മാറുന്ന ദേശീയത - സമൂഹത്തിന് ഒരു വെല്ലുവിളി?
ഇന്ത്യയിൽ ദേശീയത എങ്ങനെ വികസിക്കുന്നുവെന്നും, അത് സമൂഹത്തിലെ വിശ്വാസത്തെയും ഐക്യത്തെയും എങ്ങനെ വെല്ലുവിളിക്കുന്നുവെന്നും, അതിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളെയും വിലയിരുത്തുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അലഹബാദിനെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി. മുഗൾ കാലഘട്ടത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളും മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇത് ചെയ്തത്. ഒരു സർക്കാരിന് ഏത് സ്ഥലത്തിൻറെയും പേര് മാറ്റാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും, ഈ തീരുമാനം ആർട്ടിക്കിൾ 29 (ന്യൂനപക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കൽ), ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) എന്നിവയ്ക്ക് ആന്തരികമായി വിരുദ്ധമാണ്.
ഇതിനെ തുടർന്നുണ്ടായ ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങൾ കൂടുതൽ ആശങ്കാജനകമായിരുന്നു, കാരണം അവ പുരാണങ്ങളെ യഥാർത്ഥ ചരിത്രമായി സ്ഥാപിച്ച് ഒരു പ്രബല വിശ്വാസത്തെ പ്രീണിപ്പിക്കുന്ന വിധത്തിലുള്ളവയായിരുന്നു.
ഈ ലേഖനത്തിൽ, ദേശീയത എങ്ങനെ ഇന്ത്യയിൽ പരിണമിച്ചുവെന്നും, ഇത്തരം പ്രവർത്തനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരിശോധിക്കുന്നു. ഇത് ഭരണഘടനാ ആശയമായ മതേതരത്വത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, സമൂഹത്തിൽ വിള്ളലുകൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്നും, 'നാനാത്വത്തിൽ ഏകത്വം' എന്ന കാഴ്ചപ്പാടിനെ എങ്ങനെ നശിപ്പിക്കുന്നുവെന്നും ഞങ്ങൾ ചർച്ച ചെയ്യുന്നു.
ഇന്ത്യയിലെ ദേശീയതയുടെ ഉത്ഭവം
ബെനഡിക്ട് ആൻഡേഴ്സൺ, തൻറെ ഇമാജിൻഡ് കമ്മ്യൂണിറ്റീസ് എന്ന പുസ്തകത്തിൽ, രാഷ്ട്രങ്ങൾ സ്വാഭാവികമായി നിലനിൽക്കുന്നതോ പുരാതനമായതോ ആയ അസ്തിത്വങ്ങളേക്കാൾ "സാങ്കൽപ്പിക രാഷ്ട്രീയ സമൂഹങ്ങളാണ്" എന്ന് പറയുന്നു. ഭൂരിപക്ഷം അംഗീകരിക്കുന്ന പങ്കിട്ട ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് ഇതിനർത്ഥം. ഈ പങ്കിട്ട ആശയങ്ങൾ ദേശീയത സൃഷ്ടിക്കുന്നു. ഒരു രാഷ്ട്രത്തിൻറെ ആശയങ്ങളുമായി യോജിക്കുന്ന ഒരു രാഷ്ട്രീയ ഘടന സൃഷ്ടിക്കാനാണ് ദേശീയത ലക്ഷ്യമിടുന്നത്.
ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതികരണമായാണ് ഇന്ത്യയിൽ ദേശീയത ഉത്ഭവിച്ചത്. സ്വാതന്ത്ര്യസമരസേനാനികൾ ജനങ്ങളെ ഒന്നിപ്പിക്കാനും സ്വതന്ത്ര ഇന്ത്യ എന്ന ആവശ്യം ഉന്നയിക്കാനും ഇത് ഉപയോഗിച്ചു. അത്തരമൊരു അസ്തിത്വം ഇല്ലാതിരുന്നപ്പോൾ പോലും ഇന്ത്യ എന്ന ആശയം അവർ സങ്കൽപ്പിച്ചു. തുടർന്നുണ്ടായ ദേശീയത അത് സാധ്യമാക്കാൻ പരിശ്രമിച്ചു.
