എട്ട് ബില്യൺ ആളുകൾ, ഒരു മനസ്സ് - ഡിജിറ്റൽ ലോകത്തിലെ ഹേർഡ് മെൻറാലിറ്റി
ആൾക്കൂട്ട മാനസികാവസ്ഥയും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളുടെ (ഡി.സി.എൻ) ശക്തിയും വിശകലനം ചെയ്യുന്നു. ഇവ വ്യക്തിഗത ചിന്തകളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ചിന്തിക്കുന്നു.
കൈലാഷ് നാഥ് ശുക്ല എന്ന 70കാരനായ ലക്ഷ്മൺപുർ നിവാസി തൻറെ പശുവിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ തയ്യാറായപ്പോൾ, ഒരു കൂട്ടം ഗോരക്ഷാ പ്രവർത്തകർ ആക്രമിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അദ്ദേഹം ആ പശുവിനെ ഒരു മുസ്ലിമിന് വിൽക്കാൻ ശ്രമിക്കുകയാണെന്നുള്ള അഭ്യൂഹമായിരുന്നു അക്രമത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ അഭ്യർത്ഥനകൾ വകവെക്കാതെ ആൾക്കൂട്ടം അദ്ദേഹത്തെ കീഴ്പ്പെടുത്തി, മുടി മൊട്ടയടിച്ചു, മുഖത്ത് കരിപുരട്ടി, മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി ഗ്രാമത്തിലൂടെ പ്രദർശിപ്പിച്ചു നടത്തി. ഈ സംഭവം നടന്നത് 2018 ലാണ്, ഇന്ന് നമ്മുടെ രാജ്യം ഇത്തരം സംഭവങ്ങൾ ദൈനംദിനം കാണുന്നു. ആൾക്കൂട്ടത്തെക്കുറിച്ചും അവർ നടപ്പാക്കുന്ന ശിക്ഷകളെക്കുറിച്ചും, ഗ്രൂപ്പുകളെക്കുറിച്ചും അവർ പ്രചരിപ്പിക്കുന്ന വിദ്വേഷത്തെക്കുറിച്ചും, അക്രമാസക്തമായ ഉന്മാദത്തിൽ വിലസുന്ന ജനക്കൂട്ടങ്ങളെക്കുറിച്ചും നമ്മൾ നിരന്തരം കേൾക്കുന്നു.
ഈ ആൾക്കൂട്ടങ്ങളുടെ ഭാഗമാവുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അവിടെ ഉണ്ടാവുന്നുണ്ട്. വ്യക്തികൾ ആൾക്കൂട്ടങ്ങളുടെ ഭാഗമാവുമ്പോൾ കൂടുതൽ അക്രമാസക്തരാകുന്നു. അവർ കൂടുതൽ വെറുപ്പുളവാക്കുന്നവരോ, പ്രതികാരം ചെയ്യുന്നവരോ, കൊലപാതകം വരെ ചെയ്യുന്നവരോ ആയി മാറുന്നു. ഈ ലേഖനത്തിലൂടെ, ആൾക്കൂട്ടത്തെയും അവയുടെ സ്വഭാവത്തെയും അതിൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ (ഡി.സി.എൻ) വഹിക്കുന്ന പങ്കിനെയും മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
ആൾക്കൂട്ട മാനസികാവസ്ഥ (ഹേർഡ് മെൻറാലിറ്റി)
ശുക്ലയെ ആക്രമിച്ച ആൾക്കൂട്ടത്തിലെ ആളുകൾക്ക് ആ പ്രവൃത്തികൾ വ്യക്തിപരമായി ചെയ്യാനുള്ള ധൈര്യമോ ബോധ്യമോ ഉണ്ടാവുമോ? ഉണ്ടാവാൻ സാധ്യതയില്ല. ആൾക്കൂട്ട അക്രമണ സമയത്ത്, ആളുകൾ അവരുടെ വ്യക്തിത്വം ഉപേക്ഷിക്കുകയും അവർ ഭാഗമായ സംഘം വ്യത്യസ്തമായ ഒരു മാനസികാവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.
