മണിപ്പൂർ - ഇന്ത്യൻ സ്റ്റേറ്റിൻറെ പരാജയം
സൈനിക ശക്തി കൊണ്ടോ പാരിതോഷികങ്ങൾ (ഫ്രീബീസ്) വിതരണം ചെയ്തത് കൊണ്ട് കലാപകാരികളെ അടിച്ചമർത്താൻ കഴിയില്ല.
2023 ജൂണിൽ, അസമിൽ യാത്ര ചെയ്യുമ്പോളാണ് മണിപ്പൂരിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ എനിക്ക് (സോനൽ) സാധിച്ചത്. ആ യാത്രയിൽ മണിപ്പൂരി മെയ്തേയ് വിഭാഗത്തിലെ ഒരു വ്യക്തിയെ ഞാൻ കണ്ടുമുട്ടി. ‘വർക്ക് ഫ്രം ഹോം’ ആയി ജോലി ചെയ്തിരുന്ന അദ്ദേഹം മണിപ്പൂരിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ഗുവാഹത്തിയിലേക്ക് താമസം മാറി. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ, ഞാൻ അദ്ദേഹത്തോട് അത് ചോദിച്ചു. "നിങ്ങൾക്ക് എത്ര സമയമുണ്ട്?" എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
മണിപ്പൂരിലെ സ്ഥിതി സങ്കീർണമാണ്. ഒരു ലളിതമായ വിശദീകരണം മതിയാകില്ല. ഗോത്ര സ്വത്വങ്ങൾ, ചരിത്രം, സംസ്ഥാന പദവി, ഭരണകൂടത്തിൻറെ പരാജയം, രാഷ്ട്രീയ ജിംഗോയിസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ട്. മണിപ്പൂരിൽ നിന്ന് വളരെ അകലെ ഇരിക്കുന്ന ഞങ്ങൾക്ക്പൂർണമായ ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, മണിപ്പൂരിലെ പൗരന്മാർക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ ഭരണകൂടം പരാജയപ്പെട്ടു. രണ്ട്, ഈ പ്രശ്നം വർഷങ്ങളോളമായി തുടരുന്ന ഒന്നാണ്.
വടക്കുകിഴക്കൻ മേഖലയും സ്റ്റേറ്റ് ശക്തിയും
രാജ്യത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഇന്ത്യ. എന്നാൽ, വടക്കുകിഴക്കൻ ഇന്ത്യക്കാർ പലപ്പോഴും രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളെ 'വ്യത്യസ്ത' മായി കാണുന്നു. 'മെയിൻലാൻഡ് ഇന്ത്യ' യും 'വടക്കുകിഴക്കൻ ഇന്ത്യ' യും തമ്മിലുള്ള വ്യത്യാസം സംഭാഷണങ്ങളിൽ പോലും പ്രകടമാണ്. ഭൂമിശാസ്ത്രപരമായ പരിമിതികളും, ആളുകൾ തമ്മിൽ ഇടപഴകലില്ലായ്മയും ഇതിന് ഒരു ഘടകമാണ്. സിലിഗുരി ഇടനാഴി വളരെ ഇടുങ്ങിയതാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്നത്തെപ്പോലെ എത്തിപ്പെടാൻ പറ്റുന്നവയായിരുന്നില്ല. എന്നാൽ ഇത് മാത്രമല്ല ഇവിടുത്തെ പ്രശ്നം.
