സംരംഭകത്വ വികസനത്തിൻറെ സർക്കാർ മാതൃക തെറ്റാണ്
സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള സർക്കാർ മാതൃക എവിടെ പരാജയപ്പെടുന്നുവെന്നു ചർച്ച ചെയ്യുകയും അതിനുള്ള ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു
ഞങ്ങൾ, നയനീതി പോളിസി കളക്ടീവ്, ഏകദേശം രണ്ട് വർഷമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ കാലയളവിൽ, ഞങ്ങൾ നിരവധി സാമൂഹിക പദ്ധതികളുടെ ഭാഗമായിട്ടുണ്ട്. നമ്മൾ ഈ മേഖലയിൽ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു ആശയം 'സംരംഭകത്വം' അല്ലെങ്കിൽ 'സംരംഭകത്വ വികസനം' ആണ്.
ഈ ലേഖനത്തിലൂടെ, സംരംഭകത്വം എന്നതിൻറെ അർത്ഥമെന്താണെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയും സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള സർക്കാരുകളുടെ തന്ത്രം എന്തുകൊണ്ടാണ് പ്രയോഗികമല്ലാത്തതെന്നും ചർച്ച ചെയ്യുന്നു. സംരംഭകത്വത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ചില സ്ഥാപിത വഴികളെ ഞങ്ങൾ വെല്ലുവിളിക്കുകയും അതിനെ വീക്ഷിക്കുന്നതിനുള്ള ബദൽ വഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
പരാജയപ്പെടാനുള്ള സ്വാതന്ത്ര്യം
ഞങ്ങളുടെ പ്രവർത്തനത്തിൽ പലപ്പോഴായി സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്. മിക്കവാറും എല്ലാ വിദ്യാർത്ഥികൾക്കും ഒരു സംരംഭകത്വ ആശയമുണ്ട്. എന്നാൽ അവരിൽ കുറച്ചുപേർ മാത്രമേ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുള്ളു. പരാജയത്തെക്കുറിച്ചുള്ള ഭയമാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത് അസാധാരണമല്ല. പരാജയത്തെക്കുറിച്ചുള്ള ഭയം ആളുകളെ ബിസിനസ്സ് ആരംഭിക്കുന്നതിൽ നിന്ന് തടയുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നായി പഠനങ്ങൾ കാണുന്നു.
എന്നാൽ അത്തരം ഭയത്തെ മറികടന്ന് തങ്ങളുടെ ആശയത്തെ ഒരു ബിസിനസ്സാക്കി മാറ്റാനുള്ള ‘റിസ്ക്’ എടുക്കുന്ന ചുരുക്കം ചില ആളുകളാണ് സംരംഭകരായി വിജയിക്കുന്നത്. ഈ ഭയത്തെ മറികടക്കാൻ അനുവദിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. സംരംഭകരുടെ വ്യക്തിത്വ സവിശേഷതകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു (ഇതിനെക്കുറിച്ച് കൂടുതൽ പിന്നീട് പങ്കുവെക്കുന്നു). സംരംഭകരുടെ കൈവശമുള്ള ആശയത്തിൻറെ ഗുണനിലവാരവും, സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും സമ്പദ് വ്യവസ്ഥ നൽകുന്ന സ്വാതന്ത്ര്യവും ഇവിടെ ഒരുപോലെ പ്രധാനമാണ്.
സമ്പദ് വ്യവസ്ഥ പലവിധത്തിൽ നമുക്ക് സ്വതന്ത്രമാകാം. ഒന്നാമതായി, സംരംഭകർക്ക് ലളിതമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാം - ലഘൂകരിച്ച അനുമതികൾ, കുറഞ്ഞ നികുതികൾ, എളുപ്പത്തിലുള്ള മാനദണ്ഡങ്ങൾ എന്നിവ സൃഷ്ടിക്കുകയാണ് ഇതിൽ പ്രധാനം. രണ്ടാമതായി, സംരംഭം പരാജയപ്പെടുന്ന പക്ഷം സമ്പദ് വ്യവസ്ഥ സംരംഭകന് ബദൽ അവസരങ്ങൾ നൽകണം. ഇങ്ങനെ നോക്കുമ്പോൾ, പരാജയം സംരംഭകൻറെ തോൽവി അല്ല.
