കാർത്തിക് മുരളീധരൻ്റെ ആക്സിലറേറ്റിംഗ് ഇന്ത്യാസ് ഡെവലപ്മെൻ്റ് എന്ന പുസ്തകം ഞാൻ അടുത്തിടെ വായിച്ചു തീർത്തു. അമിത് വർമ്മയുടെ പോഡ്കാസ്റ്റിൽ കാർത്തിക് മുരളീധരൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതുമുതൽ ഞാൻ ഈ പുസ്തകത്തിനായി കാത്തിരിക്കുകയായിരുന്നു. അത് പുറത്തിറങ്ങിയ ഉടൻ തന്നെ ഞാൻ ഓർഡർ ചെയ്തു. എന്നാൽ ഈ പുസ്തകം വായിച്ചു പൂർത്തിയാക്കുവാൻ എനിക്ക് ഏകദേശം ഒരു വർഷമെടുത്തു. പുസ്തകത്തിലെ ആശയങ്ങളുടെ ആഴം ഇതിന് ഒരു പ്രധാന കാരണമായിരുന്നു. ഇതിലെ കുറിപ്പുകൾ പോലും ഏകദേശം 200 പേജുകളോളം നീളുന്നു. ഓരോ അധ്യായവും ഇന്ത്യയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും, സർഗ്ഗാത്മകവും എന്നാൽ പ്രായോഗികവുമായ ആശയങ്ങളാൽ സമ്പന്നമാണ്.
ഈ ലേഖനത്തിൽ, ഈ പുസ്തകത്തിൽ എന്നെ ആകർഷിച്ച ചില ആശയങ്ങൾ ഞാൻ വിവരിക്കുന്നു. ഈ ആശയങ്ങൾ മുഴുവൻ ഇന്ത്യയിലെ സംവിധാനത്തിൻറെ ശേഷി (സ്റ്റേറ്റ് കപ്പാസിറ്റി) കെട്ടിപ്പടുക്കുന്നതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
1. ഇന്ത്യൻ സ്റ്റേറ്റും സർവീസ് ഡെലിവറിയും
ഫലപ്രദമായ സേവന വിതരണത്തിൽ ഇന്ത്യ പരാജയപ്പെടുന്നു. നമുക്ക് പദ്ധതികളും സംവിധാനങ്ങളും ഉണ്ടെങ്കിലും സേവനങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ഉദാഹരണത്തിന്, രാജ്യത്തുടനീളം സ്കൂളുകൾ ഉണ്ടെങ്കിലും എല്ലാ സ്കൂളുകളിലും ആവശ്യത്തിനുള്ള അധ്യാപകർ ഇല്ല. നമുക്ക് കോടതികൾ ഉണ്ടെങ്കിലും 50 ദശലക്ഷത്തിലധികം കേസുകൾ തീർപ്പുകൽപ്പിക്കാതെ ഇരിക്കുന്നു. രാജ്യത്തുടനീളം ആശുപത്രികൾ ഉണ്ടെങ്കിലും, അവ ജീവനക്കാരുടെ അഭാവം അഭിമുഖീകരിക്കുന്നു.
സേവന വിതരണത്തിലെ ഇന്ത്യയുടെ ബലഹീനത സ്റ്റേറ്റ് കപ്പാസിറ്റിയിലെ ന്യൂനത മൂലമാണ് എന്നതാണ് പുസ്തകത്തിലെ ഒരു പ്രധാന വാദം.
നയങ്ങൾ ഫലപ്രദമായി രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനുമുള്ള സർക്കാരുകളുടെ കഴിവാണ് സ്റ്റേറ്റ് കപ്പാസിറ്റി. സർക്കാർ ഉദ്യോഗസ്ഥരുടെ കഴിവുകൾ മെച്ചപ്പെടുത്തുക, സർക്കാരിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, നികുതി പിരിവിൻറെയും സർക്കാർ ചെലവിൻറെയും ഗുണനിലവാരം മെച്ചപ്പെടുത്തുക, സർക്കാർ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ സ്റ്റേറ്റ് കപ്പാസിറ്റി കൂട്ടുന്നതിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ ദുർബലമായ സ്റ്റേറ്റ് കപ്പാസിറ്റി രാജ്യത്തിനു മേലുള്ള പ്രതീക്ഷകൾ കണക്കിലെടുക്കുമ്പോൾ സ്വാഭാവികമാണെന്ന് കാർത്തിക് മുരളിധരൻ പറയുന്നു. മെച്ചപ്പെട്ട സ്റ്റേറ്റ് കപ്പാസിറ്റിയുള്ള മിക്ക പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കും അവ ആരംഭിക്കുമ്പോൾ വളരെ കുറഞ്ഞ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.