മിക്ക വടക്കുകിഴക്കൻ ഇന്ത്യക്കാർക്കും, ഇന്ത്യൻ സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്നത് അതിൻറെ ഭരണഘടനയോ ജനാധിപത്യമോ അല്ല. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സ്റ്റേറ്റ് എന്നത് സൈന്യവും അർധസൈനിക വിഭാഗവുമാണ്. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളോളം നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സായുധ സേനയുടെ പ്രത്യേക അധികാര നിയമമായ AFSPAയുടെ കീഴിലായിരുന്നു. ഇത് ഇന്ത്യൻ സൈന്യത്തിന് നീതിന്യായ വ്യവസ്ഥയിൽ നിന്നും സുരക്ഷ നൽകി. ഈ സുരക്ഷ മുൻനിർത്തി സായുധ സേന ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, 1966ൽ ഇന്ദിരാഗാന്ധി സർക്കാർ ഐസ്വാലിൽ സ്വന്തം പൌരന്മാർക്ക് നേരെ നടത്തിയ ബോംബാക്രമണവും, 1987ൽ മണിപ്പൂരിലെ ഓപ്പറേഷൻ ബ്ലൂബെർഡും കൂട്ടക്കൊലകൾ, ബലാത്സംഗം, തിരോധാനം എന്നിവയിലേക്ക് നയിച്ചതായി ആരോപിക്കപ്പെടുന്നത് സർക്കാർ നടത്തിയ അനീതികളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
വടക്കുകിഴക്കൻ മേഖലയിലെ പല ഗ്രൂപ്പുകളും ഈ സായുധ ഇന്ത്യൻ സ്റ്റേറ്റിനോട് കലാപത്തിലൂടെ പ്രതികരിച്ചു. തുടർന്നുണ്ടായ സർക്കാരുകൾ കലാപത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ സ്റ്റേറ്റിന് വഴങ്ങി ജീവിക്കാൻ ജനങ്ങളെ പ്രലോഭിപ്പിച്ചു. മിക്കപ്പോഴും ബലപ്രയോഗം, ഭീഷണി, അടിച്ചമർത്തൽ, മറ്റ് സമയങ്ങളിൽ പണം, മയക്കുമരുന്ന്, ഗോത്ര നേതാക്കൾക്ക് കൈക്കൂലി എന്നീ മാർഗങ്ങൾ സർക്കാരുകൾ സ്വീകരിച്ചു. ഒരു വശത്ത് അക്രമാസക്തമായ രാജ്യവും മറുവശത്ത് കലാപകാരികളായ ഗ്രൂപ്പുകളും ആളുകളെ എതിർ ദിശകളിലേക്ക് വലിച്ചിഴച്ചു. ഇത് ആളുകൾ അകത്തേക്ക് പിൻവാങ്ങുന്നതിനും അവരുടെ ഗോത്ര സ്വത്വം നിലനിർത്തുന്നതിനും കാരണമായി.
മണിപ്പൂർ
മണിപ്പൂരിലെ പ്രശ്നങ്ങളും സമാനമാണ്. സംസ്ഥാനത്തിന് നിരവധി ഗോത്രങ്ങളുണ്ടെങ്കിലും കുക്കികളും മെയ്തേയ്കളും ആധിപത്യം പുലർത്തുന്നു. കുക്കികൾ പർവതങ്ങളിൽ വസിക്കുമ്പോൾ മെയ്തേയ്കൾ താഴ്വരയിൽ ആധിപത്യം പുലർത്തുന്നു. ഇന്ത്യൻ ഭരണകൂടത്തിൻ്റെയും അതിൻ്റെ രാഷ്ട്രീയ സംവിധാനങ്ങളുടെയും വരവ് ഗോത്രങ്ങൾ തമ്മിലുള്ള അധികാര വടംവലിക്ക് സങ്കീർണതകൾ നൽകി.
ഈ മേഖലയിലെ നിയന്ത്രണങ്ങളുടെ അഭാവത്തിൽ, പ്രത്യേകിച്ച് ശക്തരായ വിദേശ അയൽക്കാർ ഉള്ളതിനാൽ, ഇന്ത്യൻ ഭരണകൂടം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മേൽ ശക്തമായ കൈവെച്ചു. ഇതുമാത്രമല്ല, സംവരണം, പിന്നോക്ക പദവി മുതലായവയുടെ രൂപത്തിൽ സർക്കാർ ജനങ്ങൾക്ക് പാരിതോഷികങ്ങളും (ഫ്രീബീസ്) വാഗ്ദാനം ചെയ്തു. ഇത് പലപ്പോഴും രാജ്യവിരുദ്ധ ശബ്ദങ്ങളെ ശാന്തമാക്കാനും മറ്റ് സമയങ്ങളിൽ വോട്ടുകൾ വാങ്ങാനും ഉപയോഗപ്രദമായി. ഈ ഫ്രീബീസിൽ ചിലത് ചോദ്യം ചെയ്യപ്പെട്ട ഒരു കോടതി തീരുമാനമായിരുന്നു മണിപ്പൂരിൽ ഇപ്പോൾ കാണുന്ന പ്രശ്നം ആളികത്തിച്ചത്.
