സ്കൂളുകളിൽ നല്ല ക്ലാസ്റൂം സംസ്കാരത്തിൻറെ ആവശ്യകത
കുട്ടികളെ സമപ്രായക്കാരും ക്ലാസ് മുറികളും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയും ശക്തമായ ക്ലാസ്റൂം സംസ്കാരം സൃഷ്ടിക്കാൻ കഴിയുന്ന വഴികളും നയമാറ്റങ്ങളും ചർച്ച ചെയ്യുന്നു
കഴിഞ്ഞ മാസം കേരളത്തിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം പലരെയും ഞെട്ടിച്ചിരുന്നു. തർക്കങ്ങളിലേക്ക് നയിക്കുന്ന വിദ്യാർത്ഥികളുടെ രോഷം സാധാരണമായിരിക്കാം, പക്ഷേ അത് മരണത്തിലേക്ക് നയിക്കുന്നത് അപൂർവമാണ്. ഈ തർക്കം വിദ്യാർത്ഥികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റാഡിക്കലി നെറ്റ്വർക്ക്ട് സമൂഹങ്ങളുള്ള കാലഘട്ടത്തിലെ കൗമാരത്തിൻറെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിൻറെ പ്രതിഫലനമാണ് ഈ കേസ് എന്ന് പലരും അഭിപ്രായപ്പെടുന്നു.
നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘അഡോളസെൻസ്’ എന്ന വെബ് സീരീസ് ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുട്ടികളുടെ മാനസികാവസ്ഥ അവതരിപ്പിക്കുന്നു. സഹവിദ്യാർത്ഥിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു കുട്ടിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. ഈ വെബ് സീരീസ് അവതരിപ്പിക്കുന്ന നിരവധി പ്രമേയങ്ങളിൽ, ഒരു കുട്ടിയെ തൻറെ സമപ്രായക്കാരും, സ്കൂളും, സോഷ്യൽ മീഡിയയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ശ്രദ്ധേയമാവുന്നത്.
ഈ ലേഖനത്തിൽ, കുട്ടികളെ അവരുടെ ചുറ്റുമുള്ള ആളുകളും സമൂഹവും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഞങ്ങൾ പരിശോധിക്കുന്നു. ശക്തവും ക്രിയാത്മകവുമായ ഒരു ക്ലാസ്റൂം സംസ്കാരം സൃഷ്ടിക്കുന്നത് ഒരു പരിധിവരെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കാനും ഞങ്ങൾ ശ്രമിക്കുന്നു.
കുട്ടികൾ എങ്ങനെ സ്വാധീനിക്കപ്പെടുന്നു
നിരവധി വ്യക്തികൾ കൂടിയാണ് ഒരു കുട്ടിയെ രൂപപ്പെടുത്തുന്നത്. വളരെ ചെറുപ്പത്തിൽ, മാതാപിതാക്കളും വീട്ടിലെ പരിതസ്ഥിതിയും കുട്ടിയുടെ വൈജ്ഞാനികവും വൈകാരികവുമായ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹാർവാർഡ് സെന്റർ ഓൺ ദി ഡെവലപ്പിംഗ് ചൈൽഡ് പോലുള്ള ഏജൻസികൾ നടത്തിയ പഠനങ്ങളും ഉപകരണങ്ങളും രൂപീകരണ കാലയളവിൽ പരിചരണം നൽകുന്നവർ വഹിക്കുന്ന നിർണായക പങ്ക് കാണിക്കുന്നു.
കുട്ടിക്കാലത്ത് മാതാപിതാക്കളുടെ സ്വാധീനം പ്രധാനമാണെങ്കിലും, കൗമാരത്തിൽ സമപ്രായക്കാരും സ്കൂളും പ്രധാന പങ്ക് വഹിക്കുന്നു. ജൂഡിത്ത് റിച്ച് ഹാരിസ് തൻറെ 'ദ നർച്ചർ അസംപ്ഷൻ' എന്ന കൃതിയിൽ, ഒരു കുട്ടിയുടെ വ്യക്തിത്വത്തെ പ്രാഥമികമായി രൂപപ്പെടുത്തുന്നത് മാതാപിതാക്കളാണെന്ന ദീർഘകാല വിശ്വാസത്തെ വെല്ലുവിളിച്ചു. പകരം, ഒരു കുട്ടിയുടെ വികസനം, ബുദ്ധി, വിശ്വാസങ്ങൾ എന്നിവയിൽ സമപ്രായക്കാർ കൂടുതൽ സ്വാധീനമുള്ള പങ്ക് വഹിക്കുന്നുവെന്ന് അവർ വാദിക്കുന്നു.