സൃഷ്ടിപരമായ നാശം
പരാജയപ്പെട്ട ഒരു സംരംഭകൻ അവരുടെ ഉൽപ്പന്നം അല്ലെങ്കിൽ ആശയം വിപണി വിലമതിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു. ഇത് ഒന്നുകിൽ ഉൽപ്പന്നം മെച്ചപ്പെടുത്താനും, ബിസിനസ്സ് മോഡലുകൾ മാറ്റാനും, പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യാനും, അതുമല്ലെങ്കിൽ സംരംഭം ഉപേക്ഷിച്ച് ബദൽ വഴികൾ തേടാനും സംരംഭകനെ പ്രേരിപ്പിക്കുന്നു.
ഇന്ന് വിജയിച്ച് നിൽക്കുന്ന സംരംഭകർക്കും ബിസിനസുകൾക്കും ഇത് സംഭവിക്കാം. ഒരിക്കൽ വിജയകരമായിരുന്ന നിരവധി ബിസിനസുകൾ നഷ്ടത്തിലാവുന്നത് നമ്മൾ കാണുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് ഷുംപീറ്റർ ഈ പ്രക്രിയയെ 'ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ' അഥവാ സൃഷ്ടിപരമായ നാശം എന്ന് വിളിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, പ്രവർത്തനരഹിതവും കാര്യക്ഷമമല്ലാത്തതുമായ സ്ഥാപനങ്ങളെ തടസ്സമില്ലാതെ നശിപ്പിക്കാൻ സമ്പദ് വ്യവസ്ഥ അനുവദിക്കുകയും പുതിയതും കൂടുതൽ ഫലപ്രദവുമായ സ്ഥാപനങ്ങൾക്ക് വഴിയൊരുക്കുകയും വേണം.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താവ് പ്രതീക്ഷിക്കുന്നത്ര മികച്ചതല്ലാത്തതിനാൽ അവ പരാജയപ്പെടുന്നത് ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയുടെ അടയാളമാണ്.
എന്നാൽ നിർഭാഗ്യവശാൽ, സാമൂഹികമേഖലയിൽ പങ്കെടുക്കുന്നവർ, പ്രധാനമായും സർക്കാർ, സംരംഭകരെ കൃത്രിമമായി പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സാമൂഹിക സംവിധാനങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണയിൽ നിന്നാണ് ഈ നല്ല ഉദ്ദേശ്യത്തോടെയുള്ള ശ്രമങ്ങൾ വരുന്നത്.
സോഷ്യൽ എഞ്ചിനീയറിംഗിൻറെ പരിമിതികൾ
സാമൂഹിക സംവിധാനങ്ങൾ ഭൗതികമായ സംവിധാനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഒരു കാർ തകരാറിലാകുമ്പോൾ, നിങ്ങൾക്ക് അത് വീണ്ടും പ്രവർത്തനക്ഷമമായ രൂപത്തിലേക്ക് എഞ്ചിനീയറിംഗ് ചെയ്യാം. നിങ്ങൾക്ക് തിരിക്കാൻ കഴിയുന്ന സ്ക്രൂ, നിങ്ങൾക്ക് പ്ലഗ് ചെയ്യാൻ കഴിയുന്ന വയറുകൾ, നിങ്ങൾക്ക് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന മെക്കാനിക്കൽ ഭാഗങ്ങൾ, എന്നിവ ഭൗതികമായ സംവിധാനങ്ങളിലുണ്ട്. എന്നാൽ സാമൂഹിക സംവിധാനങ്ങൾക്ക് ഈ മാർഗ്ഗങ്ങളില്ല. മാത്രമല്ല, സാമൂഹിക സംവിധാനങ്ങൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു.