സാംസ്കാരിക ദേശീയത ഇതിൻറെ ഒരു ഉപോൽപ്പന്നമായി വന്നതാണ്. ഇന്ത്യയുടെ സാംസ്കാരിക ഘടനയിൽ ബ്രിട്ടീഷ് സ്വാധീനം ഉണ്ടാകുമെന്ന ഭയത്തോടെ, രാജ്യത്തിൻറെ തദ്ദേശീയ സംസ്കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി സാംസ്കാരിക ദേശീയത പരിണമിച്ചു. മുന്നോട്ട് പോകുന്തോറും അത് വ്യത്യസ്ത വഴികൾ സ്വീകരിച്ചു. അവയിലൊന്ന് മുൻകാലങ്ങളിൽ ബ്രിട്ടീഷുകാരുടെയും മുഗളരുടെയും ‘അടിച്ചമർത്തൽ’ നേരിട്ട ഹിന്ദു സംസ്കാരത്തിനെ തിരിച്ചുകൊണ്ടുവരാനായിരുന്നു. ഇത് അടുത്തിടെ വ്യാപകമായ സ്വീകാര്യത നേടിയ ഹിന്ദു ദേശീയതയുടെ ആവിർഭാവത്തിലേക്ക് നയിച്ചു.
അതിനാൽ, സ്വാതന്ത്ര്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമുള്ള ശ്രമമായി ആരംഭിച്ച ദേശീയത ഇന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു മത ദേശീയതയായി മാറി.
ദേശീയതയുടെ വികാസം
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നു. ഹിന്ദു ദേശീയ ആശയങ്ങളുള്ള ഒരു സർക്കാർ ആദ്യമായി ലോക്സഭയിൽ കേവല ഭൂരിപക്ഷം നേടിയതിനാൽ ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി മാറി.
ഹിന്ദു രാഷ്ട്രത്തിൻറെ ആദർശങ്ങളാൽ നയിക്കപ്പെടുകയും അതിനെ പിന്തുണയ്ക്കുന്ന ഒരു സമൂഹത്താൽ പ്രചോദിപ്പിക്കപ്പെടുകയും ചെയ്ത അവർ പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന നിരവധി നടപടികൾ നടപ്പാക്കി. അലഹബാദിൻറെ ഉദാഹരണത്തിന് സമാനമായി ഔറംഗബാദ്, ഫൈസാബാദ്, മുഗൾസരായ് തുടങ്ങി നിരവധി സ്ഥലങ്ങളുടെ പേര് മാറ്റി. നിരവധി സംസ്ഥാനങ്ങളിലെ ബീഫ് നിരോധനം, പ്രധാന ചരിത്ര സംഭവങ്ങൾ പരിഷ്കരിക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളിലെ സാംസ്കാരിക പുനർവിന്യാസം, പൗരത്വത്തിന് അർഹതയുള്ള ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ നിന്ന് മുസ്ലിംങ്ങളെ ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമം 2019 പാസാക്കൽ എന്നിവ അത്തരം നടപടികളുടെ ചില ഉദാഹരണങ്ങളാണ്.
ഈ പരിണമിച്ച ദേശീയതയിൽ മതം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കുകയും, അനുദിനം വളരുന്ന വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് മതന്യൂനപക്ഷങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതിനും ചിലപ്പോൾ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനും കാരണമാവുന്നു. നിഷ്പക്ഷരെ സംബന്ധിച്ചിടത്തോളം, പൊതു നയത്തിൻറെ പാത വളർച്ചയിൽ നിന്നും വികസനത്തിൽ നിന്നും മതപരമായ പ്രചാരണത്തിലേക്കും കുറച്ചുപേർക്ക് മാത്രമായുള്ള ക്ഷേമപദ്ധതികളിലേക്കും വ്യതിചലിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇത് സമൂഹത്തിൽ വിശ്വാസക്കുറവ് സൃഷ്ടിക്കുന്നു, ഈ ലേഖനത്തിൽ നമ്മൾ പിന്നീട് വിശ്വാസക്കുറവ് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു.
സ്റ്റേറ്റും വിപണികളും
ഈ മതപരമായ ദേശീയത അനുവദിക്കുന്നതിന് സ്റ്റേറ്റിനെയും വിപണികളെയും പ്രേരിപ്പിക്കുന്ന പ്രചോദനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഭരണകക്ഷികൾ അത്തരം സാമൂഹിക വിഭജനങ്ങൾ സാധ്യമാക്കുന്നത്? ഏതൊരു സർക്കാരിൻറെയും പ്രാഥമിക പ്രചോദനം വീണ്ടും തിരഞ്ഞെടുക്കപ്പെടുക എന്നതാണ്. ഇന്ത്യയിൽ, ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ എതിരാളിയേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാൽ മതി. അതിനാൽ, മുഴുവൻ വോട്ടർമാരുടെയും ഏകകണ്ഠമായ പിന്തുണയെക്കാൾ ഒരു ചെറിയ കൂട്ടം ആളുകളുടെ അചഞ്ചലമായ പിന്തുണ മതിയാകും. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും ഭൂരിപക്ഷങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ മിശ്രിതത്തിൽ മതപരമായ ദേശീയത ചേർക്കുമ്പോൾ, സർക്കാരുകൾക്ക് അവരുടെ സ്ഥാനം ഉറപ്പിക്കാൻ അവസരമുണ്ട്. മതപരമായ ഭൂരിപക്ഷത്തിൻറെ വികാരങ്ങളുമായി ഐക്യപ്പെടുന്ന സർക്കാർ, തിരഞ്ഞെടുപ്പിൽ പിന്തുണ പ്രത്യുപകാരമായി ആവശ്യപ്പെടുന്നു. ഈ കരാർ സ്ഥാപിച്ചുകഴിഞ്ഞാൽ, വളർച്ചയ്ക്കും വികസന നയങ്ങൾക്കുമായി സമയം ചെലവഴിക്കേണ്ട ആവശ്യമില്ല, മറിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് ഭൂരിപക്ഷത്തിൻറെ ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രം മതി.