'ഗ്രൂപ്പ് സോഷ്യലൈസേഷൻ തിയറി' എന്ന ആശയവും അവർ മുന്നോട്ടുവയ്ക്കുന്നു. ഒരു കുട്ടിയിൽ സമപ്രായക്കാരുടെ സ്വാധീനം വളരെ ശക്തമാണെന്നും മാതാപിതാക്കൾ മാറിയാലും സ്കൂൾ സന്ദർഭങ്ങൾ ഒന്നുതന്നെയാണെങ്കിൽ കുട്ടികൾക്ക് കാര്യമായ മാറ്റം ഉണ്ടാവില്ലെന്നും ഇതിലൂടെ പറയുന്നു. അതിനാൽ, അവരുടെ പ്രാഥമിക വാദം കുട്ടികളെ പ്രധാനമായും സ്വാധീനിക്കുന്നത് അവരുടെ സമപ്രായക്കാരാണ്, അല്ലാതെ അവരുടെ മാതാപിതാക്കളല്ല എന്നതാണ്.
കുട്ടികൾ അഭിമുഖീകരിക്കുന്ന വർദ്ധിച്ചുവരുന്ന വെല്ലുവിളികളോടും പ്രശ്നങ്ങളോടും പ്രതികരിക്കുന്നതിനും, കുട്ടികളിൽ ക്രിമിനൽ പ്രവണതകൾ കൈകാര്യം ചെയ്യുന്നതിനും, നെഗറ്റീവ് സ്വാധീനങ്ങൾ നീക്കം ചെയ്യുന്നതിനും, മാതാപിതാക്കളും നയങ്ങൾ രൂപീകരിക്കുന്നവരും ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
ക്ലാസ് മുറികൾ കുട്ടികളെ എങ്ങനെ രൂപപ്പെടുത്തുന്നു
ഞങ്ങളിൽ ഒരാൾ (നേഹ) ടീച്ച് ഫോർ ഇന്ത്യ ഫെലോഷിപ്പിൻറെ ഭാഗമായിരുന്നു, ക്ലാസ്റൂം സംസ്കാരങ്ങൾ തിരിച്ചറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു അദ്ധ്യാപികയാണ് നേഹ. ഒരു ക്ലാസ്റൂമിനുള്ളിലെ പഠന അന്തരീക്ഷത്തെ നിർവചിക്കുന്ന വിശ്വാസങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയാണ് ക്ലാസ്റൂം സംസ്കാരം.
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, ക്ലാസ് മുറികൾ പാഠങ്ങൾക്കും പാഠ്യപദ്ധതിക്കും അതീതമായ ഇടങ്ങളാണ്. പകരം അവർ കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന സ്ഥലമാണ്. ശക്തവും ക്രിയാത്മകവുമായ സംസ്കാരങ്ങളുള്ള ക്ലാസ് മുറികൾ ഒരു കുട്ടിയിൽ വളരെയധികം മാറ്റം വരുത്തുന്നു. നല്ല സംസ്കാരമുള്ള സ്കൂളുകളും ക്ലാസ് മുറികളും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും, യൗവനത്തിലെ വികാസം മെച്ചപ്പെടുത്തുകയും, വിദ്യാർത്ഥികളുടെ മാനസിക ക്ഷേമത്തെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പ്രായപൂർത്തിയാകുന്നതുവരെ വ്യാപിക്കുന്ന സ്വാധീനങ്ങൾ ഉണ്ടാക്കും.
ക്ലാസ്റൂം സംസ്കാരങ്ങൾ സൃഷ്ടിക്കുന്നത് എളുപ്പമല്ല. നിയമങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയോ, ചുവരുകളിൽ പോസിറ്റീവ് സന്ദേശങ്ങളുള്ള ചാർട്ടുകൾ തൂക്കിയിടുന്നതിലൂടെയോ മാത്രമല്ല ഇത് സൃഷ്ടിക്കപ്പെടുന്നത്. ശക്തമായ ഒരു ക്ലാസ്റൂം സംസ്കാരത്തിന് നല്ല മാതൃകകൾ സജ്ജീകരിക്കുന്നതിന് അധ്യാപകരുടെ പരിശ്രമവും സ്ഥിരമായ ഇടപെടലുകളും ആവശ്യമാണ്. ക്ലാസ് മുറിയിൽ സഹാനുഭൂതി പ്രധാനമാണെന്നും അത് ഒരു സാംസ്കാരിക മൂല്യമാണെന്നും അറിഞ്ഞാൽ ഒരു കുട്ടി മറ്റുള്ളവരെ കളിയാക്കുന്നത് നിർത്തുന്നു. അവളുടെ അധ്യാപകർ ഉൾപ്പെടെയുള്ള മറ്റുള്ളവർ ക്ലാസ് മുറിയിൽ അത് പരിശീലിക്കുന്നത് അവൾ കാണുമ്പോൾ അവൾ തൻറെ സ്വഭാവം മാറ്റുന്നു.
