പോപ്കോൺ നികുതിയും സങ്കീർണ്ണമായ നിയമങ്ങളും
ഇന്ത്യയിലെ നിയമങ്ങളുടെ സങ്കീർണ്ണത, അവ എങ്ങനെ നിർമ്മിക്കപ്പെടുന്നു, അവ ഉയർത്തുന്ന പ്രശ്നങ്ങൾ, ചില പരിഹാരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു
വിവിധ തരത്തിലുള്ള പോപ്കോണിന് വ്യത്യസ്ത നികുതി നിരക്കുകൾ ഈടാക്കാനുള്ള ജി. എസ്. ടി കൗൺസിലിൻറെ സമീപകാല തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനവും, പരിഹാസവും ലഭിച്ചിരുന്നു. ജനങ്ങളുടെ മേൽ വർദ്ധിച്ചുവരുന്ന നികുതിഭാരം തീർച്ചയായും ഒരു പ്രശ്നമാണെങ്കിലും, ഈ ലേഖനത്തിലെ വിഷയം മറ്റൊന്നാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന വ്യത്യസ്തമായ ഒരു പൊതു നയ പ്രശ്നത്തിൻറെ പ്രതിഫലനമായി പോപ്കോൺ നികുതിയെ നമുക്ക് നോക്കാം - ഈ പ്രശ്നം സങ്കീർണ്ണമായ ഇന്ത്യൻ നിയമങ്ങളാണ്.
പലപ്പോഴും നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടുള്ള സങ്കീർണ്ണമായ നിയമങ്ങൾ, അഴിമതി വഴി ആനുകൂല്യങ്ങൾ നേടാനുള്ള പ്രവണത (റെണ്ട് സീക്കിങ് ബിഹേവിയർ), സർക്കാരുകൾക്ക് വർദ്ധിച്ച ചെലവ്, കാര്യക്ഷമതയില്ലായ്മ, സാമ്പത്തിക വളർച്ചയെ ബാധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
എന്തുകൊണ്ടാണ് സങ്കീർണ്ണമായ നിയമങ്ങൾ ഉണ്ടാക്കപ്പെടുന്നത്, ഈ നിയമങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പ്രശ്നങ്ങൾ, ഇത് പരിഹരിക്കുന്നതിനുള്ള സാധ്യമായ മാർഗങ്ങൾ എന്നിവ ഞങ്ങൾ ഇവിടെ ചർച്ച ചെയുന്നു.
സങ്കീർണ്ണമായ നിയമങ്ങളും അവയുടെ നിർമാണവും
2017ൽ ജീവനക്കാരികൾക്കുള്ള നിർബന്ധിതവും ശമ്പളമുള്ളതുമായ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 36 ആഴ്ചയായി ഇന്ത്യയിൽ ഉയർത്തി. പ്രസവാവധി നിയമത്തെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ (ചുവടെയുള്ള ചിത്രം കാണുക) ഇന്ത്യയുടെ നിയമം ലോകത്തിലെ വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യാനാവുന്നതാണ്.
2022 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള പ്രസവാവധി (source - World Policy Center)
ഈ നിയമത്തിൻറെ ഉദ്ദേശം മികച്ചതായിരുന്നെങ്കിലും, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. പ്രസവ കാലയളവിൽ മുഴുവൻ ശമ്പളവും നൽകാൻ തൊഴിലുടമകളോട് ആവശ്യപ്പെട്ട നയം സ്ത്രീകളുടെ തൊഴിലും വരുമാനവും കുറയാൻ കാരണമായി എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ, ഒരു വികസിത രാജ്യത്ത് നന്നായി പ്രവർത്തിക്കുന്ന ഒരു നിയമം നമ്മുടെ സംവിധാനത്തിലേക്ക് പകർത്താൻ സർക്കാർ ശ്രമിച്ചു. വലുതും ലാഭകരവുമായ സംരംഭങ്ങളുള്ള ഒരു വികസിത രാജ്യത്ത് നിയമം നന്നായി പ്രവർത്തിച്ചിട്ടുണ്ടാകാമെങ്കിലും, ഇന്ത്യയിൽ മിക്ക വ്യവസായങ്ങളും മൈക്രോ, മീഡിയം അല്ലെങ്കിൽ ചെറുകിട സംരംഭങ്ങളായിരിക്കെ തടസ്സങ്ങളുണ്ടായിരുന്നു. ‘ഐസോമോർഫിക് മിമിക്രി’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം ഒന്നിലധികം ഘടകങ്ങളാൽ സംഭവിക്കുന്നു. "ബിൽഡിംഗ് സ്റ്റേറ്റ് കേപ്പബിലിറ്റി" എന്ന പുസ്തകത്തിൽ, സാമ്പത്തിക വിദഗ്ധരായ മാറ്റ് ആൻഡ്രൂസ്, ലാൻറ് പ്രിച്ചെറ്റ്, മൈക്കൽ വൂൾകോക്ക് എന്നിവർ രാജ്യങ്ങൾ അനുകരിക്കുകയും സങ്കീർണ്ണമായ നിയമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിൻറെ ചില കാരണങ്ങൾ പരിശോധിക്കുന്നു:
നയത്തിൻറെ പുറംമോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക: രാജ്യങ്ങൾ ചിലപ്പോൾ നിയമങ്ങളെ ഫലപ്രദമാക്കിയ അന്തർലീനമായ പ്രക്രിയകളും, രാജ്യത്തിൻറെ ശേഷിയും (സ്റ്റേറ്റ് കേപ്പബിലിറ്റി) പരിഗണിക്കാതെ പുറംമോടി മാത്രം ആവർത്തിക്കുന്നു. ഉദാഹരണത്തിന്, അഴിമതിക്ക് കാരണമാകുന്ന ആഴത്തിൽ വേരൂന്നിയ രാഷ്ട്രീയ, ബ്യൂറോക്രാറ്റിക് പ്രശ്നങ്ങൾ പരിഹരിക്കാതെ സങ്കീർണ്ണമായ അഴിമതി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നത് അഴിമതി നീക്കം ചെയ്യാൻ കരണമാവുന്നില്ല.