സാമൂഹിക ശാസ്ത്രജ്ഞർ ഇതിനെ "ഹേർഡ് മെൻറാലിറ്റി” അഥവാ ആൾകൂട്ട മാനസികാവസ്ഥ അല്ലെങ്കിൽ "ഗ്രൂപ്പ്-തിങ്ക്" എന്നൊക്കെ വിളിക്കുന്നു. ലളിതമായി പറഞ്ഞാൽ, അവരുടെ വ്യക്തിഗത വിശ്വാസങ്ങൾക്ക് വിരുദ്ധമായി വ്യക്തികൾ ഒരു വലിയ കൂട്ടത്തിൻറെ പ്രവർത്തനങ്ങളോടും വിശ്വാസങ്ങളോടും പൊരുത്തപ്പെടുന്ന പ്രതിഭാസത്തെയാണ് ഹേർഡ് മെൻറാലിറ്റി എന്ന് പറയുന്നത്. ഉദാഹരണത്തിന്, കോവിഡ്-19 സമയത്ത് ലോക്ക്ഡൌൺ പ്രഖ്യാപനങ്ങളെ തുടർന്നുണ്ടായ പരിഭ്രാന്തി മൂലം ആളുകൾ കൂട്ടമായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയത് ഇത്തരം ഹേർഡ് മെൻറാലിറ്റി കാരണമാണ്.
മനുഷ്യരെ പലപ്പോഴും മറ്റ് മനുഷ്യർ സ്വാധീനിക്കുന്നു. അതായത്, മറ്റുള്ളവരുടെ പ്രസ്താവനകളും പ്രവൃത്തികളും നമ്മുടെ പ്രവർത്തികൾക്ക് കാരണമാവുന്നു. ഒരു വലിയ കൂട്ടത്തിൻറെ ബോധ്യത്തിന് കീഴിൽ വ്യക്തിഗത ചിന്തകൾ അടിച്ചമർത്തപ്പെടുമ്പോൾ കാര്യങ്ങൾ പ്രശ്നകരമാകുന്നു. ചില മോശം സന്ദർഭങ്ങളിൽ, തെറ്റായ വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്നതിനും, ദോഷകരമായ പാരമ്പര്യങ്ങൾ പിന്തുടരുന്നതിനും, ശുക്ലയുടെ കാര്യത്തിലെന്നപോലെ അനാവശ്യമായ അക്രമത്തിനും ഇത് കാരണമാകുന്നു.
എന്നാൽ ഹേർഡ് മെൻറാലിറ്റി എല്ലായ്പ്പോഴും പ്രശ്നകരമല്ല. വാസ്തവത്തിൽ, ഹേർഡ് മെൻറാലിറ്റി നമ്മുടെ ഒരു പരിണാമ സ്വഭാവമാണ്. നമ്മുടെ പൂർവ്വികരെ സംബന്ധിച്ചിടത്തോളം ഹേർഡ് മെൻറാലിറ്റി എന്നാൽ അതിജീവനമായിരുന്നു. ഒരു സംഘത്തെ പിന്തുടർന്നാൽ ഭക്ഷണം, പാർപ്പിടം, സംരക്ഷണം എന്നിവ ഉറപ്പാക്കാം. ഈ ചിന്ത ഉപബോധമനസ്സിൽ ഇപ്പോഴും നമുക്കുണ്ട്. പുരോഗതി, ദേശീയത, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയിലോക്കെ ഹേർഡ് മെൻറാലിറ്റി സഹായകരമായിട്ടുണ്ട്. അതിനാൽ തന്നെ ഇതിലുള്ള പോംവഴി ഹേർഡ് മെൻറാലിറ്റി പൂർണമായും ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് അത് അന്ധമായ പ്രവണതകളിലേക്ക് നയിക്കുന്നതിനെ തിരിച്ചറിയുക എന്നതാണ്.