ഉദാഹരണത്തിന് നിങ്ങൾ ഒരു ഗ്രാമത്തിലെ 100 സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുമ്പോൾ, 100 വൈദഗ്ധ്യമുള്ള സ്ത്രീകൾ മാത്രമല്ല ഗ്രാമത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നത്. ക്ലാസുകൾ അവസാനിക്കുമ്പോൾ സ്ത്രീകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ വർദ്ധിക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാവുമ്പോൾ വീട്ടിലെ അവരുടെ പെരുമാറ്റം മാറിയേക്കാം. പുതുതായി വൈദഗ്ധ്യമുള്ള സ്ത്രീകൾ തങ്ങളുടെ ജോലി കൊണ്ടുപോകുമെന്ന് ഭയപ്പെടുന്നതിനാൽ ഗ്രാമത്തിലെ ഇതിനകം വൈദഗ്ധ്യമുള്ള ആളുകൾ മുൻകരുതലുകൾ എടുക്കാൻ തുടങ്ങിയേക്കാം. ഇങ്ങനെ പലതരത്തിലുള്ള സാഹചര്യങ്ങൾ സമൂഹത്തിലെ ചെറിയ മാറ്റങ്ങൾ മൂലം ഉണ്ടാവുന്നു. ഇതിൻറെ അടിസ്ഥാന ആശയം എന്തെന്നാൽ നിങ്ങൾ സാമൂഹിക സംവിധാനങ്ങളെ സ്പർശിക്കുന്ന നിമിഷം, അത് നിങ്ങൾ മുമ്പ് സ്പർശിച്ച സംവിധാനമല്ല, അതിന് വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ റോബർട്ട് ലൂക്കാസ് പൊതു നയത്തിൻറെ പശ്ചാത്തലത്തിൽ സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു:
"നയങ്ങൾ മാറുമ്പോൾ മുൻകാലങ്ങളിൽ നിങ്ങൾ കാണുന്ന സാഹചര്യങ്ങൾ അതേപടി തുടരുമെന്ന് നിങ്ങൾ അനുമാനിക്കരുത് - കാരണം ആളുകളുടെ പ്രതീക്ഷകളും, തന്ത്രങ്ങളും പുതിയ നയവുമായി പൊരുത്തപ്പെട്ട് മാറുന്നു".
സാമൂഹിക സംവിധാനങ്ങളുടെ സ്വഭാവം കാരണം, നിങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങൾ നേടുന്നതിനായി അവയെ രൂപകൽപ്പന ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആണ്. സംരംഭകത്വ പദ്ധതികളുടെ കാര്യത്തിലും സോഷ്യൽ എഞ്ചിനീയറിംഗിൻറെ പരിധികൾ ബാധകമാണ്. കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം നമ്മൾക്ക് കൃത്രിമമായി ഉണ്ടാക്കാനാവുമോ? ചരിത്രവും സാമാന്യബുദ്ധിയും ഇല്ല എന്ന് പറയുന്നു.
സംരംഭകത്വം പ്രചോദിപ്പിക്കുന്നതിനുള്ള തെറ്റായ തന്ത്രം
ഇന്ത്യയ്ക്ക് കൂടുതൽ സംരംഭകരെ ആവശ്യമാണെന്നത് ശരിയാണ്. രാജ്യത്തിൽ തൊഴിൽ തേടുന്നവരുടെ എണ്ണവും ലഭ്യമായ തൊഴിലുകളുടെ എണ്ണവും തമ്മിൽ ഗണ്യമായ അന്തരമുണ്ട്. ഇത് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ആരംഭിക്കാൻ സർക്കാരുകളെ പ്രേരിപ്പിച്ചു. എന്നാൽ സർക്കാർ ഇത് എങ്ങനെ നടപ്പാക്കുന്നു എന്നതിലാണ് പ്രശ്നം.
ഉദാഹരണത്തിന്, കേരള സർക്കാരിന് 2022-23 ൽ ആരംഭിച്ച 'ഇയർ ഓഫ് എൻറർപ്രൈസസ്' എന്ന പദ്ധതി ഉണ്ട്. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കുറഞ്ഞത് 1,00,000 സംരംഭങ്ങളെങ്കിലും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രൂപീകരിച്ച സംരംഭങ്ങളുടെ എണ്ണത്തെക്കുറിച്ച് സർക്കാർ ഉന്നയിച്ച അവകാശവാദങ്ങൾ വിലയിരുത്തുന്ന പഠനങ്ങൾ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, പദ്ധതിക്ക് പിന്നിലെ യുക്തി നോക്കുന്നത് മൂല്യവത്തായിരിക്കും.
