ഗാർഹിക പീഡനം - തിരിച്ചറിയലും പ്രതിരോധവും
ഇന്ത്യയിലെ ഗാർഹിക പീഡനവും അതിൻറെ സാമൂഹിക സാംസ്കാരിക വശങ്ങളും, ഈ പ്രശ്നത്തെ മറികടക്കുന്നതിനുള്ള പരിഹാരങ്ങളും പര്യവേക്ഷണം ചെയ്യുന്നു
സാമ്പത്തിക വളർച്ച രാജ്യത്തെ ദളിത് സമൂഹം ഉൾപ്പെടെ നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വളർച്ച സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ കുറവുണ്ടാക്കിയിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യവും സാമ്പത്തിക ശാക്തീകരണവും ഗാർഹിക പീഡനം കുറക്കേണ്ടതായിരുന്നു. എന്നാൽ കണക്കുകൾ മറിച്ചാണ് കാണിക്കുന്നത്; ജോലി ചെയ്യുന്ന സ്ത്രീകൾ, പ്രത്യേകിച്ച് അവരുടെ പങ്കാളികളേക്കാൾ കൂടുതൽ സമ്പാദിക്കുന്നവരാണെങ്കിൽ ഗാർഹിക പീഡനത്തിനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്ന് കണക്കുകൾ പറയുന്നു.
സൗമ്യ ധനരാജും വിദ്യ മഹാംബരെയും അടുത്തിടെ നടത്തിയ ഒരു പഠനം ഈ വിപരീത പ്രവണതയിലേക്ക് വിരൽ ചൂണ്ടുന്നു. ശമ്പളമുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനത്തിന് ഇരയാവുന്നുവെന്ന് ഇവരുടെ പഠനം കണ്ടെത്തി. വരുമാനം നേടുകയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.
വനിതാ ശാക്തീകരണ പദ്ധതികളിലൂടെ സ്ത്രീകളെ തൊഴിൽമേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങൾ ഇന്ത്യൻ സർക്കാർ നടപ്പാക്കുമ്പോളും, ഗാർഹിക പീഡനങ്ങൾ പോലുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും, നിലവിലെ നയങ്ങൾ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതും, നാം ചിന്തിക്കേണ്ടുന്ന ചോദ്യങ്ങളാണ്.
ഗാർഹിക പീഡനത്തെ മനസിലാക്കുന്നു
ഇന്ത്യൻ സ്ത്രീകളിൽ തൊഴിലും ഗാർഹിക പീഡനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം നമുക്ക് പരിശോധിക്കാം. നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 ൽ 29.3% സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നതായി പറയുന്നു, ഇതിൽ 31.6% പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഈ പീഡനങ്ങളിൽ ചെറിയ ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ തന്നെ, ചുരുക്കം സ്ത്രീകൾ മാത്രമാണ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയ അനൗദ്യോഗിക മാർഗങ്ങളിൽ നിന്ന് സഹായം തേടിയിട്ടുള്ളത്. അതിലും കുറച്ചുപേർ മാത്രമാണ് അഭിഭാഷകർ, പോലീസ് തുടങ്ങിയ ഔദ്യോഗിക മാർഗങ്ങളിൽ നിന്ന് സഹായം തേടിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ വനിതാ ശാക്തീകരണ പദ്ധതികൾ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, മൈക്രോ ക്രെഡിറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകളെ പരിമിതപ്പെടുത്തുന്ന പുരുഷാധിപത്യത്തിൻറെ വലിയ പ്രശ്നം പരിഹരിക്കുന്നതിൽ ഈ നടപടികൾ പരാജയപ്പെട്ടു. ഐ.എം.എഫും എൻ.സി.എ.ഇ.ആറും അടുത്തിടെ നടത്തിയ പഠനങ്ങൾ സ്ത്രീകൾക്കിടയിൽ ഗാർഹിക പീഡനത്തിൻറെ മാതൃക വെളിപ്പെടുത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക്, പ്രത്യേകിച്ച് പുരുഷ പങ്കാളിയേക്കാൾ കൂടുതൽ ശമ്പളമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക്, ഗാർഹിക പീഡനം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷ പങ്കാളി വിദ്യാഭ്യാസമില്ലാത്തവരാണെങ്കിൽ ഈ അപകടസാധ്യത പ്രത്യേകിച്ചും കൂടുതലാണ്.
