പ്രണയം, നിയമം, പഴുതുകൾ
ഇന്ത്യയിലെ വിവാഹ നിയമങ്ങൾ വിശകലനം ചെയ്യുകയും സ്വവർഗ വിവാഹങ്ങളുടെ ക്രിമിനലൈസേഷൻ മനസ്സിലാക്കുകയും ചെയ്യുന്നു - ഇത് ഉയർത്തുന്ന പ്രശ്നങ്ങളും, സാധ്യമായ പരിഹാരങ്ങളും പരിശോധിക്കുന്നു
"ഭിന്നലിംഗക്കാർക്കിടയിൽ പോലും വിവാഹം കഴിക്കാനുള്ള അവകാശം ഒരു സമ്പൂർണ്ണ അവകാശമല്ല", സുപ്രിയോ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ വിവാഹ അവകാശങ്ങളെക്കുറിച്ചുള്ള സർക്കാരിൻറെ നിലപാട് അവതരിപ്പിക്കവേ സോളിസിറ്റർ ജനറൽ വിശദീകരിച്ചു.
ഇത് ഇന്ത്യയിലെ സാഹചര്യത്തെ സംഗ്രഹിക്കുന്നു: വിവാഹം ഇന്ത്യയിൽ മൗലികാവകാശമല്ല. ആർട്ടിക്കിൾ 21 പോലുള്ള മാനദണ്ഡങ്ങളും സംരക്ഷണങ്ങളും വികസിപ്പിച്ചെങ്കിലും, ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിപരമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഇന്ത്യൻ ഭരണകൂടം പാരമ്പര്യത്തിനും പുരോഗതിക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്നു.
വിവാഹസമത്വത്തെ ഇന്ത്യൻ സർക്കാർ എങ്ങനെ സമീപിക്കുന്നു, സ്വവർഗ്ഗ ബന്ധങ്ങളോടുള്ള സമീപനം, LGBTQI+ കമ്മ്യൂണിറ്റിക്ക് അത് സൃഷ്ടിക്കുന്ന തടസ്സങ്ങൾ എന്നിവ ഈ ലേഖനം പരിശോധിക്കുന്നു.
സ്റ്റേറ്റ് എങ്ങനെയാണ് പ്രണയത്തെ നിർവചിക്കുന്നത്
ഇന്ത്യയിലെ വിവാഹ നിയമങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത് മതങ്ങളിൽ നിന്നുണ്ടായ വ്യക്തിനിയമങ്ങളാണ്. മതപാരമ്പര്യങ്ങൾ, കൊളോണിയൽ ഭരണം, സ്വാതന്ത്ര്യാനന്തര പരിഷ്കാരങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട ഈ നിയമങ്ങൾ നൂറ്റാണ്ടുകളായി രൂപം കൊണ്ടവയാണ്.
പുരാതന ഇന്ത്യയിൽ, സിവിൽ, സാമൂഹിക, മത നിയമങ്ങൾ തമ്മിൽ വ്യത്യാസമില്ലാതെ വിവാഹ നിയമങ്ങൾ മതവുമായി ബന്ധപ്പെട്ടു കിടന്നു. മധ്യകാലഘട്ടത്തിൽ, ഇസ്ലാമിക നിയമം പ്രബലമായെങ്കിലും മറ്റ് മതസ്ഥർക്ക് അവരുടെ ആചാരങ്ങൾ പിന്തുടരാൻ അനുവാദമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, ക്രിമിനൽ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടു. പക്ഷേ വ്യക്തിഗത നിയമങ്ങൾ അവശേഷിച്ചു. ഇത് മതപരമായ വിഭജനങ്ങളെ ശക്തിപ്പെടുത്തി.