ഹേർഡ് മെൻറാലിറ്റിക്ക് പിന്നിലെ മാനസിക ഘടകങ്ങൾ
സൺസ്റ്റൈനും താലറും അവരുടെ 'നഡ്ജ്' എന്ന പുസ്തകത്തിൽ ഹേർഡ് മെൻറാലിറ്റിക്ക് പിന്നിലെ രണ്ട് മാനസിക ഘടകങ്ങളെ കുറിച്ച് പരാമർശിക്കുന്നു - വിവര സ്വാധീനവും (ഇൻഫർമേഷൻ ഇൻഫ്ലുവെൻസ്) സമപ്രായക്കാരുടെ സമ്മർദ്ദവും (പിയർ പ്രഷർ).
ഭൂരിപക്ഷ അഭിപ്രായം ശരിയാണെന്ന് കരുതി ആളുകൾ ഒരു കൂട്ടത്തെപ്പോലെ വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ഇൻഫർമേഷൻ ഇൻഫ്ലുവെൻസ് സംഭവിക്കുന്നു. സമൂഹത്തിലെ ഭൂരിഭാഗം പേരും ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ, മറ്റുള്ളവർ അത് ശരിയാണെന്ന് വിശ്വസിക്കുന്നു.
മറുവശത്ത്, പിയർ പ്രഷർ സാമൂഹിക സ്വീകാര്യതയുടെ ആവശ്യകതയിൽ നിന്നാണ് ഉൽഭവിക്കുന്നത്. വിമർശിക്കപ്പെടുമെന്നോ ഒഴിവാക്കപ്പെടുമെന്നോ ഭയന്ന് ആളുകൾ പലപ്പോഴും ആൾക്കൂട്ടങ്ങളുടെ വിശ്വാസങ്ങളുമായോ പെരുമാറ്റങ്ങളുമായോ പൊരുത്തപ്പെടുന്നു. വ്യക്തിപരമായി ഭൂരിപക്ഷത്തോട് വിയോജിക്കുമ്പോഴും, ആളുകൾ ഈ ചിന്തകൾ അടിച്ചമർത്തുന്നു.
എന്നാൽ കഴിഞ്ഞ ദശകത്തിൽ, സോഷ്യൽ മീഡിയ പോലുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ വന്നതോടുകൂടി ഹേർഡ് മെൻറാലിറ്റി പുതിയ മാനങ്ങൾ കൈവരിച്ചു.
ഹേർഡ് മെൻറാലിറ്റിയും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളും
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ (ഡി.സി.എൻ) എങ്ങനെ ഹേർഡ് മെൻറാലിറ്റിയെ സ്വാധീനിക്കുന്നു? സോഷ്യൽ മീഡിയ, മെസ്സേജിങ് ആപ്ലിക്കേഷനുകൾ, കണ്ടെൻറ് ഷേറിങ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഡി.സി.എൻ. അവയുടെ രൂപകൽപ്പന, അൽഗോരിതം, പ്രോത്സാഹന സംവിധാനങ്ങൾ എന്നിവയിലൂടെ അവർ ഹേർഡ് മെൻറാലിറ്റിയെ സ്വാധീനിക്കുന്നു.
മിക്കവാറും എല്ലാ ജനപ്രിയ ഡി.സി.എൻ.കളും വസ്തുതകളേക്കാൾ ജനപ്രീതിക്ക് മുൻഗണന നൽകുന്ന അൽഗോരിതങ്ങളാൽ നിർമ്മിച്ചതാണ്. ഏറ്റവും കൂടുതൽ ഇടപഴകൽ ലഭിക്കുന്ന ആശയങ്ങൾ വർദ്ധിപ്പിക്കുകയും, ജനപ്രീതി കുറഞ്ഞ ആശയങ്ങൾ പിന്നോട്ടേക് മങ്ങുകയും ചെയ്യുന്ന ഒരു ‘ബാൻഡ് വാഗൺ’ പ്രഭാവം അവ സൃഷ്ടിക്കുന്നു. ‘എക്കോ ചേമ്പേഴ്സ് ഓൺ സോഷ്യൽ മീഡിയ: എ കംപാരറ്റീവ് അനാലിസിസ്’ എന്ന തലക്കെട്ടിലുള്ള പഠനം ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള നൂറു കോടിയിലധികം കണ്ടെൻറ് ഇതിനായി വിശകലനം ചെയ്യുകയുണ്ടായി. സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി മാത്രം ഇടപഴകാനാവുന്ന, വ്യക്തികളുടെ നിലവിലുള്ള വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്ന എക്കോ ചേമ്പറുകൾ ഡി.സി.എൻ. സൃഷ്ടിക്കുന്നുവെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.