ഓരോ കുട്ടിയും മൂന്ന് ചോദ്യങ്ങളുമായാണ് ഒരു ക്ലാസ് മുറിയിൽ പ്രവേശിക്കുന്നത്: ഞാൻ ഇവിടെ സുരക്ഷിതനാണോ? എന്നെ ഇവിടെ ഉള്ളവർ മനസ്സിലാകുമോ? എനിക്ക് ഇവിടെ വളരാൻ കഴിയുമോ? ഒരു വിദ്യാർത്ഥിക്ക് വളരാൻ, ആദ്യത്തെ രണ്ട് ചോദ്യങ്ങൾക്ക് ക്രിയാത്മകമായ ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്, അവിടെയാണ് ക്ലാസ്റൂം സംസ്കാരം പങ്ക് വഹിക്കുന്നത്.
ക്രിയാത്മകമായ ക്ലാസ് മുറികൾ സൃഷ്ടിക്കുന്നതെങ്ങനെ?
നമുക്ക് എങ്ങനെ നല്ല ക്ലാസ് മുറികൾ സൃഷ്ടിക്കാൻ കഴിയും? വർഷങ്ങളായി, ശക്തവും ക്രിയാത്മകവുമായ ഒരു ക്ലാസ്റൂം സംസ്കാരം കെട്ടിപ്പടുക്കാൻ നേഹ പല മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇവയാണ്:
ശക്തമായ ബന്ധങ്ങളാണ് അടിത്തറ - അധ്യാപകർ ഒരു കുട്ടി എന്തുകൊണ്ട് അവരുടെ രീതിയിൽ പെരുമാറുന്നത് എന്ന് തിരിച്ചറിയണം. കുട്ടികൾ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോൾ പോലും അവരെ സ്ഥിരമായി പിന്തുണയ്ക്കേണ്ടതുണ്ട്. ഇത് അദ്ധ്യാപകരും വിദ്യാർത്ഥിയും തമ്മിൽ ശക്തമായ വിശ്വാസബോധം സൃഷ്ടിക്കുന്നു. ഇത് അർത്ഥവത്തായ ഇടപഴകലിലേക്കുള്ള ആദ്യപടിയായി മാറുന്നു.
ഉടമസ്ഥത കെട്ടിപ്പടുക്കുന്നതിനുള്ള പങ്കിട്ട ഐഡൻറിറ്റി - ഓരോ കുട്ടിക്കും അവരെ ഉൾപ്പെടുത്തുന്ന ഒരു ക്ലാസ്റൂം ആവശ്യമാണ്. നേഹയും അവളുടെ വിദ്യാർത്ഥികളും അവരുടെ ക്ലാസ് മുറിയെ "ഔർ ലിറ്റിൽ ഇന്ത്യ" എന്ന് വിളിക്കുകയും ഓരോരുത്തരും അവരുടെ സ്വപ്ന ഇന്ത്യയുടെ പൗരന്മാരായി മാറുകയും ചെയ്തു. അവരുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടുകയും അവരുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അവർ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് സ്വന്തമെന്ന ബോധവും സ്വത്വവും സൃഷ്ടിക്കുന്നു.
ചട്ടങ്ങളല്ല മാനദണ്ഡങ്ങൾ - ചട്ടങ്ങൾ മുകളിൽ നിന്ന് നടപ്പിലാക്കുന്നു, അതേസമയം മാനദണ്ഡങ്ങൾ താഴെ നിന്ന് കൂട്ടായി രൂപപ്പെടുത്തുന്നു. നേഹയുടെ ക്ലാസ് മുറിയിൽ, അവളും അവളുടെ വിദ്യാർത്ഥികളും എല്ലാവരും പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉണ്ടാക്കി. "വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഓടാൻ പാടില്ല" എന്നതുപോലുള്ള ചട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അവർ ഒത്തുചേർന്ന് "ഇവിടെ എല്ലാവരും സുരക്ഷിതരാണെന്ന് നിങ്ങൾ എങ്ങനെ ഉറപ്പാക്കും?" തുടങ്ങിയ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. ഇത് ഓരോ കുട്ടിക്കും ചർച്ച ചെയ്യാനും മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ഒരു കൂട്ടായ ഇടമായി ക്ലാസ് മുറിയെ മാറ്റുന്നു.