സതി നിർമാർജനം (1829), ഹിന്ദു വിധവ പുനർവിവാഹ നിയമം (1856), ബാലവിവാഹ നിയന്ത്രണ നിയമം (1929) തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ 19,20 നൂറ്റാണ്ടുകളിൽ ഹിന്ദു നിയമത്തിൽ ചില മാറ്റങ്ങൾ കണ്ടു. ക്രിസ്തീയ നിയമങ്ങൾക്ക് വിവാഹമോചനത്തിനുള്ള അവകാശമുണ്ടായിരുന്നുവെങ്കിലും അവ പുരുഷന്മാരെ അനുകൂലിച്ചിരുന്നു. അതേസമയം, മതപരമായ സ്വത്വം ശക്തിപ്പെടുത്തുന്ന ശരീഅത്ത് നിയമം (1937) മുസ്ലിം നിയമങ്ങൾ കർശനമാക്കി.
സ്വാതന്ത്ര്യാനന്തരം, ഹിന്ദു കോഡ് ബില്ലുകളിൽ (1950കൾ) തുടങ്ങി വിവാഹ നിയമങ്ങൾ നവീകരിക്കാൻ സർക്കാർ ശ്രമിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് (1954) മതാന്തര, സിവിൽ വിവാഹങ്ങൾക്ക് സാഹചര്യം ഉണ്ടാക്കി. മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഷാ ബാനോ കേസ് (1985) പോലുള്ള നിയമ പോരാട്ടങ്ങൾ മുസ്ലിം വനിതാ നിയമത്തിലേക്ക് നയിച്ചു. അടുത്തിടെ, മുത്തലാഖ് നിരോധനം (2019) മുസ്ലീം പുരുഷന്മാർക്ക് തൽക്ഷണ വിവാഹമോചനം നിഷേധിക്കുകയും വിവാഹങ്ങളിൽ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉണ്ടാക്കുകയും ചെയ്തു.
ഇന്ത്യയിലെ വ്യക്തിഗത നിയമങ്ങൾ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്ക് നിയമപരമായ അംഗീകാരം നൽകുന്നുണ്ടെങ്കിലും മതപരമായ തത്വങ്ങളിലുള്ള അവയുടെ അടിത്തറ ആഴത്തിലുള്ള അസമത്വങ്ങൾ സൃഷ്ടിക്കുന്നു. ഈ നിയമങ്ങൾ പലപ്പോഴും പുരുഷന്മാരെ അനുകൂലിക്കുകയും അവർക്ക് വൈവാഹിക അവകാശങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഹിന്ദു സ്ത്രീകൾക്ക് സാങ്കേതികമായി അനന്തരാവകാശ അവകാശങ്ങളുണ്ട്, എന്നാൽ അവർ അനന്തരാവകാശികൾ ഇല്ലാതെ മരിക്കുകയാണെങ്കിൽ, അവരുടെ സ്വത്ത് അവരുടെ ഭർത്താവിൻറെ അവകാശികൾക്ക് ലഭിക്കും. വിവാഹ നിയമങ്ങൾ കാലഹരണപ്പെട്ട ലിംഗപരമായ വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു, നിയമപരമായ വിവാഹ പ്രായം പുരുഷന്മാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആയി നിശ്ചയിക്കുന്നു, ഇത് സ്ത്രീകൾ നേരത്തെ വിവാഹം കഴിക്കണമെന്ന് സൂചിപ്പിക്കുന്നു. പലപ്പോഴും പുരോഗമനപരമായി കാണപ്പെടുന്ന ഗോവയുടെ ഏകീകൃത സിവിൽ കോഡ് പോലും ചില വ്യവസ്ഥകളിൽ ബഹുഭാര്യാത്വം അനുവദിക്കുന്നു.
ലിംഗ അസമത്വത്തിനപ്പുറം, ഈ നിയമങ്ങൾ സ്വവർഗ്ഗാനുരാഗങ്ങളെയും മറ്റ് ബന്ധങ്ങളെയും ഒഴിവാക്കുന്നു. അതിനാൽ തന്നെ അവയ്ക്ക് നിയമപരമായ അംഗീകാരമോ സംരക്ഷണമോ വാഗ്ദാനം ചെയ്യുന്നില്ല. ഈ വിഭജിതമായ നിയമ സംവിധാനം പുരുഷാധിപത്യ ഘടനകളെ ശക്തിപ്പെടുത്തുക മാത്രമല്ല, സ്ത്രീകളെയും പാരമ്പര്യേതര ദമ്പതികളെയും വിവേചനം, ചൂഷണം, നിയമപരമായ അരക്ഷിതാവസ്ഥ എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്യുന്നു.