ഇത് ഒരുതരത്തിൽ ശാക്തീകരണ വൈരുദ്ധ്യമാണ്. സാമ്പത്തിക നയങ്ങളിലൂടെ സ്ത്രീകൾ ശാക്തീകരിക്കപ്പെടുമെന്ന് നാം പ്രതീക്ഷിക്കുന്നു, എന്നാൽ വാസ്തവത്തിൽ, സാമൂഹിക-സാംസ്കാരിക സമ്പ്രദായങ്ങൾ അവരെ പിന്തിരിപ്പിക്കുന്നു. അതിജീവിച്ചയാൾക്ക് ഗാർഹിക പീഡനം മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ, ഇത് സ്ത്രീകളുടെ ജോലി ചെയ്യാനുള്ള കഴിവും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ മൊത്തത്തിലുള്ള ഉൽപാദനക്ഷമതയും കുറയുന്നതിനും കാരണമാകുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വനിതാ ജീവനക്കാരെ നിയമിക്കുന്നതിൽ നിന്ന് സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യവും ഉണ്ടാക്കാം.
ശാക്തീകരണത്തിലെ സാംസ്കാരിക സ്വാധീനം
ഇന്ത്യൻ സമൂഹത്തിലെ ലിംഗ ശ്രേണി (ജൻഡർ ഹയരാർകി) യിൽ സ്ത്രീകൾ ദീർഘകാലമായി താഴ്ന്ന സ്ഥാനം വഹിക്കുന്നു. കുടുംബഘടനകളിലും അവകാശങ്ങളിലും സ്വത്ത് തലമുറതലമുറയായി കൈമാറ്റം ചെയ്യപ്പെടുന്നതിലും ഇത് നിരീക്ഷിക്കാവുന്നതാണ്. ജീവിതത്തിൻറെ എല്ലാ മേഖലകളിലും പുരുഷന്മാർ സ്ത്രീകളെക്കാൾ മുന്നിലായിരിക്കണമെന്ന് സമൂഹം നിർദ്ദേശിക്കുന്നു.
അതിനാൽ തന്നെ, ഒരു സ്ത്രീ ഭർത്താവിനെ മറികടക്കുമ്പോൾ, ഭർത്താവിൻറെ പദവിക്ക് ഭീഷണിയാകുന്നു. ഇത് പരമ്പരാഗത സാമൂഹിക ഘടനയിലും പുരുഷാധിപത്യ സംസ്കാരത്തിലും മാറ്റം ഉണ്ടാക്കുന്നു. ഇത് ഭർത്താവിനെ കൊണ്ട് 'തിരിച്ചടി'ക്കാൻ പ്രേരിപ്പിക്കുന്നു, അത് പലപ്പോഴും അക്രമത്തിൻറെ മാർഗത്തിലേക്ക് നയിക്കുന്നു. അതിനാൽ സാമൂഹിക മാനദണ്ഡങ്ങളിലൂടെ പ്രവർത്തിക്കുന്ന പുരുഷാധിപത്യമാണ് സ്ത്രീകളുടെ പങ്ക് കുറയ്ക്കുകയും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വഷളാക്കുകയും ചെയ്യുന്നത്.
സ്ത്രീകൾ തന്നെ ഈ പുരുഷാധിപത്യ മൂല്യങ്ങൾ ആന്തരികവൽക്കരിക്കുകയും, അവർക്കിടയിൽ ഒരുതരം കുറ്റബോധം ഉടലെടുക്കുകയും ചെയ്യുന്നു. ഇത് സാഹചര്യം ഗുരുതരമാകുന്നു. സൗമ്യ ധനരാജും വിദ്യ മഹാംബരെയും നടത്തിയ പഠനം ഈ മേഖലയിലേക്ക് വെളിച്ചം വീശുന്നു. താഴ്ന്ന അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടത്തരം വിദ്യാഭ്യാസ നിലവാരമുള്ള സ്ത്രീകൾക്ക് കുറ്റബോധം അല്ലെങ്കിൽ ഗാർഹിക പീഡനം സ്വീകരിക്കാമെന്ന തോന്നൽ കൂടുതലാണെന്ന് അവർ കണ്ടെത്തുന്നു. ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ത്രീകൾ കൂടുതൽ സാമൂഹികമായി സ്വീകാര്യമായ ജോലികളിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാലും കുറഞ്ഞ വിദ്യാഭ്യാസമുള്ള സ്ത്രീകൾ കുടുംബത്തിൽ നിന്ന് തന്നെ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിതരാകുന്നതിനാലുമാണ് അവരിൽ ഈ കുറ്റബോധം കുറവാണെന്ന് പഠനം പറയുന്നു. അവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇടത്തരം വിദ്യാഭ്യാസമുള്ള സ്ത്രീകൾ സാമൂഹികമായി 'അസ്വീകാര്യമായ' ജോലികളിലായിരിക്കാം ഏർപ്പെടുന്നത്. അല്ലെങ്കിൽ അവർ തൊഴിൽ തേടുന്നത് സാമൂഹിക ഘടന തകർത്തു കൊണ്ടാവാം. സാമൂഹിക ഘടനയെയും കുടുംബക്രമത്തെയും നശിപ്പിച്ചതിൽ കുറ്റബോധം തോന്നുന്നതിനാൽ തത്ഫലമായുണ്ടാകുന്ന പുരുഷ തിരിച്ചടി സ്ത്രീകൾക്ക് ശരിയായ പ്രതികരണമായി അനുഭവപ്പെടുന്നു.
