കൊല്ലത്തെ ഓൺ കോർട്സ് സംവിധാനം മനസ്സിലാക്കുന്നു
ഓൺ കോർട്സ് സംവിധാനത്തെക്കുറിച്ചുള്ള ഒരു ധാരണാ പഠനത്തിൽ നിന്നും അത് നീതിന്യായ വ്യവസ്ഥയ്ക്ക് എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയുന്നു
ഒരു രാജ്യത്തിൻറെ സുപ്രധാന ഘടകങ്ങളാണ് അതിൻറെ സ്ഥാപനങ്ങൾ. സാമ്പത്തിക ശാസ്ത്രജ്ഞരായ ഡാരോൺ അസെമോഗ്ലുവും, ജെയിംസ് റോബിൻസണും അവരുടെ 'വൈ നേഷൻസ് ഫെയിൽ' എന്ന പുസ്തകത്തിൽ, സ്ഥാപനങ്ങളാണ് രാജ്യങ്ങളുടെ വിജയവും പരാജയവും നിർണ്ണയിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നു. ശക്തിയുള്ളതും എല്ലാവരെയും ഉൾപ്പെടുത്തുന്നതുമായ സ്ഥാപനങ്ങൾ ഒരു രാജ്യത്തിൻറെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിൻറെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നു.
ഒരു രാജ്യത്തിൻറെ രാഷ്ട്രീയ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് ജുഡീഷ്യറി. വലിയ ഭാഗം വിചാരണാ തടവുകാരും, ജഡ്ജിമാരുടെ കുറവും, മോശം അടിസ്ഥാന സൗകര്യങ്ങളും, ഭരണപരമായ സ്തംഭനങ്ങളും ഉള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നീതി നടപ്പാക്കുന്നതിൽ മന്ദഗതിയിലാണെന്ന് വിമർശിക്കപ്പെടുന്നു.
അത്തരം സാഹചര്യങ്ങളിൽ, കൊല്ലം ജില്ലാ കോടതിയിലെ പുക്കാറിൻറെ 24x7 ഓൺ കോർട്സ് സംവിധാനം നൂതനവും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. ക്ലറിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകളുടെ ഡിജിറ്റലൈസേഷനിലൂടെ പരമ്പരാഗത കോടതി സംവിധാനത്തിൻറെ ഭരണപരമായ തടസ്സങ്ങൾ കുറയ്ക്കുക എന്നതാണ് ഓൺ കോർട്സ് ലക്ഷ്യമിടുന്നത്. നിയമ നടപടികളിൽ പ്രവേശനക്ഷമത, കാര്യക്ഷമത, സുതാര്യത എന്നിവ വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഞങ്ങൾ, നയനീതി പോളിസി കളക്ടീവ്, ഈ പുതിയ സംവിധാനം അനുഭവിച്ച അഭിഭാഷകരും കേസിലെ കക്ഷികളുമായി ഒരു പഠനം നടത്തി. ഇത് ഓൺ കോർട്സ് സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ നൽകി. ജുഡീഷ്യറി (കേരള ഹൈക്കോടതിയും കൊല്ലം ജില്ലാ കോടതിയും) സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് അസാധാരണമാണെങ്കിലും, ഉപയോക്താക്കളുടെ പ്രതികരണം സൂചിപ്പിക്കുന്നത് ഇത് ആവശ്യമായ ഒരു ഇടപെടലായിരുന്നു എന്നാണ്.
ഈ ലേഖനത്തിൽ, ഞങ്ങൾ ഓൺ കോർട്സ് സംവിധാനം പരിശോധിക്കുകയും, ഞങ്ങളുടെ പഠനത്തിൽ നിന്നുള്ള അറിവുകൾ പങ്കിടുകയും ചെയ്യുന്നു.
ഓൺ കോർട്സ് സംവിധാനം
കോടതി സംവിധാനത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഒരു വേദിയാണ് 24x7 ഓൺ കോർട്സ്. ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയിൽ, സെക്ഷൻ 138 (ചെക്ക് ബൌൺസ്) കേസുകൾക്കായി കൊല്ലം ജില്ലാ കോടതിയിൽ ഈ പദ്ധതി ആരംഭിച്ചു.