വിവിധ മതങ്ങളിൽ നിന്നോ സമുദായങ്ങളിൽ നിന്നോ ഉള്ള വ്യക്തികൾക്ക് വിവാഹം ചെയ്യുവാനായുള്ള ഒരു മതേതര ചട്ടക്കൂട് നൽകുന്നതിനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് രൂപീകരിച്ചത്. ഇത് ഒരു പുരോഗമന നടപടിയാണെങ്കിലും, 30 ദിവസത്തെ പൊതു അറിയിപ്പ് കാലയളവ് പോലുള്ള വ്യവസ്ഥകളാൽ ഇത് ദുർബലപ്പെടുന്നു. സുതാര്യത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഈ ആവശ്യകത പലപ്പോഴും ദമ്പതികളെ പീഡനത്തിനും സാമൂഹിക ബഹിഷ്കരണത്തിനും ഇരയാക്കുന്നു. ഈ നിയമം സമൂഹത്തിനോട് പൊരുത്തപ്പെടാത്ത ബന്ധങ്ങളെ ഒഴിവാക്കുകയും അത്തരം ദമ്പതികളെ അപകടസാധ്യതകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.
മതപരിവർത്തന വിരുദ്ധ നിയമങ്ങളുള്ള സംസ്ഥാനങ്ങളിൽ, മതാന്തര വിവാഹങ്ങൾ പലപ്പോഴും കടുത്ത പരിശോധന നേരിടുന്നു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനങ്ങൾ തടയാനും സ്വതന്ത്ര ഇച്ഛാശക്തി ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിയമങ്ങൾ. എന്നിരുന്നാലും, വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ക്രിമിനൽവൽക്കരിക്കാൻ അവ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് വ്യക്തിതാത്പര്യങ്ങളെ ലംഘിക്കുക മാത്രമല്ല സാമൂഹിക മുൻവിധികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പ്രണയം പൊതുബോധത്തിന് വിരുദ്ധമാവുമ്പോൾ
സ്വവർഗ ബന്ധങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ ജുഡീഷ്യറിയുടെ നിലപാട് പുരോഗതിക്കും പഴമയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നു:
2009: ഡൽഹി ഹൈക്കോടതി, നാസ് ഫൌണ്ടേഷൻ vs ഗവൺമെൻറ് ഓഫ് ഡൽഹി കേസിൽ സമ്മതത്തോടെയുള്ള സ്വവർഗ്ഗാനുരാഗ പ്രവർത്തനങ്ങളെ കുറ്റവിമുക്തമാക്കി. ഇത് LGBTQI+ അവകാശങ്ങളുടെ സുപ്രധാന വിജയമായിരുന്നു.
2013: നാസ് ഫൌണ്ടേഷൻ കേസിലെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. സെക്ഷൻ 377 പുനഃസ്ഥാപിക്കുകയും സ്വവർഗ ബന്ധം വീണ്ടും കുറ്റകരമാക്കുകയും ചെയ്തു.
2018: നവ്തേജ് സിംഗ് ജോഹർ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, സുപ്രീം കോടതി പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗാനുരാഗ പ്രവർത്തനങ്ങളെ വീണ്ടും കുറ്റവിമുക്തമാക്കി.
2021: പൂനം റാണി vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശിൽ, സ്വവർഗ ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ജുഡീഷ്യറി അംഗീകരിച്ചു.
2023: സുപ്രീം കോടതി, K.S. പുട്ടസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ചു.