ഈ രാജ്യങ്ങളിൽ, വോട്ടവകാശം തുടക്കത്തിൽ എല്ലാ പൗരന്മാർക്കും ലഭ്യമായിരുന്നില്ല. ആ കാലയളവിൽ രാജ്യത്തിന് അതിൻറെ ശേഷി വികസിപ്പിക്കാനുള്ള അവസരം ലഭിച്ചു. കാലക്രമേണ കൂടുതൽ പൗരന്മാർക്ക് വോട്ടവകാശം നൽകുമ്പോൾ പ്രതീക്ഷകൾ വർദ്ധിച്ചു. എന്നാൽ അത് നിറവേറ്റുന്നതിനുള്ള ശേഷി അപ്പോളേക്കും ഈ രാജ്യങ്ങൾ കൈവരിച്ചു.
ഈ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ 1947ൽ തന്നെ സാർവത്രിക വോട്ടവകാശം ആരംഭിച്ചു. ഇത് രാഷ്ട്രീയമായും സാമൂഹികമായും നീതിയുക്തമാണെങ്കിലും, ഇത് പ്രതീക്ഷകളുടെ വലിയ സമ്മർദ്ദം ചെലുത്തി. എല്ലാ പൗരന്മാരുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്റ്റേറ്റ് കപ്പാസിറ്റിയിൽ നിക്ഷേപം നടത്തേണ്ട സമയമാണിതെന്ന് മുരളിധരൻ പറയുന്നു.
എന്നാൽ ഇതിനോട് വിയോജിക്കുന്ന മറ്റ് ശബ്ദങ്ങളും നയമേഖലയിലുണ്ട്. സ്റ്റേറ്റ് കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വേണ്ടി മുരളീധരൻ വാദിക്കുമ്പോൾ, ശ്രുതി രാജഗോപാലനെപ്പോലുള്ളവർ ഇത് പ്രതികൂലമായി കാണുന്നു.
ദുർബലമായ രാജ്യത്തിന് എങ്ങനെ സ്വന്തം ശേഷി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അവർ ചോദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ, സ്റ്റേറ്റ് കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നിലവിലുള്ള ശേഷിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയേക്കാം. പകരം, നിയമങ്ങളും ഉത്തരവാദിത്തങ്ങളും ലളിതമാക്കാൻ അവർ നിർദ്ദേശിക്കുന്നു. അവശ്യ പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് ഇവർ പറയുന്നു. കാലക്രമേണ സ്വാഭാവികമായി നിയമങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊള്ളും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
2. കാര്യക്ഷമതയും സമത്വവും
അമർത്യ സെൻ, ജഗദീഷ് ഭഗവതി എന്നിവർ പ്രതിനിധീകരിക്കുന്ന സെൻ-ഭഗവതി സംവാദത്തെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നു. സെന്നിനോടൊപ്പം നിൽക്കുന്ന ആളുകൾ സാമ്പത്തിക വളർച്ചയേക്കാൾ മനുഷ്യവികസനത്തിന് ഊന്നൽ നൽകുന്നു. പ്രതിശീർഷ വരുമാനം കുറവാണെങ്കിലും ഉയർന്ന മനുഷ്യവികസനം കൈവരിച്ച കേരളം, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവർ വിരൽ ചൂണ്ടുന്നു.
ചർച്ചയുടെ ഭഗവതി പക്ഷം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ക്രമസമാധാനം, സ്വതന്ത്ര വിപണികൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ച ലക്ഷ്യം വെക്കുന്നു. മനുഷ്യവികസനം സ്വാഭാവികമായി ഉണ്ടാവുന്ന ഒരു ഉപോൽപ്പന്നമായി അവർ കാണുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്കും അവരുടെ ആദ്യ വർഷങ്ങളിലേക്കും അവർ വിരൽ ചൂണ്ടുന്നു. അടിസ്ഥാന മനുഷ്യവികസനം ഉൾപ്പെടെ എല്ലാത്തിനും "സാമ്പത്തിക വളർച്ച മതി, സാമ്പത്തിക വളർച്ച മാത്രം മതി" എന്ന് ലാൻറ് പ്രിച്ചെറ്റിനെപ്പോലുള്ളവരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ സംവാദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയോജനകരമല്ലെന്ന് മുരളീധരൻ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും, സാമൂഹിക മേഖലയ്ക്കും വേണ്ടി സർക്കാരുകൾ ഗണ്യമായ തുക ചെലവഴിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പൊതുപണം മോശമായി ചെലവഴിക്കുന്നു എന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നം, ഇതാണ് മാറേണ്ടത്. അദ്ദേഹം പറയുന്നു:
“..അതിനാൽ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിയന്ത്രിതമായ മത്സരാധിഷ്ഠിത വിപണികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. അതേസമയം അവശ്യ പൊതു സേവനങ്ങളും നന്നായി രൂപകൽപ്പന ചെയ്ത ക്ഷേമപദ്ധതികളും നൽകുന്നതിൽ സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക”
3. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ മെച്ചപ്പെടുത്താൻ പ്രാദേശിക സന്നദ്ധപ്രവർത്തകർ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളെക്കുറിച്ച് മുരളീധരൻ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. അവർക്കായി അദ്ദേഹം നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സന്നദ്ധപ്രവർത്തകരെ നിയമിക്കുന്നതായിരുന്നു എന്നെ ആകർഷിച്ച നിർദ്ദേശങ്ങളിലൊന്ന്.