പരമ്പരാഗത കോടതി സംവിധാനത്തിൽ, കക്ഷി അവരുടെ അഭിഭാഷകൻ വഴി അവരുടെ കേസ് ഔപചാരികമായി അവതരിപ്പിക്കുന്നു. ഇതിന് കേസിൻറെ ഫയലിംഗ്, രേഖ സമർപ്പിക്കൽ, കോടതി ഫീസ് അടയ്ക്കൽ എന്നിവ ആവശ്യമാണ്. ഇതിന് ശേഷം, കോടതി കേസ് സൂക്ഷ്മപരിശോധന നടത്തുകയും നൽകിയ വിശദാംശങ്ങൾ തൃപ്തികരമാണെങ്കിൽ സമൻസ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. രേഖകൾ ഉണ്ടാക്കുന്നതും, സൂക്ഷ്മപരിശോധനയും കാരണം ഈ നടപടികൾ വളരെയധികം സമയം എടുക്കുന്നു. ഈ പ്രാരംഭ നടപടികൾക്ക് ഒന്ന് മുതൽ രണ്ട് മാസം വരെ എടുക്കുമെന്ന് അഭിഭാഷകർ പറയുന്നു. സമൻസ് പുറപ്പെടുവിച്ചതിനുശേഷവും, പ്രതി നിർദ്ദിഷ്ട തീയതിയിൽ കോടതിയിൽ ഹാജരാകാത്ത സാഹചര്യങ്ങളും സാധാരണമാണ്, ഇത് കൂടുതൽ കാലതാമസം സൃഷ്ടിക്കുന്നു.
ഇവിടെയാണ് ഓൺ കോർട്സ് ഒരു വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. ഓൺ കോർട്സ് സംവിധാനത്തിൽ കേസ് ഫയലിംഗ്, സൂക്ഷ്മപരിശോധന, സമൻസ് എന്നിവ പൂർണമായും ഓൺലൈനിലാണ് നടത്തുന്നത്. ഇത് സംവിധാനത്തിലെ കാലതാമസം ഇല്ലാതാക്കുകയും കേസ് വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, പരാതിക്കാരനോ പ്രതിയോ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നില്ല, കൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓൺലൈനിൽ കൈകാര്യം ചെയ്യാനും കഴിയും.
ഈ സാങ്കേതികമാറ്റം ജുഡീഷ്യറിയിൽ വലിയ പരിവർത്തനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജഡ്ജിമാരും അഭിഭാഷകരും നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും കേസ് നടപടികൾ വേഗത്തിലാക്കുകയും, തീർപ്പുകൽപ്പിക്കാത്ത കേസുകൾ കുറയ്ക്കുകയും ചെയ്യും. ഇത് കക്ഷികൾക്ക് കൊണ്ടുവരുന്ന സുതാര്യത സംവിധാനത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ധാരണ പഠനം
ഓൺ കോർട്സ് ഘടനയെക്കുറിച്ച് ഇത് പ്രധാനമായും ഉപയോഗിക്കുന്ന അഭിഭാഷകർക്കും കക്ഷികൾക്കും എന്താണ് തോന്നുന്നതെന്ന് തിരിച്ചറിയാൻ ഞങ്ങൾ ഒരു പഠനം നടത്തി. അഭിഭാഷകർക്കിടയിലെ പൊതുവായ സ്വീകാര്യതയിലേക്കാണ് പ്രതികരണങ്ങൾ വിരൽ ചൂണ്ടുന്നത്. നിയമപരമായ നടപടിക്രമങ്ങൾക്കായി കക്ഷികൾ പ്രധാനമായും അഭിഭാഷകരെ ആശ്രയിച്ചിരുന്നുവെങ്കിലും കേസ് നടപടികൾ വേഗത്തിൽ നീങ്ങുകയാണെന്ന് കക്ഷികളും അഭിപ്രായപ്പെടുന്നു.