പൊരുത്തപ്പെടാനുള്ള സമ്മർദ്ദം: അന്താരാഷ്ട്ര സംഘടനകൾ, ഫണ്ടിംഗ് സ്ഥാപനങ്ങൾ, ആഗോള മാനദണ്ഡങ്ങൾ എന്നിവ വികസിത രാജ്യങ്ങളിലെ നയങ്ങൾക്ക് സമാനമായ നയങ്ങൾ സ്വീകരിക്കാൻ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു.
കോപ്പി-പേസ്റ്റ് പരിഹാരങ്ങൾ: പ്രാദേശികമോ സാംസ്കാരികമോ ആയ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കാതെ, നയങ്ങൾ വികസിത രാജ്യങ്ങളിൽ നിന്ന് നേരിട്ട് പകർത്തപ്പെടുന്നു. ഇവിടെ നിലനിൽക്കുന്ന സാഹചര്യത്തെ കുറിച്ച് ശരിയായ ധാരണ ഈ നിയമങ്ങൾക്ക് ഉണ്ടാവില്ല. പ്രസവാവധിയുടെ ഉദാഹരണത്തിൽ നാം കണ്ടതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം.
ഇൻസെൻറീവുകൾ: രാഷ്ട്രീയക്കാർക്കോ, ബ്യൂറോക്രാറ്റുകൾക്കോ ലഭിക്കാനിടയുള്ള പാരിതോഷികങ്ങളുടെ അടിസ്ഥാനത്തിൽ അവർ നിയമങ്ങൾ നടപ്പാക്കിയേക്കാം. ഇത് ഒന്നുകിൽ വോട്ടുകൾ, ഫണ്ട്, സ്ഥാനക്കയറ്റങ്ങൾ അല്ലെങ്കിൽ പൊതു അംഗീകാരം എന്നിവ നേടുന്നതിനായിരിക്കാം.
കർശനമായ തൊഴിൽ നിയമങ്ങൾ, പൂനെ പോലുള്ള നഗരങ്ങളിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ, നമുക്ക് ചുറ്റും കാണുന്ന മറ്റ് സങ്കീർണ്ണമായ നിയമങ്ങൾ എന്നിവ ‘ഐസോമോർഫിക് മിമിക്രി’ കാരണമാകാം.
സങ്കീർണ്ണമായ നിയമങ്ങളുടെ പ്രശ്നങ്ങൾ
സാമ്പത്തിക ശാസ്ത്രജ്ഞരായ ശ്രുതി രാജഗോപാലനും അലക്സ് ടബറോക്കും "സിമ്പിൾ റൂൾസ് ഫോർ ദ ഡെവലപ്പിംഗ് വേൾഡ്" എന്ന ലേഖനത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ സ്വീകരിച്ച സങ്കീർണ്ണമായ നിയമങ്ങളിൽ നിന്ന് ഉണ്ടാകുന്ന ചില നിർണായക പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു.
അഴിമതിയിലേക്ക് നയിക്കുന്ന റെണ്ട് സീക്കിങ് ബിഹേവിയർ സൃഷ്ടിക്കുന്നതാണ് ആദ്യത്തെ പ്രശ്നം. സങ്കീർണ്ണമായ നിയമങ്ങൾ ഉള്ളതിനാൽ, നിയമങ്ങൾ പാലിക്കുന്നതിന് ആവശ്യമായ ചെലവുകളും ഉയർന്നതായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യയിലെ കർശനവും സങ്കീർണ്ണവുമായ തൊഴിൽ നിയമങ്ങളുടെ എല്ലാ സൂക്ഷ്മ വശങ്ങളും പാലിക്കുക എന്നത് തൊഴിലുടമകൾക്ക് ബുദ്ധിമുട്ടേറിയതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, കൈക്കൂലി നൽകുവാനുള്ള ചെലവ് തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനുള്ള ചെലവിനേക്കാൾ വളരെ കുറവായതിനാൽ, കൈക്കൂലി നൽകുന്നതിന് പ്രോത്സാഹനമുണ്ടാവുന്നു.
