൂന്നാമതായി, നമ്മുടെ നഗരഭരണ സംവിധാനങ്ങളുടെ നിലവാരം കുറവാണ്. പൗരന്മാരുടെ പ്രാദേശിക ആവശ്യങ്ങളോട് സർക്കാർ കൂടുതൽ പ്രതികരിക്കുക എന്നതായിരുന്നു നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് പിന്നിലെ യുക്തി. എന്നാൽ വാസ്തവത്തിൽ, പ്രാദേശിക സർക്കാരുകൾക്ക് പദ്ധതികൾ നടപ്പാക്കുന്നതിൽ പലപ്പോഴും സ്വയംഭരണാധികാരമില്ല. കൂടാതെ, കാര്യക്ഷമമല്ലാത്ത മാനവ വിഭവശേഷിയും, അപര്യാപ്തമായ സാമ്പത്തികശേഷിയും പ്രശ്നങ്ങളാണ്. കേരളത്തിൽ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഫണ്ടില്ല. അവർ ഫണ്ടിനായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ ആശ്രയിക്കുന്നു. അവർക്ക് ലഭിക്കുന്ന ഫണ്ടുകൾ വികസന പ്രവർത്തനങ്ങൾക്ക് പകരം ജീവനക്കാരുടെ ശമ്പളത്തിനായി മാത്രമേ തികയുന്നുള്ളു. ഈ സാഹചര്യത്തിൽ, ഗതാഗതം മുതൽ മാലിന്യ സംസ്കരണം വരെ എന്ത് പ്രശ്നം നേരിടേണ്ടി വരുമ്പോളും അവർ സംസ്ഥാന/കേന്ദ്ര സർക്കാരുകളുടെ സഹായം തേടുന്നു.
മെച്ചപ്പെട്ട ഭാവിയിലേക്ക്
കേരളം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണ്. അടുത്ത ദശകത്തിൽ തന്നെ സംസ്ഥാനം ഏതാണ്ട് പൂർണ്ണമായും നഗരവൽക്കരിക്കപ്പെടും. ഇത് സ്വാഭാവികമായും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ, മെച്ചപ്പെട്ട ജീവിതശൈലി തുടങ്ങിയ ധാരാളം നേട്ടങ്ങളും കൊണ്ടുവരും. എന്നാൽ വെല്ലുവിളികളും സമാനമായി കൂടാനിടയുണ്ട്.
മെച്ചപ്പെട്ട പ്രാദേശിക ഭരണത്തിലും നഗരാസൂത്രണത്തിലും നിക്ഷേപം നടത്തി ഭാവിക്കായി തയ്യാറെടുക്കേണ്ടത് കേരളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. സംസ്ഥാനവും, നഗരഭരണ സംവിധാനങ്ങളും ഇതിനായി നവീകരിക്കേണ്ടതുണ്ട്. കാര്യക്ഷമതയുള്ള ജീവനക്കാരുടെ പിന്തുണയും സ്ഥിരമായ ഫണ്ട് ലഭിക്കുന്ന സംവിധാനവുമുള്ള സ്വതന്ത്രരായ മേയർമാരെ നമുക്ക് ആവശ്യമുണ്ട്. ഇതിലൂടെ മാത്രമേ നഗരവൽക്കരണത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കേരളത്തിന് കഴിയുകയുള്ളു.