എം. രാജശേഖർ തൻറെ പുസ്തകത്തിൽ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്:
"...1960കളിലാണ്... സായുധകലാപങ്ങൾ തുടങ്ങുന്നത്… വടക്കുകിഴക്കൻ മേഖലയിലെ സർക്കാർ കരാറുകൾ തട്ടിയെടുക്കുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ പ്രാദേശിക അധ്യായത്തിലെ കൂട്ടാളികൾ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിലുമുള്ള പ്രതികരണമായിരുന്നു അവ… എന്നിരുന്നാലും, 2000ത്തിൻറെ തുടക്കത്തിൽ, സംസ്ഥാനത്തെ മിക്ക കലാപ ഗ്രൂപ്പുകളും പിടിച്ചുപറി സംഘങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയും പ്രാദേശിക രാഷ്ട്രീയക്കാരുമായി ബന്ധം വളർത്തിയെടുക്കുകയും ചെയ്തു... വോട്ടർമാരെ ഭയപ്പെടുത്താൻ ഗ്രൂപ്പുകൾ അവരുടെ തോക്കുകൾ സ്വതന്ത്രമായി ഉപയോഗിച്ചു, തിരഞ്ഞെടുപ്പുകളിൽ പൂർണ്ണമായും കൃത്രിമം നടന്നു…".
മണിപ്പൂരിലെ അക്രമത്തിൻറെ മൂലകാരണം സ്റ്റേറ്റിൻറെ ശക്തമായ കരങ്ങളാണ്. വടക്കുകിഴക്കൻ മേഖലയിലെ വ്യാപകമായ മയക്കുമരുന്ന് ഉൽപാദനവും, കള്ളകടത്തും, കാര്യക്ഷമമല്ലാത്തതും അഴിമതി നിറഞ്ഞതുമായ ഭരണവും എല്ലാം ഇത് മൂലം ഉണ്ടാവുന്നതാണ്.
ശക്തമായ സ്റ്റേറ്റ്
വടക്കുകിഴക്കൻ ഇന്ത്യയും മണിപ്പൂരും ഒരു ഏകശിലയല്ല. ഗോത്രങ്ങൾ, വംശങ്ങൾ, ഭാഷകൾ എന്നിവയാൽ വൈവിധ്യമാർന്നതാണ് മണിപ്പൂർ. ഇന്ത്യയും വൈവിധ്യങ്ങളുടെ നാടാണ് - പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വേരൂന്നിയ ജാതികളും വംശങ്ങളും ഗോത്രങ്ങളും നമുക്കുണ്ട്. എന്നാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നമ്മുടെ ഭരണഘടനയിൽ നിന്നും, അതിൻറെ മൂല്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ ഇന്ത്യക്കാരൻ എന്ന സ്വത്വം നമ്മുടെ ഗോത്ര സ്വത്വത്തേക്കാൾ മുൻഗണന നേടിയിട്ടുണ്ട്. ഇത് നമ്മുടെ ഭരണഘടന നിർമ്മാതാക്കളുടെ കാഴ്ചപ്പാടായിരുന്നു - ജനങ്ങളുടെ ഗോത്ര സ്വത്വത്തിന് ഇടം നൽകുന്നതിനൊപ്പം, വ്യത്യസ്ത സ്വത്വമുള്ള ആളുകളെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരിക.
എന്നാൽ നിർഭാഗ്യവശാൽ, ചില പ്രദേശങ്ങളിൽ ഇന്ത്യൻ സംസ്ഥാനം ഈ പദ്ധതി പ്രതികൂലമായി നടപ്പാക്കി, പ്രത്യേകിച്ച് ഭരണകൂട വിരുദ്ധ ശബ്ദങ്ങൾ ശക്തമായ പ്രദേശങ്ങളിൽ. പഞ്ചാബിലെ ഖാലിസ്ഥാനി പ്രസ്ഥാനത്തിലും, കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തിലും, നക്സലൈറ്റ് പ്രസ്ഥാനത്തിലും, ഇപ്പോൾ മണിപ്പൂരിലും ഈ പദ്ധതി നാം കാണുന്നു. ഈ സാഹചര്യങ്ങളിലെല്ലാം സ്റ്റേറ്റ് ഒന്നുകിൽ ശക്തമായ കൈകളിലൂടെയോ അല്ലെങ്കിൽ ഫ്രീബീസിലൂടെയോ പ്രതികരിക്കുന്നു. സ്റ്റേറ്റിന് അംഗീകാരം (ലെജിറ്റിമസി) ഉണ്ടാക്കുന്നതിൽ ഇവ രണ്ടും കലാകാലമായും വിജയിച്ചിട്ടില്ല.