സങ്കീർണ്ണമായ ഈ നിയമങ്ങൾ നടപ്പാക്കുന്നതിന് സർക്കാരുകൾ വഹിക്കേണ്ട വലിയ ചെലവുകളാണ് രണ്ടാമത്തെ പ്രശ്നം. പൂനെയിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം നടപ്പാക്കിയപ്പോൾ, ബസുകൾക്കായി പ്രത്യേക റോഡുകൾ വികസിപ്പിക്കേണ്ടിവന്നതിനാൽ അടിസ്ഥാന സൌകര്യങ്ങൾക്ക് വലിയ ചെലവ് ഉണ്ടായിരുന്നു. കൂടാതെ, മറ്റ് വാഹനങ്ങൾ ബസ് പാതകളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തടസ്സങ്ങളും, മാനവ വിഭവശേഷിയും (ട്രാഫിക് പോലീസുകാർ) ഉപയോഗിക്കേണ്ട ആവശ്യമുണ്ടായി. ഇത് നിയമം നടപ്പാക്കുന്നതിനുള്ള ചെലവുകൾ വർധിപ്പിക്കുന്നു.
സംവിധാനത്തിൽ ഉണ്ടാകുന്ന സമ്മർദ്ദവും കാര്യക്ഷമതയില്ലായ്മയുമാണ് മൂന്നാമത്തെ പ്രശ്നം. നിയമങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ, അത് നിയമങ്ങൾ നടപ്പാക്കാനുള്ള സ്റ്റേറ്റ് കേപ്പബിലിറ്റിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇത് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്നു. വിവിധ സ്ലാബുകളിൽ പോപ്കോണിന് നികുതി ചുമത്തുന്നത് ജി. എസ്. ടി ഇൻസ്പെക്ടർക്ക് അമിതഭാരം സൃഷ്ടിച്ചേക്കാം, അതുവഴി അദ്ദേഹത്തിൻറെ മറ്റ് ജോലികളെ ബാധിക്കുകയും, അവർക്ക് ചുമതലയുള്ള ജി. എസ്. ടി സംവിധാനത്തെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
ഒരുപക്ഷേ സങ്കീർണ്ണതയിൽ നിന്ന് ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സാമ്പത്തിക വളർച്ച നേരിടുന്ന വിള്ളലാണ്. സങ്കീർണ്ണമായ തൊഴിൽ നിയമങ്ങളും മറ്റ് അനുസരണങ്ങളും ഉള്ളപ്പോൾ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി മറിച്ച് ചിന്തിച്ചേക്കാം. ഇത് നമ്മുടെ രാജ്യത്തെ അതിൻറെ പൂർണമായ വളർച്ച കൈവരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
രണ്ട് പരിഹാരങ്ങൾ
നിലവിലുള്ള സാഹചര്യത്തിൽ സർക്കാരിന് പിന്തുടരാൻ കഴിയുന്ന രണ്ട് പരിഹാരങ്ങളുണ്ട്:
സ്റ്റേറ്റ് കേപ്പബിലിറ്റി കെട്ടിപ്പടുക്കുക - കാർത്തിക് മുരളിധരൻ എഴുതിയ "ആക്സിലറേറ്റിംഗ് ഇന്ത്യാസ് ഡെവലപ്മെൻറ്" എന്ന പുസ്തകം സ്റ്റേറ്റ് കേപ്പബിലിറ്റിയും ഭരണസംവിധാനങ്ങളും കെട്ടിപ്പടുക്കുക എന്ന ആശയം പര്യവേക്ഷണം ചെയ്യുന്നു. നമുക്കുള്ള നിയമങ്ങൾ സങ്കീർണ്ണമായതിനാൽ, നടപ്പാക്കലിലെ വിടവുകൾ പരിഹരിക്കുന്നതിന് സ്റ്റേറ്റ് കേപ്പബിലിറ്റി ഗണ്യമായി മെച്ചപ്പെടുത്തേണ്ടതുണ്ട്.
നിയമങ്ങൾ ലളിതമാക്കുക - ശ്രുതി രാജഗോപാലനും, അലക്സ് ടബറോക്കും "സിമ്പിൾ റൂൾസ് ഫോർ ദി ഡെവലപ്പിംഗ് വേൾഡ്" എന്ന ലേഖനത്തിൽ വാദിക്കുന്നതുപോലെ, നമ്മൾ ഇപ്പോൾ നിയമങ്ങൾ ലളിതമാക്കണം. വളർച്ചയും സാമ്പത്തിക വികസനവും ഉണ്ടായാൽ, സങ്കീർണ്ണമായ നിയമങ്ങൾ പതുക്കെ സ്വയം ഉണ്ടായിക്കോളും.
ഒരു പരിഹാരം മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് പറയാനാവില്ല. സ്റ്റേറ്റ് കേപ്പബിലിറ്റിക്രമേണ വികസിപ്പിക്കുകയും സാധ്യമാകുന്നിടത്തെല്ലാം നിയമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതായിരിക്കും നമുക്ക് ഉചിതം.