സൗമ്യവും എന്നാൽ ഉറച്ചതുമായ ഉത്തരവാദിത്തം - മാനദണ്ഡങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ, ഉത്തരവാദിത്തം ഒരു പങ്കിട്ട വ്യവഹാരമാണ്. ഓരോ വിദ്യാർത്ഥിയും പരസ്പരം ഉത്തരവാദിത്തമുള്ളവരാണ്. ഏതെങ്കിലും ഒരു വിദ്യാർത്ഥി ഒരു മാനദണ്ഡം ലംഘിക്കുകയും ഉദാഹരണത്തിന്, മറ്റൊരു വിദ്യാർത്ഥിയെ അവഹേളിക്കുകയും ചെയ്താൽ, മാനദണ്ഡങ്ങൾ പാലിക്കാൻ അവളോട് ശക്തമായി ആവശ്യപ്പെടാം.
എല്ലാ ദിവസവും സംസ്കാര-നിർമ്മാണ ദിനമാണ് - കുട്ടികൾ ഉൾപ്പെടെ നാമെല്ലാവരും ദിനംപ്രതി പഠിക്കുന്നു. ഓരോ ആശയവിനിമയത്തിലൂടെയും ഒരു അധ്യാപകൻ ഈ പതിവ് സൃഷ്ടിക്കണം. ഒരു അധ്യാപകൻ കുട്ടികളെ എങ്ങനെ അഭിവാദ്യം ചെയ്യുന്നു, ഒരു കുട്ടിയുടെ ആശങ്കകളോട് അവർ എങ്ങനെ പ്രതികരിക്കുന്നു, ഒരു കുട്ടി വൈകുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നു - എല്ലാം സംസ്കാരത്തിൽ രേഖപ്പെടുത്തപ്പെടുന്നു.
അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുക എന്നതാണ് നേഹ നിർദ്ദേശിക്കുന്ന ഒരു മാന്ത്രിക മരുന്ന്. ഒരു കുട്ടിയുടെ പശ്ചാത്തലം, അവരുടെ വീട്ടിലെ സാഹചര്യം, മാതാപിതാക്കളുടെ പ്രതീക്ഷകൾ, കുട്ടികൾ എന്തുകൊണ്ട് ചില രീതികളിൽ പെരുമാറുന്നുവെന്ന് മനസിലാക്കാൻ ഇത് സഹായിക്കും. എല്ലാ ശക്തവും നല്ലതുമായ സംസ്കാരങ്ങളും പരസ്പര ധാരണയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
മെച്ചപ്പെട്ട ക്ലാസ് മുറികൾക്ക് നയപരമായ മാറ്റങ്ങൾ
ഫൗണ്ടേഷനൽ ലേണിംഗ് പോലുള്ള വിദ്യാഭ്യാസത്തിലെ ദീർഘകാല പ്രശ്നങ്ങളിൽ പലതും പരിഹരിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ശ്രമിക്കുമ്പോൾ, ക്ലാസ്റൂം സംസ്കാരത്തെക്കുറിച്ച് വ്യക്തമായ പരാമർശമോ പദ്ധതിയോ ഇല്ല. കുട്ടികളുടെ വിദ്യാഭ്യാസപരവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കുന്ന അടിത്തറയാണ് ക്ലാസ്റൂം സംസ്കാരം എന്ന് കണക്കിലെടുക്കുമ്പോൾ, അതിനായി നയങ്ങളും ഉണ്ടായിരിക്കണം.
രാജ്യത്തിൻറെയും കേരളത്തിൻറെയും വിദ്യാഭ്യാസ നയങ്ങളിൽ ഇനിപ്പറയുന്ന മാറ്റങ്ങൾ ഞങ്ങൾ നിർദ്ദേശിക്കുന്നു:
പാഠ്യപദ്ധതിയിലും നിരീക്ഷണത്തിലും ക്ലാസ്റൂം സംസ്കാരത്തിൻറെ അംഗീകാരം - ക്ലാസ്റൂം സംസ്കാരം, വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് എന്നിവ സ്കൂൾ ഇൻസ്പെക്ഷൻ റൂബ്രിക്സ്, അധ്യാപക നിരീക്ഷണ ഉപകരണങ്ങൾ, റിപ്പോർട്ട് കാർഡുകൾ എന്നിവയുടെ ഭാഗമാക്കേണ്ടതുണ്ട്. അളക്കാൻ കഴിയുന്നവ മാത്രമേ നമുക്ക് മാറ്റാനോ മുൻഗണന നൽകാനോ കഴിയുകയുള്ളു.