സംരംഭങ്ങൾ എങ്ങനെയാണ് സർക്കാർ സ്ഥാപിക്കുന്നത്? 'ഇയർ ഓഫ് എൻറർപ്രൈസസ്' പദ്ധതിയുടെ ആദ്യ പതിപ്പിൽ, കേരളത്തിലെ ഓരോ ജില്ലാ വ്യവസായ കേന്ദ്രത്തിനും (ഡി.ഐ.സി) അവർ 'സ്ഥാപിക്കേണ്ട' സംരംഭങ്ങളുടെ എണ്ണത്തിൽ ലക്ഷ്യങ്ങൾ നൽകിയിരുന്നു. പലപ്പോഴും സംഭവിക്കുന്നത് ഒരു സംരംഭകത്വം ആരംഭിക്കാനായി ചില വായ്പകളോ ഗ്രാൻറുകളോ നൽകുകയും, അതിന് ശേഷം അവയെ ശ്രദ്ധിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. ചിലപ്പോൾ ഡി.ഐ.സി.കൾ കഴിയുന്നത്ര ആളുകളെ ആകർഷിക്കുന്നതിനായി കുറഞ്ഞ പലിശയുള്ള വായ്പയെ മുൻനിർത്തി ക്യാമ്പയിൻ ചെയ്യുന്നു. ഇത് നിശ്ചയിച്ച ലക്ഷ്യം നിറവേറ്റാൻ സഹായിക്കും, പക്ഷേ ഇങ്ങനെ ഉണ്ടാവുന്ന സംരംഭങ്ങൾ വിജയിക്കുമോ?
സർക്കാരിനെപ്പോലുള്ള സ്ഥാപനങ്ങൾ അവരുടെ ഫണ്ടുകളിലൂടെ സ്ഥാപിതമായ ഈ സംരംഭങ്ങളിൽ ഭൂരിഭാഗവും ഒടുവിൽ പരാജയപ്പെടുന്നു. അഭിജിത് ബാനർജിയും, എസ്ഥേർ ഡുഫ്ലോയും ഹൈദരാബാദിൽ നടത്തിയ ഒരു പഠനത്തിൽ മൈക്രോ ക്രെഡിറ്റ് സ്ഥാപങ്ങൾ ആരംഭിച്ച 55% ബിസിനസ്സുകളും 18 മാസത്തിനുള്ളിൽ അടച്ചുപൂട്ടിയതായി കണ്ടെത്തി.
കുടുംബശ്രീ സ്ത്രീകൾക്കിടയിൽ ആരംഭിച്ച സംരംഭങ്ങളിൽ പലതും പ്രാരംഭ വർഷങ്ങൾക്ക് ശേഷം പരാജയപ്പെടുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു (പഠനങ്ങൾ 1,2,3). മാർക്കറ്റ് ലിങ്കേജുകളുടെ അഭാവം, കുറഞ്ഞ പ്രാദേശിക ആവശ്യം, വൈവിധ്യവൽക്കരണത്തിൻറെ അഭാവം, മോശം മാർക്കറ്റിംഗ് എന്നിവയാണ് അവരുടെ പരാജയത്തിനുള്ള കാരണങ്ങൾ - ഇവയെല്ലാം പ്രധാനമായും ബിസിനസ്സ് ആശയം പ്രായോഗികമല്ലാത്തതിൻറെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളിലൂടെയും സബ്സിഡികളിലൂടെയും സർക്കാരുകൾ സംരംഭങ്ങളെ കൃത്രിമമായി പലപ്പോഴും നിലനിർത്തുന്നു.