ആധുനിക ലോകത്ത് അക്രമം സ്റ്റേറ്റിൻറെ മാത്രം അവകാശമാണെന്ന് പറയപ്പെടുന്നു (മോണോപോളി ഓഫ് വയലെൻസ്). പരമ്പരാഗത സാമൂഹിക കരാർ സിദ്ധാന്തമനുസരിച്ച്, പൗരന്മാർ അക്രമം ഉപയോഗിക്കാനുള്ള അവകാശം ഉപേക്ഷിച്ചു. പൗരന്മാർക്കിടയിലുള്ള അക്രമം തടയുന്നതിനാണ് ഇത് ചെയ്തത്. എന്നിരുന്നാലും, പൗരന്മാരെ സംരക്ഷിക്കേണ്ടുന്ന സാഹചര്യങ്ങളിൽ മാത്രമേ സംസ്ഥാനത്തിന് അക്രമം നടത്താൻ അവകാശമുള്ളൂ. മണിപ്പൂരിൻറെ കാര്യത്തിൽ, ഈ രണ്ട് കാര്യങ്ങളിലും സർക്കാർ പരാജയപ്പെട്ടു - പൗരന്മാരെ പരസ്പരം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും, സ്വന്തം ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും സർക്കാർ ചെയ്തു.
ഫ്രീബി സ്റ്റേറ്റ്
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ, രാഷ്ട്രീയക്കാർക്ക് വിജയിക്കാൻ എല്ലാ വോട്ടുകളുടെയും 20-30% മാത്രമേ ആവശ്യമുള്ളൂ എന്ന് കാർത്തിക് മുരളിധരൻ തൻറെ സർക്കാർ ശേഷിയെക്കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നു. അതിനാൽ അവർ ഒരു പ്രത്യേക സമൂഹത്തിന് ആനുകൂല്യങ്ങൾ നൽകുന്നു, അവരുടെ പ്രത്യേക പിന്തുണ നേടുന്നതിനായി അവരെ മറ്റുള്ളവർക്കെതിരെ ചേരിതിരിച്ചു നിർത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ വോട്ടർമാരെ ധ്രുവീകരിക്കുന്നു. റിസർവേഷൻ, ഫ്രീബിസ്, ഒരു വിഭാഗത്തിന് മാത്രമായുള്ള സ്കീമുകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വോട്ടർമാരുടെ ധ്രുവീകരണം അവർക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നു, ഇതിൻറെ ഒരു പ്രത്യാഘാതമാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിലും, ഇന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും, പലരും ഇന്ത്യൻ സ്റ്റേറ്റിനെ ഒന്നുകിൽ ശക്തമായ സായുധ സംവിധാനമായോ അല്ലെങ്കിൽ ഫ്രീബി സംവിധാനമായോ കാണുന്നു.
പക്ഷേ, നമുക്ക് ഒരു പടി പിന്നോട്ട് പോകാം, സ്വയം ചോദിക്കാം, സംസ്ഥാനത്തിൻറെ ശക്തമായ കൈകളിലൂടെയല്ലെങ്കിൽ, ഫ്രീബി വിതരണത്തിലൂടെ വോട്ടർമാരെ ധ്രുവീകരിക്കുന്നതിലൂടെയല്ലെങ്കിൽ, ഒരു സംസ്ഥാനം എങ്ങനെ പൗരന്മാരുടെ വിശ്വാസം നേടും?
സ്റ്റേറ്റ്, ലെജിറ്റിമസി, നിയമവാഴ്ച
‘ഡിക്റ്റേറ്റർഷിപ്പ്, ഡെമോക്രസി ആൻഡ് ഡെവലപ്മെൻറ്’ എന്ന തൻറെ പ്രധാന കൃതികളിലൊന്നിൽ, ജനാധിപത്യങ്ങളുടെ രൂപീകരണവും വർഷങ്ങളായി അത് കൈവരിച്ച സാമ്പത്തിക വളർച്ചയും മാൻകർ ഓൾസൺ പര്യവേക്ഷണം ചെയ്യുന്നു. രാജ്യമില്ലാത്തതിൽ നിന്ന് ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലേക്കുള്ള പരിവർത്തനം അക്രമത്തിൻറെ അവകാശത്തിലൂടെയും അത് കൊണ്ടുവന്ന നിയമവാഴ്ചയിലൂടെയും, അത് നൽകിയ സ്ഥിരതയിലൂടെയുമാണ് സംഭവിച്ചതെന്ന് ഓൾസൺ പറയുന്നു. അക്രമത്തിന് അവകാശമുള്ള, പൗരന്മാരുടെ മേൽ അധികാരം പ്രയോഗിക്കുന്ന ഒന്നിലധികം സംവിധാനങ്ങൾ ഉള്ളപ്പോൾ അത് അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഒരു സ്റ്റേറ്റ് ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് ഒരു ജനാധിപത്യം ഉണ്ടാകുമ്പോൾ, അത് നിയമവാഴ്ച കൊണ്ടുവരുന്നു. ഇത് തുടർച്ച ഉറപ്പാക്കുന്നതിന് കാരണമാകുന്നു. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ജനങ്ങൾക്ക് അറിയാം. ഏറ്റവും പ്രധാനമായി, കോടതികളിലൂടെ ഭരണകൂടവും പൌരന്മാരും നടത്തുന്ന ലംഘനങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഇത് സാമ്പത്തിക വളർച്ച സാധ്യമാക്കുന്നു.