സാംസ്കാരിക നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സമയവും സ്ഥലവും - ഗ്രൂപ്പ് ആയുള്ള പഠനം, വിദ്യാർത്ഥി ചർച്ചകൾ, മാനസിക സമ്മർദ്ദം കുറക്കാനുള്ള ഇടപെടലുകൾ, കമ്മ്യൂണിറ്റി നിർമ്മാണ ഗെയിമുകൾ എന്നിവയ്ക്കായി പ്രതിവാര സമയം നീക്കിവയ്ക്കുക.
പാഠ്യപദ്ധതിക്ക് പങ്കാളിയായി സാമൂഹിക പശ്ചാത്തലം - ഇന്ത്യയിലെയും കേരളത്തിലെയും വിദ്യാഭ്യാസ നയങ്ങൾ അനുയോജ്യമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദാരിദ്ര്യം, ജാതി, ലിംഗ പക്ഷപാതം, വ്യക്തിപരമായ ആഘാതങ്ങൾ തുടങ്ങിയ വിദ്യാർത്ഥികളുടെ ജീവിത യാഥാർത്ഥ്യങ്ങളെ നയങ്ങൾ അവഗണിക്കുന്നു. ലക്ഷ്യങ്ങളും ഘടനയും നിശ്ചയിക്കുമ്പോൾ അധ്യാപകരും സ്കൂളുകളും വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കണം. ഇതിന് വീട് സന്ദർശനങ്ങൾ, കമ്മ്യൂണിറ്റി സർവേകൾ, പ്രാദേശിക ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അവബോധം എന്നിവ ആവശ്യമാണ്.
അധ്യാപകരുടെ വൈകാരിക ക്ഷേമത്തിനുള്ള പിന്തുണാ ഘടനകൾ - കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം നാം അധ്യാപകരെ ഏല്പിക്കുന്നു. എന്നാൽ അധ്യാപകരുടെ മാനസിക സാഹചര്യം മെച്ചപ്പെടുത്താൻ നാം മാർഗ്ഗങ്ങളൊന്നും സ്വീകരിക്കുന്നില്ല. അധ്യാപകർക്ക് സമപ്രായക്കാരുടെ മാർഗനിർദേശം, കൗൺസിലിംഗ് പിന്തുണ, വൈകാരിക ക്ഷേമ ശിൽപശാലകൾ എന്നിവ നിർബന്ധമാക്കേണ്ടത് ആവശ്യമാണ്. വിദ്യാർത്ഥികളെപ്പോലെ അധ്യാപകരും കാണപ്പെടുവാനും വിലമതിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. അങ്ങനെ ഉള്ള അധ്യാപകർ അവരുടെ വിദ്യാർത്ഥികൾക്കായി ഒരു നല്ല സംസ്കാരം കെട്ടിപ്പടുക്കാനുള്ള സാധ്യത കൂടുതലാണ്.
മുന്നോട്ടുള്ള വഴി
ഇന്ത്യയിലെയും കേരളത്തിലെയും വിദ്യാഭ്യാസ ഭൂപ്രകൃതിയ്ക്ക് കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ നൽകാൻ കഴിയും. സ്കൂളുകളും സമപ്രായക്കാരും കൗമാരക്കാരായ കുട്ടികളിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്നു. അവർ മുതിർന്നവരായിത്തീരുമ്പോഴും അവരുടെ വൈകാരികവും സാമൂഹികവുമായ ക്ഷേമത്തെ ഇത് ബാധിക്കും.
ദൃഢവും പതിവുള്ളതുമായ നടപടികളിലൂടെ നമ്മുടെ സ്കൂളുകളിൽ ശക്തവും ക്രിയാത്മകവുമായ ഒരു സംസ്കാരത്തെ നാം സ്ഥാപനവൽക്കരിക്കേണ്ടതുണ്ട്. സ്കൂളുകളിലൂടെയും അവയുടെ സംസ്കാരത്തിലൂടെയും മാത്രമേ നമ്മുടെ രാജ്യത്തെ നയിക്കുന്ന ഭാവി പൗരന്മാരെ രൂപപ്പെടുത്താനും വികസിപ്പിക്കാനും കഴിയൂ.







