അട്ടപ്പാടിയിലെ ആദിവാസി ഗ്രാമമായ ഗലസിയിൽ നിന്നും ഏറ്റവുമടുത്തുള്ള റോഡിലെത്താൻ മാത്രം ചുരുങ്ങിയത് രണ്ട് മണിക്കൂർ സൈലൻറ് വാലി കാടുകളിലൂടെ സഞ്ചരിക്കേണ്ടതായുണ്ട്. റോഡിലെത്തിയാൽ തന്നെ അടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലെത്താൻ ഒരു മണിക്കൂർ കൂടി വാഹനത്തിൽ യാത്ര ചെയ്യണം. വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനായി ഈ മേഖലയിലെ മിക്ക വിദ്യാർത്ഥികളും ചെറുപ്പം മുതൽ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ അതിജീവിച്ചുവരുന്നു. ഈ പ്രയത്നത്തിനൊടുവിൽ ക്ലാസ് മുറികളിലെത്തുന്ന ആദിവാസി വിദ്യാർത്ഥികളെ പക്ഷെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നിഷ്കരുണം പരാജയപ്പെടുത്തുന്നു.
ഞങ്ങളിൽ ഒരാൾ (ആനന്ദ്) കഴിഞ്ഞ മൂന്ന് വർഷമായി അട്ടപ്പാടിയിൽ പ്രവർത്തിക്കുകയും അവിടുത്തെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് അട്ടപ്പാടി. അവിടെയുള്ള വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചകൾ കേരളവും, ഇന്ത്യയും തുടർന്നുവരുന്ന വിദ്യാഭ്യാസ മാതൃകകളെ പുനർവിചിന്തനം ചെയ്യാൻ ഞങ്ങളെ സഹായിച്ചു.
ഗോത്രവർഗ വിദ്യാഭ്യാസത്തിലെ ചില കണക്കുകൾ
കേരളത്തിലെ ആദിവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 1.5 ശതമാനമാണ്. വയനാട്, ഇടുക്കി, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലായാണ് ഗോത്രവർഗസമൂഹം പ്രധാനമായും വസിച്ചുവരുന്നത്. ചരിത്രപരമായ ന്യൂനതകൾ കാരണം വിദ്യാഭ്യാസത്തിൻറെയും സാമ്പത്തിക വളർച്ചയുടെയും കാര്യത്തിൽ കേരളത്തിലെ പൊതുസമൂഹം കൈവരിച്ച പുരോഗതി ഇവർക്ക് ഇനിയും നേടുവാനായിട്ടില്ല.
വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ചില നിർണായക സംഖ്യകൾ നമുക്ക് വിശകലനം ചെയ്യാം. സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം 2023 അനുസരിച്ച്, 2022-23 അദ്ധ്യയന വർഷം 12-ാം ക്ലാസ് തലത്തിൽ കേരളത്തിലെ എസ്.ടി. വിഭാഗത്തിൻറെ വിജയ ശതമാനം 58.60% ആയിരുന്നു. കേരളത്തിലെ മുഴുവൻ വിജയ ശതമാനം 82.92% ആയ സാഹചര്യത്തിലാണിത്. ഇതേ കൊല്ലം എസ്.ടി. വിദ്യാർത്ഥികളുടെ B.Tech വിജയ ശതമാനം 24.56% ആയിരുന്നു, മൊത്തം വിജയ ശതമാനമായ 56.14%നേക്കാൾ വളരെ കുറവാണ് ഇത്.
സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന അനവധി ആദിവാസി വിദ്യാർത്ഥികൾ പരാജയപ്പെടുകയോ പഠനം ഉപേക്ഷിക്കുകയോ ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. ഈ വിദ്യാർത്ഥികളുടെ കഴിവില്ലായ്മയാണോ ഇതിന് കാരണം? അതോ അവർ വേണ്ടവിധത്തിൽ അധ്വാനിക്കാത്തതാവുമോ പ്രശ്നം? ഗോത്രവർഗ വിദ്യാർത്ഥികളുടെ കഴിവുകൾ മറ്റ് വിദ്യാർത്ഥികൾക്ക് തുല്യമോ അതിനേക്കാൾ കൂടുതലോ ആണെന്ന് പഠനങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങൾക്ക് കാരണം സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ നയവും സംവിധാനവും എങ്ങനെയാണ് മേല്പറഞ്ഞ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ സംവിധാനത്തിലെ പരാജയങ്ങൾ
ആദ്യമായി, ഗോത്രവർഗ വിദ്യാഭ്യാസത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻറെ പൊതുവായുള്ള എല്ലാ പരാജയങ്ങളും പ്രതിഫലിക്കുന്നതായി കാണാം - ഇവയിൽ തരംതിരിക്കൽ (ഫിൽറ്ററേഷൻ) അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസരീതി, മനഃപാഠമാക്കിയുള്ള പഠനം, അധ്യാപകരുടെ ഇൻസെൻറ്റീവ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം പ്രാഥമികമായും ഒരു തരംതിരിക്കൽ പ്രവർത്തനമാണ് നടത്തുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ കാർത്തിക് മുരളീധരൻ തൻ്റെ "റിഫോർമിംഗ് ദി ഇന്ത്യൻ സ്കൂൾ എഡ്യൂക്കേഷൻ സിസ്റ്റം" എന്ന ലേഖനത്തിൽ വാദിക്കുന്നു. ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഫലം നൽകുകയും അവരെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അതേസമയം താരതമ്യേന കുറഞ്ഞ പ്രകടനം കാഴ്ചവെക്കുന്നവർക്ക് ശ്രദ്ധ കൊടുക്കാതെ അവരെ പിന്നിലേക്ക് തള്ളി വിടുന്നു.
മാത്രമല്ല, നമ്മുടെ സ്കൂളുകളിൽ പിന്തുടരുന്ന സിലബസ് ആവശ്യത്തിലുമേറെ കഠിനമാണ്. വിദ്യാർത്ഥികൾക്ക് ധാരാളം വസ്തുതകളും കണക്കുകളും പഠിക്കേണ്ടിവരുന്നു. ഇതിനുപുറമെ നാം പരീക്ഷകൾക്ക് അനാവശ്യമായ പ്രാധാന്യവും കൽപ്പിക്കുന്നു. ഇത് സ്വാഭാവികമായും മനഃപാഠമാക്കിയുള്ള പഠനത്തിലേക്ക് (റോട്ട് ലേർണിംഗിലേക്ക്) നയിക്കുന്നു. വിദ്യാർത്ഥികളുടെ കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കുന്ന മാനവവികസന കടമ ഇന്ത്യയിലെ വിദ്യാഭ്യാസം പൊതുവെ നിർവ്വഹിക്കുന്നില്ല.
ഇത് അധ്യാപകരുടെ ഇൻസെൻറ്റീവിനേയും ബാധിക്കുന്നു. വലിയ സിലബസും പരീക്ഷകളുടെ അമിതപ്രാധാന്യവും നിശ്ചിത സമയത്തിനുള്ളിൽ സിലബസ് പൂർത്തിയാക്കുക, വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തെ ചുരുക്കുന്നു. അതിനാൽ തന്നെ, ഈ സംവിധാനത്തിൻറെ ശ്രദ്ധ മാനവ വികസനത്തിൽ നിന്നും പരീക്ഷകളിലേക്ക് മാത്രമായി ഒതുങ്ങുന്നു
നമ്മുടെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം അടിസ്ഥാന വായനയുടെയും ഗണിത നൈപുണ്യത്തിൻറെയും (ഫൗണ്ടേഷണൽ റീഡിങ് ആൻഡ് ന്യൂമെറസി) അഭാവമാണ്. പ്രഥം എന്ന എൻ.ജി.ഒ പുറത്തിറക്കിയ ഏസർ റിപ്പോർട്ട് ആശങ്കാജനകമായ ചില സ്ഥിതിവിവരക്കണക്കുകൾ ഉയർത്തിക്കാട്ടുന്നു. ഉദാഹരണത്തിന്, ഏസർ 2023 പ്രകാരം, ഇന്ത്യയിലെ 14-18 വയസ് പ്രായമുള്ള 57.3% വിദ്യാർത്ഥികൾക്ക് മാത്രമേ ഇംഗ്ലീഷിൽ ചെറിയ വാചകങ്ങൾ വായിക്കാൻ സാധിക്കുന്നുള്ളൂ. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിലെ പകുതിയോളം വിദ്യാർത്ഥികൾക്കും അടിസ്ഥാന വായനാശേഷി ഇല്ലെന്നതാണ്! ഇത് മൂലം ഇതര വിഷയങ്ങളിലുള്ള അവരുടെ പഠനവും മോശമാവുന്നു.