അടുത്ത വാദം കേൾക്കൽ, കേസിൻറെ പുരോഗതിയെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നിവ ഈ സംവിധാനം കാര്യക്ഷമമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തുവെന്ന് അഭിഭാഷകർ പറയുന്നു. അഭിഭാഷകരും കക്ഷികളും ഒരുപോലെ വിലമതിക്കുന്നത് ഓൺ കോർട്സ് ഒരുക്കുന്ന വർദ്ധിച്ച സുതാര്യതയാണെന്നും പഠനം സൂചിപ്പിക്കുന്നു.
ചുവടെയുള്ള ചാർട്ടിൽ, സാധാരണ കോടതി സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺ കോർട്സ് സംവിധാനത്തെ അഭിഭാഷകർ എങ്ങനെ വിലയിരുത്തുന്നുവെന്ന് ഞങ്ങൾ നോക്കുന്നു:
നമുക്ക് കാണാനാകുന്നതുപോലെ, ഓൺ കോർട്സ് കൊണ്ടുവന്ന മാറ്റങ്ങൾക്ക് വളരെയധികം അനുകൂല പ്രതികരണമുണ്ട്. ഒരു സർക്കാർ സ്ഥാപനത്തിൽ, അതും ജുഡീഷ്യറിയിൽ, ഓൺ കോർട്സ് ഒരു വലിയ മാറ്റമാണ്. അതിനാൽ തന്നെ പഠനം തുടങ്ങുമ്പോൾ ഞങ്ങൾ ഈ സ്വീകാര്യത പ്രവചിച്ചിരുന്നില്ല.
കക്ഷികളുടെ ഭാഗത്ത്, കേസുകൾക്കുള്ള സമയം കുറയുന്നുവെന്ന് യഥാർത്ഥ ധാരണയുണ്ടായിരുന്നു. വിവിധ കാരണങ്ങളാൽ കക്ഷികൾ ഓൺ കോർട്ട്സ് പോർട്ടലിലേക്ക് പ്രവേശിക്കുന്നില്ലെങ്കിലും കേസ് ട്രാക്കിംഗിൽ SMS സംവിധാനം ഉപയോഗപ്രദമാണെന്ന് അവർ പറയുന്നു.
അഭിഭാഷകരുടെ അഭിപ്രായത്തിൽ, സംവിധാനം പഠിക്കാനുള്ള ബുദ്ധിമുട്ടും, തുടക്കത്തിലുണ്ടായ സാങ്കേതിക തകരാറുകളുമായിരുന്നു പ്രാഥമിക വെല്ലുവിളികൾ. എന്നാൽ, അഭിഭാഷകർ ഈ സംവിധാനം കൂടുതൽ ഉപയോഗിച്ചപ്പോൾ അവരുടെ റേറ്റിംഗുകൾ കൂടുതലായിരുന്നുവെന്ന് ഞങ്ങളുടെ സർവേ വെളിപ്പെടുത്തി (ചുവടെയുള്ള ചാർട്ട് കാണുക). അഭിഭാഷകരുടെ ശരാശരി ഉപയോഗ ആവൃത്തി വർദ്ധിച്ചതോടെ അവർ ഉയർന്ന റേറ്റിംഗ് നൽകി (ഇവിടെ, 1 ഏറ്റവും ഉയർന്നതും 3 ഏറ്റവും കുറഞ്ഞ റേറ്റിംഗും).
ജുഡീഷ്യറിയുടെ പരിവർത്തനം
ജുഡീഷ്യറിയിൽ ഒരു പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിക്കുന്നതിലെ വെല്ലുവിളികൾ പഠനം വെളിപ്പെടുത്തി. പൊരുത്തപ്പെടുത്തലിൻറെ പ്രശ്നങ്ങൾ മുതൽ കോടതികളുടെ പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ വരെ അഭിഭാഷകർ അവതരിപ്പിച്ചു.