വിദ്യാഭ്യാസത്തിൽ, പഠന ഫലങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒരു പ്രതിസന്ധി നേരിടുന്നു. ശരാശരി പഠന നിലവാരം, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളിൽ, ഗ്രേഡ്-അനുയോജ്യമായ നിലവാരത്തേക്കാൾ വളരെ താഴെയാണ്. കേരളത്തിലെ ആദിവാസി വിദ്യാർത്ഥികൾക്കിടയിൽ സമാനമായ പ്രശ്നം നിലനിൽക്കുന്നതെങ്ങനെയെന്ന് ഞങ്ങൾ മുമ്പ് എഴുതിയിട്ടുണ്ട്.
ഇത് പരിഹരിക്കാനുള്ള ഒരു മാർഗ്ഗം അധ്യാപകരെ മെച്ചപ്പെടുത്തുക എന്നതാണ്. പരമ്പരാഗതമായി, അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചോ കൂടുതൽ 'യോഗ്യതയുള്ള' അധ്യാപകരെ നിയമിച്ചോ ആണ് ഇത് ചെയ്യുന്നത്. അടിസ്ഥാന സാക്ഷരതയും, ഗണിതവും മെച്ചപ്പെടുത്തുന്നതിൽ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മാത്രം പൂർത്തിയാക്കിയ സന്നദ്ധപ്രവർത്തകർ മതിയെന്നുള്ള ഗവേഷണത്തിലേക്ക് അദ്ദേഹം വിരൽ ചൂണ്ടുന്നു. തമിഴ് നാട്ടിലെ ഇല്ലം തെഡി കൽവി പരിപാടി പോലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലുള്ള പരിപാടികൾ നടപ്പാക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു.
അതുപോലെ, ആരോഗ്യമേഖലയിൽ, ഗ്രാമപ്രദേശങ്ങൾ ജീവനക്കാരുടെ അഭാവം നേരിടുന്നു. ഈ വിടവ് നികത്താൻ പ്രാദേശിക ജീവനക്കാരെ അടിസ്ഥാന ആരോഗ്യ സേവകരായി നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.
സാമ്പത്തിക സമ്മർദ്ദങ്ങൾ സമീപ വർഷങ്ങളിൽ ധാരാളം കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. പ്രാദേശിക കരാർ ജീവനക്കാരെയോ സന്നദ്ധപ്രവർത്തകരെയോ നിയമിക്കുന്നത് വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് മുരളീധരൻ പറയുന്നു.
അവസാനമായി..
ഇന്ത്യയിലെ വികസനത്തിലും നയ സംവിധാനത്തിലും താൽപ്പര്യമുള്ളവർക്ക് ഏറ്റവും മികച്ച കൃതികളിലൊന്നാണ് കാർത്തിക് മുരളീധരൻറെ പുസ്തകം എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഈ പുസ്തകം വായിക്കാൻ സമയമില്ലെങ്കിൽ, ഞാൻ ഉണ്ടാക്കിയ ഒരു (അപൂർണ്ണമായ) സംഗ്രഹം ഇവിടെ പങ്കുവെക്കുന്നു.
മൊത്തത്തിൽ, ദുർബലമായ സ്റ്റേറ്റ് കപ്പാസിറ്റി ഇന്ത്യയുടെ വികസനത്തിൽ ഒരു വലിയ വിലങ്ങു തടിയാണ്. ഈ പ്രശ്നം അടിയന്തിരമായി നാം പരിഹരിക്കേണ്ടതുണ്ട്. ഈ ചർച്ചയ്ക്ക് ഈ പുസ്തകം വലിയ സംഭാവന നൽകുന്നു.