ഈ സംരംഭകത്വ വികസന മാതൃകയുടെ വിശ്വാസം വായ്പകൾ കൊണ്ടും സബ്സിഡികൾ കൊണ്ടും ഒരു സുസ്ഥിര ബിസിനസ് മോഡൽ കൊണ്ടുവരാൻ കഴിയും എന്നതാണ്. എന്നാൽ ഇത് ശരിയല്ല. കാരണം സംരംഭകത്വം അടിസ്ഥാനപരമായി സംരംഭകരെ ആശ്രയിച്ചിരിക്കുന്നു, ഫണ്ടുകൾക്ക് ഇത് കഴിഞ്ഞ് മാത്രമേ പ്രാധാന്യമുള്ളൂ.
സംരംഭകത്വം സംരംഭകനെ ആശ്രയിച്ചുള്ളതാണ്
സാമൂഹിക മേഖലയിൽ പ്രവർത്തിച്ചതിൻറെ അനുഭവത്തിൽ, പരാജയപ്പെട്ട നിരവധി സംരംഭകത്വങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ വിജയിച്ച ചുരുക്കം ചിലർ ഞങ്ങളെ ആശ്ചര്യപെടുത്തിയിട്ടുണ്ട്. വിജയകരമായ എല്ലാ സംരംഭങ്ങളുടെയും പൊതുവായ അംശം അവയുടെ പിന്നിലുള്ള വ്യക്തിയായിരുന്നു.
സംരംഭകരാണ് അവരുടെ പുതുമ, സർഗ്ഗാത്മകത, ഏറ്റവും പ്രധാനമായി, പ്രതിരോധശേഷി എന്നിവ കൊണ്ടുവരുന്നത്. അവർ പരാജയങ്ങളിൽ നിന്ന് പഠിക്കുന്നു. പരിഹാരങ്ങൾ തേടി പുതിയ വഴികളിലൂടെ പോവാൻ അവർ തയ്യാറാണ്. അവരെ നിരീക്ഷിക്കുമ്പോൾ, ഈ ആളുകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംരംഭകരായിരിക്കുമെന്ന ബോദ്ധ്യം നമുക്കുണ്ടാവുന്നു. അതെ, ഫണ്ടുകൾ സഹായിച്ചു. അതെ, പരിശീലനം അവരെ പ്രോത്സാഹിപ്പിച്ചു. എന്നാൽ അവരുടെ വ്യക്തിത്വവും മനോഭാവവുമാണ് വിപണികളുടെ ക്രൂരമായ പ്രവാഹങ്ങളെ അതിജീവിക്കാൻ അവരെ സഹായിക്കുന്നത്.
സംരംഭകത്വ പദ്ധതികളും ധനസഹായവും നല്ല ഉദ്ദേശ്യത്തോടെയുള്ളതാണ്. എന്നാൽ ഈ ഫണ്ടുകൾ വിജയകരമായ സംരംഭകത്വത്തിന് ഉറപ്പുനൽകുന്നില്ലെന്ന് മനസ്സിലാക്കണം.
പരാജയപ്പെടാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകുന്ന, അതിനാൽ ശ്രമിക്കാനുള്ള ധൈര്യം നൽകുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് നമുക്ക് ആദ്യമായി വേണ്ടത്. സംരംഭകത്വങ്ങൾ കെട്ടിപ്പടുക്കുന്നതിനായി സർക്കാർ പണം പാഴാക്കരുത്, പകരം സംരംഭകരെ വളർത്തുന്നതിനായി ചെലവഴിക്കണം. ഇതിന് മെച്ചപ്പെട്ട ബിസിനസുകളും ഏറ്റവും പ്രധാനമായി സംരംഭകത്വ സംസ്കാരവും കെട്ടിപ്പടുക്കാൻ കഴിയും.
ഒരുപക്ഷേ സംരംഭകരെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗ്ഗം സ്കൂൾ തലത്തിൽ തന്നെ ഒരു സംരംഭക മനോഭാവം കെട്ടിപ്പടുക്കുന്നതിന് പരിശീലനം നൽകുക എന്നതാണ്. കാരണം നമ്മൾ ശ്രമിക്കേണ്ടത് സംരംഭകരെ വികസിപ്പിക്കാനാണ്, മറിച്ച് സംരംഭങ്ങളെയല്ല!