ഈ വിധികൾ വർദ്ധിച്ചുവരുന്ന പുരോഗതിയെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, ക്വിയർ വിവാഹങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നത് പ്രശ്നമായി തുടരുന്നു. നിയമങ്ങൾ ഭേദഗതി ചെയ്യാനോ, എല്ലാവരെയും ഉൾകൊള്ളിക്കുന്ന ചട്ടക്കൂടുകൾ സൃഷ്ടിക്കാനോ ഉള്ള സർക്കാരിൻറെ വിമുഖത ക്വിയർ ബന്ധങ്ങളുടെ പാർശ്വവൽക്കരണത്തെ നിലനിർത്തുന്നു.
നിയമപരമായ അംഗീകാരത്തിൻറെ അഭാവത്തിൽ, ക്വിയർ പങ്കാളികൾക്ക് പലപ്പോഴും അനന്തരാവകാശ സാദ്ധ്യതകൾ നഷ്ടമാവുന്നു. ഇത് അവരുടെ പങ്കാളികളുമായി പങ്കിട്ട സ്വത്തുക്കൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദത്തെടുക്കൽ നിയമങ്ങളും വിവേചനപരമായി തുടരുന്നു. സ്വവർഗ ദമ്പതികൾക്ക് ഒരുമിച്ച് ദത്തെടുക്കാനുള്ള അവകാശം പലപ്പോഴും നിഷേധിക്കപ്പെടുകയും, അതുവഴി നിയമപരമായി കുടുംബങ്ങൾ സ്ഥാപിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. കൂടാതെ, ശസ്ത്രക്രിയകൾക്ക് സമ്മതം നൽകൽ, മെഡിക്കൽ രേഖകൾ പരിശോധിക്കാനുള്ള അവകാശം, അല്ലെങ്കിൽ ജീവിതാവസാന തീരുമാനങ്ങൾ എടുക്കൽ തുടങ്ങിയ അവകാശങ്ങൾ പ്രധാനമായും നിയമപരമായി അംഗീകരിക്കപ്പെട്ട പങ്കാളികൾക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ മാത്രമുള്ളതാണ്. വിവാഹ അംഗീകാരമില്ലാതെ, ക്വിയർ പങ്കാളികളെ പലപ്പോഴും അടിയന്തിര സാഹചര്യങ്ങളിൽ അപരിചിതരായി കണക്കാക്കുന്നു, ഇത് വ്യക്തിപരവും നിർണായകവുമായ നിമിഷങ്ങളിൽ അവരുടെ ദുർബലത വർദ്ധിപ്പിക്കുന്നു. സ്വവർഗ ദമ്പതികൾക്ക് അവകാശങ്ങളും സംരക്ഷണങ്ങളും നിഷേധിക്കുന്നതിലൂടെ ഭരണകൂടം വ്യവസ്ഥാപിത അസമത്വത്തെ ശക്തിപ്പെടുത്തുന്നു.
എന്തുകൊണ്ട് സമത്വം നഷ്ടപ്പെടുന്നു?
സ്വവർഗ വിവാഹം, മറ്റ് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെപ്പോലെ, ആരെയും ഉപദ്രവിക്കുന്ന ഒന്നല്ല. ഇരകളില്ലാത്ത കുറ്റകൃത്യങ്ങൾക്കെതിരായ (വിക്ടിംലെസ്സ് ക്രൈം) നിയമങ്ങൾ വ്യക്തിഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുപോലെ, ക്വിയർ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നിഷേധിക്കുന്നത് ദമ്പതികളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നു.
വിവാഹ അസമത്വം സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളിൽ വേരൂന്നിയുള്ളതാണ്. യാഥാസ്ഥിതികതയും മതപരമായ വിശ്വാസങ്ങളും LGBTQI+ വ്യക്തികളെ നിയമപരമായ അംഗീകാരത്തിൽ നിന്ന് ഒഴിവാക്കുന്ന പ്രക്രിയ തുടരുന്നു. പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിക്കാൻ നിയമനിർമ്മാതാക്കൾ തയ്യാറാകാത്തതിനാൽ നിയമനിർമ്മാണ നിഷ്ക്രിയത്വം പ്രശ്നത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കോടതികളും പ്രശ്നകാരമായ വിഷയങ്ങളിൽ ഇടപെടാതെ പിന്തിരിയുന്നു. കൂടാതെ, യാഥാസ്ഥിതിക വോട്ടർമാരിൽ നിന്നുള്ള തിരിച്ചടി ഭയന്ന് രാഷ്ട്രീയക്കാർ ക്വിയർ അവകാശങ്ങൾക്കായി വാദിക്കാൻ മടിക്കുന്നു.