നിയമവാഴ്ച നടപ്പാക്കാനുള്ള ഒരു സ്റ്റേറ്റിൻറെ കഴിവാണ് അതിന് ലെജിറ്റിമസി നൽകുന്നത്. എം. രാജശേഖർ തൻറെ പുസ്തകത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മണിപ്പൂരിലെ ഒരു നേതാവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സംസാരിക്കുന്നു. നേതാവ് പറഞ്ഞു: "ഒരു കാലത്ത് ആളുകൾക്ക് വീടുകൾ നിർമ്മിക്കാനോ പുതിയ കാറുകൾ വാങ്ങാനോ ഭയമായിരുന്നു. കാരണം സിമെൻറ് ചെയ്ത മനോഹരമായ വീട് കലാപകാരികളുടെ ശ്രദ്ധ ആകർഷിക്കാറുണ്ടായിരുന്നു.” അസ്ഥിരതയെയും അക്രമത്തെയും കുറിച്ച് ആളുകൾ ആശങ്കാകുലരാകുമ്പോൾ ഉൽപ്പാദനപരമായ നിക്ഷേപങ്ങളിലോ സാമ്പത്തിക വളർച്ചയിലോ അവർ ഏർപ്പെടാൻ സാധ്യതയില്ല എന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് ഇത്.
ശക്തി ഉപയോഗിച്ചോ പൗരന്മാരെ ഫ്രീബീ പോലുള്ള സൗജന്യമായ സമ്മാനങ്ങൾ കാണിച്ചോ ലെജിറ്റിമസി സൃഷ്ടിക്കാനാവില്ല, മറിച്ച് നിയമവാഴ്ച കൊണ്ടുവരുന്ന സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലാണ് സ്റ്റേറ്റ് നിക്ഷേപം നടത്തേണ്ടത്.
പോംവഴികൾ
ഭരണകൂടങ്ങൾക്ക് നേരെ വിമതരുടെയും രാഷ്ട്രവിരുദ്ധരുടെയും ശബ്ദങ്ങൾ ഉയരുന്നത് അസാധാരണമല്ല. വൈവിധ്യവും, മത്സരാധിഷ്ഠിത സ്വത്വവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് കൂടുതൽ പ്രകടമായിരിക്കും. എന്നാൽ നിയമവാഴ്ച സ്ഥാപിക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതും, ശക്തിപ്പെടുത്തുന്നതുമാണ് ഇതിനുള്ള ദീർഘകാല പ്രതിരോധം. കോടതികൾ, ക്രമസമാധാനം ശക്തിപ്പെടുത്തൽ, പൊതുസേവന വിതരണം മെച്ചപ്പെടുത്തൽ, രാഷ്ട്രീയ ഇൻസെൻറ്റീവുകൾ ശരിയാക്കൽ തുടങ്ങിയ മെച്ചപ്പെട്ട ശൃംഖലകൾ നിർമ്മിക്കുക എന്നതാണ് ഇവിടെ ആവശ്യം.
പഞ്ചാബ് പോലുള്ള സ്ഥലങ്ങളിൽ വീണ്ടും രാഷ്ട്രവിരുദ്ധ ശബ്ദങ്ങൾ ഉയരുകയും, വടക്കുകിഴക്കൻ പ്രദേശങ്ങളിലും മണിപ്പൂരിലും സംസ്ഥാനപദവിയും പ്രത്യേക രാഷ്ട്രവും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സ്റ്റേറ്റ് അവരുടെ ആവശ്യങ്ങൾ കേൾക്കുന്നത് അത്യാവശ്യമാണ്. ബദൽ മാർഗ്ഗങ്ങളേക്കാൾ സമാധാനവും സമൃദ്ധിയും നൽകുന്നതിൽ ഇന്ത്യൻ ഭരണകൂടം മികച്ചതാണെന്ന് കാണിക്കുക എന്നതാണ് കലാപങ്ങളെ പ്രതിരോധിക്കാനുള്ള ഏക മാർഗം.