എന്നാൽ ഇന്ത്യൻ ജുഡീഷ്യറിയുടെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് ഓൺ കോർട്സ് പോലുള്ള ഇടപെടൽ ആവശ്യമാണ്. നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് അനുസരിച്ച്, ഇന്ത്യയിലുടനീളം 4.5 കോടിയിലധികം കേസുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല, അതിൽ മൂന്ന് കോടിയിലധികം കേസുകൾ ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. ഇന്ത്യൻ നീതിന്യായ റിപ്പോർട്ട് 2025 പ്രകാരം ഇന്ത്യയിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ 15.9 ജഡ്ജിമാർ മാത്രമാണ് ഉള്ളത്. 1987ൽ ഒരു ദശലക്ഷം ജനസംഖ്യയിൽ കുറഞ്ഞത് 50 ജഡ്ജിമാരെങ്കിലും വേണമെന്ന് നിയമ കമ്മീഷൻ ശുപാർശ ചെയ്ത സാഹചര്യത്തിലാണിത്.
അതിവേഗം വർദ്ധിച്ചുവരുന്ന തീർപ്പുകല്പിക്കാത്ത കേസുകൾ നേരിടുന്ന രാജ്യമായ ഇന്ത്യയിൽ ജഡ്ജിമാരുടെ ഗുരുതരമായ കുറവ് ഈ ഡാറ്റ എടുത്തുകാണിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സമയവും വൈദഗ്ധ്യവും പരമാവധി പ്രയോജനപ്പെടുത്തേണ്ട വിലമതിക്കാനാവാത്ത ഒരു വിഭവമായി ജഡ്ജിമാർ മാറുന്നു. ഇതിന് അവരുടെ ഭരണപരമായ ദൈനംദിന കാര്യങ്ങളിലുള്ള ഭാരം കുറയ്ക്കുകയും ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കുകയും വേണം. കേസുകൾ തീർപ്പാക്കുക എന്ന അവരുടെ പ്രധാന പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് അവരെ അനുവദിക്കും.
കൂടുതൽ കാര്യക്ഷമമായ ജുഡീഷ്യറി സമയബന്ധിതമായ നീതി ഉറപ്പാക്കുക മാത്രമല്ല സാമൂഹിക-സാമ്പത്തിക ഗുണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ജുഡീഷ്യൽ ശേഷിയും ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്ക് ഇത് അടിവരയിടുന്നു. മാത്രമല്ല, നീതി നിലനിർത്തുന്നതിനും ഭരണകൂടത്തിൻറെ അതിക്രമങ്ങൾക്കെതിരായ സംരക്ഷണമായി പ്രവർത്തിക്കുന്നതിനും ശക്തമായ നീതിന്യായ സംവിധാനം അനിവാര്യമാണ്. ഏതൊരു സമൂഹത്തിനും അഭിവൃദ്ധി പ്രാപിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
ഓൺ കോർട്സ് വളരണം
ജുഡീഷ്യൽ സംവിധാനത്തിനുള്ളിലെ ദീർഘകാലമായുള്ള കാര്യക്ഷമതയില്ലായ്മകൾ പരിഹരിക്കുന്നതിനുള്ള വാഗ്ദാനമാണ് ഓൺ കോർട്സ് സംരംഭം. ഇതിലെ രണ്ട് പ്രധാന പങ്കാളികൾ, അഭിഭാഷകർക്കും കക്ഷികൾക്കും, ഈ സംവിധാനത്തെക്കുറിച്ച് നല്ല അഭിപ്രായമുണ്ടെന്ന് ഞങ്ങളുടെ പഠനം തെളിയിക്കുന്നു. കൊല്ലത്തെ പൈലറ്റ് പദ്ധതി, കേരളത്തിലെയും അതിനപ്പുറത്തെയും കോടതികളിലുടനീളം വിജയകരമായി വ്യാപിപ്പിക്കുകയാണെങ്കിൽ, ഇന്ത്യൻ ജുഡീഷ്യറിയിൽ അർത്ഥവത്തായതും വളരെ ആവശ്യമായതുമായ പരിഷ്ക്കരണം കൊണ്ടുവരാൻ കഴിയും.