ക്വിയർ വിവാഹങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. തുല്യത ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാവരുടെയും തിരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ട്.
വിവാഹ നിയമങ്ങൾ പൊളിച്ചെഴുത്താണോ?
ഇന്ത്യയിൽ സ്വവർഗവിവാഹം നിയമവിധേയമാക്കിയാൽ പോലും, വ്യക്തിഗത നിയമങ്ങൾ പ്രകാരം ദമ്പതികൾ അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങൾ ക്വിയർ ദമ്പതികൾക്ക് നേരിടേണ്ടിവരും. ക്വിയർ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരത്തിൻറെ അഭാവം ഒരു വലിയ പ്രശ്നമാണ്. എന്നാൽ പരമ്പരാഗതവും, മതപരവും, പുരുഷാധിപത്യപരവുമായ സ്രോതസ്സുകളിൽ നിന്നാണ് മുഴുവൻ സംവിധാനവും നിർമ്മിച്ചിരിക്കുന്നത് എന്നതാണ് അതിലും വലിയ പ്രശ്നം.
അവിടെയാണ് യൂണിഫോം സിവിൽ കോഡ് (യു.സി.സി) വരുന്നത്. ഒരൊറ്റ മതേതര നിയമം ലിംഗനീതിയും ദേശീയ ഐക്യവും കൊണ്ടുവരുമെന്ന് സുപ്രീം കോടതി ഷാ ബാനോ, സരള മുദ്ഗൽ തുടങ്ങിയ കേസുകളിൽ പരാമർശിച്ചിട്ടുണ്ട്. നന്നായി തയ്യാറാക്കിയ യു. സി. സിക്ക് വിവാഹ നിയമങ്ങളിലെ മതപരവും ലിംഗപരവുമായ പക്ഷപാതങ്ങൾ ഇല്ലാതാക്കാൻ കഴിയും, ഇത് ഭിന്നലിംഗക്കാർക്കും ക്വിയർ ദമ്പതികൾക്കും തുല്യ അവകാശങ്ങൾ നൽകുകയും ചെയ്യും.
എന്നാൽ യഥാർത്ഥ ചോദ്യം ഇതാണ്: യു. സി. സി പ്രശ്നം പരിഹരിക്കുമോ അതോ നിലവിലുള്ള അസമത്വങ്ങൾ ഒരു പുതിയ പേരിൽ വീണ്ടും കൊണ്ടുവരുമോ? ഫ്രാൻസ്, യുകെ, ജപ്പാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ സിവിൽ കോഡുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ലിംഗവിവേചനം നീക്കം ചെയ്യുന്നതിനായി അവയിൽ മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുന്നുണ്ട്.
വിവാഹസമത്വത്തെക്കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കിൽ, നിലവിലുള്ള വിവാഹ നിയമങ്ങൾ പൂർണമായും പൊളിച്ചെഴുതേണ്ടതുണ്ട്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പിരിമുറുക്കത്തെ ഇന്ത്യ നേരിടുമ്പോൾ, യഥാർത്ഥ സമത്വത്തിലേക്കുള്ള പാതയ്ക്ക് ധൈര്യവും അനുകമ്പയും കൂട്ടായ പരിശ്രമവും ആവശ്യമാണ്.
പ്രണയവും വിവാഹവും, അതിൻറെ എല്ലാ രൂപങ്ങളിലും, അംഗീകാരം അർഹിക്കുന്നു - വെറും ഒരു പദവിയായിട്ടല്ല, മറിച്ച് ഒരു മൌലികാവകാശമായി.