മതപരമായ ദേശീയത പിന്തുടരുന്നതിന് ബിസിനസുകൾക്ക് അവരുടേതായ പ്രോത്സാഹനങ്ങളുണ്ട്. വിപണിയുടെ എല്ലാ വശങ്ങളും (നികുതികൾ, പണമൊഴുക്ക്, ലൈസൻസുകൾ, കയറ്റുമതി-ഇറക്കുമതി നയങ്ങൾ മുതലായവ) ഇന്ത്യയിലെ സർക്കാരുകൾ നിയന്ത്രിക്കുന്നു. അതിനാൽ, ബിസിനസുകൾക്ക് നന്നായി പ്രവർത്തിക്കാൻ സർക്കാരുമായി യോജിക്കേണ്ടിവരും. സർക്കാർ മതപരമായ ദേശീയതയെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, ബിസിനസുകൾ പിന്തുണ നേടുന്നതിനായി ഇത് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, മതരാഷ്ട്രവാദികളുമായി ചേർന്നാൽ ബിസിനസുകൾക്ക് ലാഭകരമായ ഒരു വിപണിയുണ്ട്. സർക്കാരുകൾക്ക് നൽകുന്ന തിരഞ്ഞെടുപ്പ് പിന്തുണ പോലെ, മതപരമായ ദേശീയത നന്നായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ബിസിനസുകൾക്ക് നല്ല വിപണി സാധ്യതയുണ്ട്.
സർക്കാരുകൾ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും വിപണികൾ ലാഭം നേടുകയും, സമൂഹത്തിലെ ഒരു വിഭാഗം ആസ്വദിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിൻറെ ഫലം. മറുവശത്ത്, സമൂഹത്തിലെ ബാക്കിയുള്ളവർ അടിച്ചമർത്തലും, അന്യവൽക്കരണവും അനുഭവിക്കുന്നു.
സമൂഹത്തിൽ വിശ്വാസത്തിൻറെ പ്രാധാന്യം
സമൂഹങ്ങളുടെ ഒരു അടിസ്ഥാന സ്തംഭമാണ് വിശ്വാസം. നോർഡിക് രാജ്യങ്ങൾ പോലുള്ള ഉയർന്ന സാമൂഹിക വിശ്വാസമുള്ള സമൂഹങ്ങൾ ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളും വൻകിട സംരംഭങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഫ്രാൻസിസ് ഫുകുയാമ തൻറെ ട്രസ്റ്റ് എന്ന പുസ്തകത്തിൽ പറയുന്നു. നേരെമറിച്ച്, വിശ്വാസ്യത കുറഞ്ഞ സമൂഹങ്ങൾക്ക് ദുർബലമായ സ്ഥാപനങ്ങളും സമ്പദ്വ്യവസ്ഥയുമാണുള്ളത്.
വിശ്വാസ്യത കുറഞ്ഞ സമൂഹങ്ങളിൽ ആളുകൾ ഒരു കൂട്ടം നിയമങ്ങളോടും, നടപ്പാക്കൽ സംവിധാനങ്ങളോടും കൂടി മാത്രമേ സഹകരിക്കുകയുള്ളൂവെന്ന് ഈ പുസ്തകം വാദിക്കുന്നു. ഇത് ഇടപാട് ചെലവ് വർദ്ധിപ്പിക്കുകയും തർക്കങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുകയും ചെയ്യുന്നു. വിശ്വാസക്കുറവുള്ള സമൂഹങ്ങളിൽ ആളുകൾ പരസ്പരം അവിശ്വസിക്കുകയും പരസ്പരം നിരന്തരം ഭയപ്പെടുകയും ചെയ്യുന്നു. സമീപകാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും മണിപ്പൂരിലും കണ്ടതുപോലെ, അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ, വിശ്വാസം കുറയുന്നത് സംഘർഷങ്ങളിലേക്കും ആഭ്യന്തര യുദ്ധങ്ങളിലേക്കും നയിച്ചേക്കാം.
ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, വിശ്വാസം കൂടുതലുള്ളിടത്ത് ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും ഇടപാട് ചെലവ് കുറവായിരിക്കുകയും ചെയ്യുന്നു. സങ്കീർണ്ണമായ നിയമങ്ങൾ ആവശ്യമില്ല. ജനങ്ങൾക്കും ബിസിനസുകൾക്കും ആശങ്കകളില്ലാതെ സാമ്പത്തിക കൈമാറ്റങ്ങളിൽ ഏർപ്പെടാൻ കഴിയും. ഇത് നിക്ഷേപം, സംരംഭകത്വം, നവീനാശയങ്ങൾ എന്നിവയുടെ സംസ്കാരം വളർത്തുകയും അതുവഴി ശക്തമായ സ്ഥാപനങ്ങളും സമ്പദ്വ്യവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്നു.
യോജിപ്പുള്ള സമൂഹം സൃഷ്ടിക്കാം
ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ വിശ്വാസം വളർത്തുക എന്നത് ഒരു ബുദ്ധിമുട്ടേറിയതും ദീർഘകാല ശ്രമം ആവശ്യമുള്ളതുമായതാണ്. മതപരമായ ദേശീയതയുടെ ദൂഷ്യങ്ങൾ വരും പതിറ്റാണ്ടുകളിലും തുടരും, അത് കൈകാര്യം ചെയ്യാൻ അടിത്തട്ടിൽ നിന്നുള്ള സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
ആദ്യമായി, നിലവിലുള്ള ധ്രുവീകരണത്തിനെതിരെ ക്രിയാത്മകമായ ചർച്ചകൾ നമുക്ക് ആവശ്യമാണ്. ഇന്ത്യപോലുള്ള വൈവിധ്യമാർന്ന രാജ്യത്ത് അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്, ചർച്ച ചെയ്യാനും പരിഹാരങ്ങൾ രൂപീകരിക്കാനുമുള്ള ഇടങ്ങൾ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്.
അറിവുള്ള പൗരന്മാർ സർക്കാർ നയങ്ങൾ രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ധ്രുവീകരണ പദ്ധതികളിൽ പങ്കെടുക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും വിശകലനം ചെയ്യാനും പൗരന്മാർക്ക് കഴിയണം. അതിനാൽ, പൊതുനയങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസവും പൗരന്മാർക്കിടയിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികളും വരും വർഷങ്ങളിൽ മുൻഗണനയായി മാറും.
നമ്മുടെ സമൂഹത്തെ പരിഷ്കരിക്കുന്നതിൽ നാമെല്ലാവരും പങ്കു വഹിക്കണം. പരസ്പരം ഇടപഴകുന്നതിൽ സഹാനുഭൂതിയും പരസ്പര ധാരണയും ഉണ്ടായിരിക്കണം. സമൂഹം പരിവർത്തനം നേടുമ്പോൾ, രാഷ്ട്രീയ സംവാദം ഇത് പ്രതിഫലിപ്പിക്കുകയും സ്വയം പരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുകയും ചെയ്യും. രാഷ്ട്രീയത്തെ ധ്രുവീകരിക്കുന്നതിനുള്ള ഇപ്പോഴത്തെ പ്രചോദനങ്ങളെ താഴെത്തട്ടിൽ നിന്ന് മാത്രമേ മാറ്റാൻ സാധിക്കുള്ളു.
മുന്നോട്ട് നീങ്ങുമ്പോൾ
നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ ദേശീയത ഒരു പ്രധാന ഉപകരണമായിരുന്നു. എന്നാൽ ഇന്ന് നാം കാണുന്ന മതപരമായ ദേശീയത സാമൂഹിക വിഭജനം സൃഷ്ടിക്കുകയും സമൂഹത്തിലെ പരസ്പരവിശ്വാസത്തെ ബാധിക്കുകയും ചെയ്തു. വിശ്വാസക്കുറവ് സമൂഹത്തെ അസംഖ്യം വിധങ്ങളിൽ നശിപ്പിക്കുന്നു - ന്യൂനപക്ഷങ്ങൾ അന്യവൽക്കരിക്കപ്പെടുന്നു, ദാരിദ്ര്യം രൂക്ഷമാവുന്നു, വർഗീയ കലാപങ്ങൾ സാധാരണമായിത്തീരുന്നു. പൗരന്മാരായ നാം സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകണം. ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം സഹാനുഭൂതിയും അറിവുള്ള രാഷ്ട്രീയ വ്യവഹാരവുമാണ്. ഇതിനായി നാമെല്ലാവരും നമ്മുടെ പങ്ക് നിർവഹിക്കണം.