സാമൂഹിക സാംസ്കാരിക വീക്ഷണകോണിൽ, ഗാർഹിക പീഡനത്തിൻറെ നിരക്ക് സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക ഘടകങ്ങളുമായും ലിംഗശ്രേണി മാനദണ്ഡങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സർക്കാരുകളുടെ നയപരമായ ഇടപെടലുകളും വിപണികൾ കൊണ്ടുവരുന്ന സാമ്പത്തിക മാറ്റങ്ങളും ഈ സാഹചര്യത്തെ പ്രതിരോധിക്കുന്നില്ല. സമൂഹത്തിലെ മാറ്റവും സ്ത്രീകൾക്ക് മേലുള്ള പരിമിതികൾ ഒഴിവാക്കലും നമുക്ക് ആവശ്യമാണ്, അതിന് കൂടുതൽ സമഗ്രമായ ശ്രമങ്ങൾ വേണ്ടതായുണ്ട്.
എന്തുകൊണ്ട് സമൂഹം?
സർക്കാരിനെക്കാളും വിപണിയേക്കാളും ഗാർഹിക പീഡനം നിയന്ത്രിക്കുന്നതിൽ സമൂഹം വലിയ പങ്ക് വഹിക്കുന്നു. മിക്ക രാജ്യങ്ങളിലും, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശാക്തീകരണത്തിലേക്കും ഗാർഹിക പീഡനം കുറയ്ക്കുന്നതിലേക്കും നയിക്കുന്നു. എന്നാൽ ഇന്ത്യയിൽ, ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ച സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവ ഏറ്റവും ഉയർന്ന ഗാർഹിക പീഡന നിരക്കുകൾ ഉള്ള സ്ഥലങ്ങളാണ്. ഈ കണക്ക് സൂചിപ്പിക്കുന്നത് ഗാർഹിക പീഡനം ഒരു പ്രദേശത്തിൻറെ സാമ്പത്തിക സമൃദ്ധിയുമായി ബന്ധപ്പെടുന്നില്ല എന്നാണ്; മറിച്ച്, ഓരോ സംസ്കാരത്തിലും നിലനിൽക്കുന്ന സാമൂഹിക മാനദണ്ഡങ്ങളും ലിംഗപരമായ വ്യത്യാസങ്ങളും ഇതിനെ സ്വാധീനിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹിക മാനദണ്ഡങ്ങൾ ഗാർഹിക പീഡനത്തെ ഊട്ടിയുറപ്പിക്കുന്നു. ഭാര്യമാർ കുട്ടികളെ അവഗണിക്കുക, ഭർത്താവുമായി തർക്കിക്കുക എന്നിവ ചെയ്യുകയാണെങ്കിൽ ഗാർഹിക പീഡനത്തിൽ കുറ്റമില്ല എന്ന് ഇന്ത്യയിലെ 45%ത്തിലധികം സ്ത്രീകളും അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ഗാർഹിക പീഡനത്തിൻറെ പ്രധാന പങ്കാളികൾ സ്ത്രീകൾ തന്നെയാണ് എന്നുള്ള സാമൂഹിക അവസ്ഥ ഇത് വെളിപ്പെടുത്തുന്നു.