ആളുകൾ സ്വാഭാവികമായും അംഗീകാരവും മൂല്യനിർണ്ണയവും തേടുകയും ഡി.സി.എൻ ഈ പ്രവണത ചൂഷണം ചെയ്യുകയും ചെയ്യുന്നു. ലൈക്കുകൾ, ഷെയറുകൾ, കമൻറുകൾ എന്നിവയെല്ലാം ഇതിനുള്ള ഉപാധികളായി വർത്തിക്കുന്നു. അതിനാൽ, വൈറൽ അഭിപ്രായങ്ങൾ ശരിയായിരിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഭൂരിഭാഗത്തിന് എതിരായി നിൽക്കുവാൻ ആരും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടുതന്നെ വസ്തുത പരിശോധിക്കാതെ ഭൂരിപക്ഷത്തോട് യോജിക്കാനും പ്രബലമായ ആശയങ്ങൾ സ്വീകരിക്കാനും സമ്മർദ്ദമേറുന്നു. ഇത്തരമൊരു സംഭവത്തിൽ, "ബ്ലാക്ക് ലൈവ്സ് മാറ്റർ" എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ഏകദേശം 700,000 ഫോളോവേഴ്സിനെ നേടുകയും 1,00,000 ഡോളറിലധികം സംഭാവനകൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ ആ പേജ് വ്യാജമാണെന്നും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനവുമായി ബന്ധമില്ലെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി.
ഈ രീതിയിൽ, ഡി.സി.എൻ. ആളുകളെ അഭിപ്രായങ്ങൾ വിശകലനം ചെയ്യുകയോ, ചോദ്യം ചെയ്യുകയോ, രൂപപ്പെടുത്തുകയോ ചെയ്യാത്ത നിഷ്ക്രിയ ഉപഭോക്താക്കളായി മാറ്റുന്നു. അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നതിനുപകരം അവർ രണ്ടാമതൊരു ചിന്തയില്ലാതെ ആൾക്കൂട്ട പ്രവണതകൾ പിന്തുടരുകയും ജനകീയ അഭിപ്രായങ്ങൾ സ്വന്തമെന്നപോലെ സ്വീകരിക്കുകയും ചെയ്യുന്നു.
എന്നാൽ ഡി.സി.എൻ. മൂലം ഹേർഡ് മെൻറാലിറ്റി നന്മയ്ക്കായി ഉപയോഗപ്പെടുത്താനും കഴിയും. ഉദാഹരണത്തിന്, ദുരന്തസമയത്ത് പ്രധാനപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഡി.സി.എൻ. നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും, ജീവകാരുണ്യ സംരംഭങ്ങൾക്കായി ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ടൈം മാഗസിൻ പറയുന്നതനുസരിച്ച്, ഗോഫണ്ട്മീ എന്ന ഫണ്ടിംഗ് സ്ഥാപനം 12,000-ലധികം സജീവ കാമ്പെയ്നുകളിൽ നിന്നും 77 മില്യൺ ഡോളർ ഇസ്രായേൽ-പലസ്തീൻ സംഘർഷ ബാധിതർക്ക് വേണ്ടി സമാഹരിക്കുകയുണ്ടായി.
ഹേർഡ് മെൻറാലിറ്റി എങ്ങനെ കൈകാര്യം ചെയ്യാം?