ബ്രേക്ക്ത്രൂ എന്ന സംഘടന 'ബെൽ ബാജാവോ ആന്ദോളൻ' ക്യാമ്പയ്നിലൂടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടസ്സപ്പെടുത്താൻ അയൽക്കാരെ, പ്രത്യേകിച്ച് പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചു. നിയമലംഘകരായി കാണപ്പെട്ട പുരുഷന്മാർ ഇപ്പോൾ ഗാർഹിക പീഡനത്തിനെതിരെയുള്ള പ്രചാരണക്കാരായി മാറാൻ ഇത് സഹായിച്ചു. 130 ദശലക്ഷം ആളുകളിൽ എത്തുകയും, ഗാർഹിക പീഡന ന്യായീകരണത്തിൽ 15-20% കുറവിനും ബെൽ ബാജാവോ ആന്ദോളൻ കാരണമായി. ഇത് കാണിക്കുന്നത് സമൂഹം മാറേണ്ടതുണ്ടെന്നും ഗാർഹിക പീഡനത്തിനെതിരെ കൂട്ടായ നിലപാട് മികച്ച ഫലങ്ങൾ നൽകുന്നുവെന്നും ആണ്.
മുന്നോട്ടുള്ള വഴി
ബെൽ ബാജാവോ ആന്ദോളൻ പ്രചാരണം ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ നൽകുന്നു. ഒരു സാമൂഹിക മാറ്റം സൃഷ്ടിക്കുന്നത് പലപ്പോഴും സങ്കീർണ്ണവും ദീർഘകാലത്തെ പരിശ്രമം ആവശ്യമുള്ളതുമാണ്. ആദ്യപടിയെന്ന നിലയിൽ, ഗാർഹിക പീഡനം തടയുന്നതിനുള്ള കൂട്ടായ പരിഹാരങ്ങൾ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സാമൂഹിക ഇടപെടൽ ആവശ്യമാണ്.
ഗാർഹിക പീഡനം തടയുന്നതിനുള്ള നിയമങ്ങൾ ഉണ്ടെങ്കിലും, സ്ത്രീകൾക്ക് പോലീസിനെയോ നീതിന്യായ സംവിധാനത്തെയോ സമീപിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. അവരുടെ പങ്കാളികൾ അക്രമം നടത്തുന്നതിനാൽ നിയമപരമായ സഹായം സ്വീകരിക്കുന്നത് അവരെ സാമൂഹികവും കുടുംബപരവുമായ ദുർബലതയുടെ അവസ്ഥയിൽ എത്തിക്കും. കൂടാതെ, ഇത് അവരുടെ സാമ്പത്തികവും വൈകാരികവുമായ ക്ഷേമത്തെയും ബാധിച്ചേക്കാം. അതേസമയം, സ്ത്രീകൾക്ക് സഹായത്തിനുള്ള സംവിധാനങ്ങളും അവർക്ക് സഹായം തേടാൻ കഴിയുന്ന ഇടങ്ങളും ആവശ്യമാണ്. അത്തരം സാമൂഹിക സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വനിതാ കൂട്ടായ്മകൾക്കും സ്വയം സഹായ സംഘങ്ങൾക്കും നിർണായക പങ്ക് വഹിക്കാൻ കഴിയും.
പുരുഷത്വത്തെക്കുറിച്ചുള്ള ആശയങ്ങൾ പുനർനിർമ്മിക്കുന്നതിന് ഇൻഫ്ലുവൻസർസ്, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയിലൂടെ ഒരു സാമൂഹിക പ്രവർത്തനം ഉണ്ടാവേണ്ടതുണ്ട്. പുരുഷാധിപത്യം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയും ബാധിച്ചിട്ടുണ്ട്. ഇത് ആഴത്തിൽ വേരൂന്നിയ ലിംഗപരമായ റോളുകൾ സൃഷ്ടിച്ചിട്ടുണ്ട്, അത് എല്ലായ്പ്പോഴും ഒരു കുടുംബത്തിൻറെ സാമ്പത്തിക കാര്യങ്ങളുടെ പ്രധാന പരിപാലകരാകാൻ പുരുഷന്മാരെ ആവശ്യപ്പെടുന്നു. ഇത് പുരുഷന്മാരെ കുടുംബത്തിൻറെ കാവലാളാക്കുകയും, ബുദ്ധിമുട്ടുള്ള ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യവും സൃഷ്ടിക്കുന്നു.
ഈ സാമൂഹിക റോളുകൾ തകർക്കുകയും സുസ്ഥിരമായ പ്രവർത്തനത്തിലൂടെ സമൂഹത്തിൻറെ ഘടനകളെ പുനർക്രമീകരിക്കുകയും ചെയ്തില്ലെങ്കിൽ, ഗാർഹിക പീഡനത്തിൻറെ പ്രശ്നം ഒരിക്കലും പൂർണ്ണമായും ഇല്ലാതാകില്ല.