സാമൂഹിക ജീവികൾ എന്ന നിലയിൽ നാം സ്വാഭാവികമായും സമൂഹവുമായി ബന്ധം സ്ഥാപിക്കുകയും ആൾക്കൂട്ടത്തിൻറെ ചിന്തകളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ, ഡി.സി.എൻ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, അവയുടെ സ്വാധീനം ഒഴിവാക്കുന്നത് മിക്കവാറും അസാധ്യവുമാണ്. അതിനാൽ, വിമർശനാത്മക ചിന്ത, മാധ്യമ സാക്ഷരത, വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ എന്നിവ വളർത്തുക എന്നതാണ് ഹേർഡ് മെൻറാലിറ്റിയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഇതിനോടൊപ്പം സ്വീകരിക്കാവുന്ന ചില നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉപയോക്താക്കൾ: ഡിജിറ്റൽ സംവിധാനങ്ങളും വിവരങ്ങളുടെ ഒഴുക്കും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഡി.സി.എൻ ഉപയോക്താക്കൾക്ക് അവബോധം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കൂടാതെ, വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ പര്യവേക്ഷണം ചെയ്തുകൊണ്ട് എക്കോ ചേമ്പറുകളിൽ നിന്ന് പുറത്തുകടക്കുന്നതും, എതിർ കാഴ്ചപ്പാടുകളുമായി ഇടപഴകുന്നതും സ്വതന്ത്രമായി ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു. ഈ പ്ലാറ്റ്ഫോമുകളുമായി ഇടപഴകാനുള്ള പക്വത വികസിക്കുന്നതുവരെ കുട്ടികളെ ഡി.സി.എൻ.കളിൽ നിന്ന് അകറ്റിനിർത്തുന്നതും പ്രധാനമാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ: പ്ലാറ്റ്ഫോമുകൾ അവരുടെ കണ്ടെൻറ് സ്വയം നിയന്ത്രിക്കാനും, വസ്തുത പരിശോധിക്കാനും കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോട് കർശനമായ സെൻസർഷിപ്പിലൂടെ സർക്കാരുകൾ പ്രതികരിക്കണമെന്ന ആവശ്യവും വർദ്ധിച്ചുവരുന്നതിനാൽ ഇത് ചെയ്യുന്നത് സുപ്രധാനമാവുന്നു.
സർക്കാരുകൾ: നിയമ നിർവ്വഹണ സംവിധാനങ്ങൾ നവീകരിക്കുക എന്നതാണ് സർക്കാരുകൾക്ക് ചെയ്യാനാവുന്ന പ്രധാന കാര്യം. വിവരങ്ങളുടെ സഞ്ചാരം എങ്ങനെ നടക്കുന്നുവെന്നു മനസ്സിലാക്കി തെറ്റായ വിവരങ്ങൾ തള്ളുന്നതിനുള്ള കഴിവുകൾ സർക്കാർ ഏജൻസികൾ വികസിപ്പിക്കണം. ഡാറ്റ, സോഷ്യൽ മീഡിയ, എ.ഐ. തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതും പ്രധാനമാകും.
ഉപസംഹാരം
ഡിജിറ്റൽ ലോകത്തിലെ ഹേർഡ് മെൻറാലിറ്റിയ്ക്ക് നല്ല മാറ്റത്തിനായി ആളുകളെ ഒന്നിപ്പിക്കാൻ കഴിയും, അതുപോലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും കഴിയും. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആളുകൾ ചിന്താപൂർവ്വം ഇടപഴകുന്ന ആരോഗ്യകരമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കാൻ നമുക്ക് കഴിയും. ലോകം ഡി.സി.എൻ മുഖേന ആഴത്തിൽ ബന്ധിക്കപ്പെടുമ്പോൾ, വിമർശനാത്മക ചിന്തയെ ശാക്തീകരിക്കുക പ്രധാനമാണ്. ഇതിലൂടെ അന്ധമായ അനുരൂപത്തേക്കാൾ വൈവിധ്യമാർന്ന ശബ്ദങ്ങളെ വിലമതിക്കുന്ന ഒരു സമൂഹത്തെ വളർത്താൻ നമുക്ക് കഴിയും.