ഈ പ്രശ്നം ഉയർന്ന ക്ലാസുകളിൽ എത്തുന്തോറും കൂടുതൽ പ്രകടമാകും. പക്ഷെ അപ്പോഴേക്കും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോട് വിരസത തോന്നി തുടങ്ങുകയും, വിദ്യാഭ്യാസമെന്നാൽ റോട്ട് ലേർണിംഗ് മാത്രമാണെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുന്നു. ചിലർ ഇതിനകം തന്നെ പഠനം നിർത്തുന്ന സാഹചര്യവും ഉണ്ടാവുന്നു.
കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
വിദ്യാഭ്യാസ മേഖലയിലെ പൊതുവിലായുള്ള പരാജയങ്ങൾക്കൊപ്പം അടിസ്ഥാന വായനയുടെയും ഗണിത നൈപുണ്യത്തിൻറെയും അഭാവം ആദിവാസി വിദ്യാർത്ഥികളിൽ വളരെയധികം പ്രകടമാണ്. കേരളത്തിലെ ഒരു ആദിവാസി സ്കൂളിലെ 3 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ നയനീതി പോളിസി കളക്ടീവ് നടത്തിയ സർവ്വേയുടെ ഫലങ്ങൾ പരിഗണിക്കുക:
44.3% വിദ്യാർത്ഥികൾക്കും മലയാളത്തിൽ ചെറിയ വാചകങ്ങൾ പോലും വായിക്കാൻ കഴിഞ്ഞില്ല.
70.34% വിദ്യാർത്ഥികൾക്കും ഇംഗ്ലീഷിലെ വാക്കുകൾ പോലും വായിക്കാൻ കഴിഞ്ഞില്ല.
81.01% വിദ്യാർത്ഥികൾക്കും ഗണിതത്തിൽ ലളിതമായ വ്യവകലനം, ഹരണം എന്നിവ ചെയ്യാൻ കഴിഞ്ഞില്ല.
കേരളത്തിലെ ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിൻറെ സൂചികകളാണിവ. ഇത് വിവിധ തലത്തിലുള്ള കാരണങ്ങൾ മൂലം ഉണ്ടാവുന്നതാവാം.
ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം കേരളത്തിലെ ആദിവാസി സമൂഹം അഭിമുഖീകരിച്ച ചരിത്രപരമായ അവഗണനയാണ്. ഇന്ന് സ്കൂളുകളിൽ ചേരുന്ന ആദിവാസി വിദ്യാർത്ഥികൾ തങ്ങളുടെ കുടുംബത്തിലെ ആദ്യ പഠിതാക്കളായിരിക്കാം അല്ലെങ്കിൽ വിദ്യാഭ്യാസത്തിൽ പിന്തുണ നല്കാൻ കഴിയാത്ത മാതാപിതാക്കൾ ഉള്ളവരായിരിക്കാം.
രണ്ടാമതായി, കേരളത്തിലെ ഗോത്രവർഗ സമൂഹങ്ങൾക്ക് അവരവരുടേതായ വ്യത്യസ്ത മാതൃഭാഷകളാണ് ഉള്ളത്. അതേസമയം സ്കൂളുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന മലയാളം അവർക്ക് അപരിചിതമായ ഭാഷയാണ്. ഇത് മൂലം സ്കൂളുകളിലെ അദ്ധ്യയനത്തിൽ പോരായ്മകളുണ്ടാവുന്നു.
കൂടാതെ, കോവിഡ്-19 ലോക്ക്ഡൌണുകൾ വിദ്യാഭ്യാസത്തിൽ ഉണ്ടാക്കിയ ആഘാതം മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ലോക്ക്ഡൌൺ കാലത്ത് സർക്കാർ ഡിജിറ്റൽ ക്ലാസുകൾ നടത്തിയെങ്കിലും അവ വിദൂര ആദിവാസി ഗ്രാമങ്ങളിൽ ഫലപ്രദമായി നടന്നില്ല. ക്ലാസുകൾ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിയിരുന്നെങ്കിൽപ്പോലും അവ അടിസ്ഥാന വായനയും ഗണിത നൈപുണ്യവുമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ പ്രയോജനം ഉണ്ടാക്കുമായിരുന്നുള്ളു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഗോത്രവർഗ വിദ്യാഭ്യാസത്തെ എങ്ങനെ പരിഷ്കരിക്കാനാവും?
പരിഷ്കരണ മാർഗ്ഗങ്ങൾ
ഒന്നാമതായി, വിദ്യാഭ്യാസമേഖലയിലുള്ള വെല്ലുവിളിയുടെ വ്യാപ്തി മനസ്സിലാക്കുവാൻ കേരള സർക്കാർ ആദിവാസി വിദ്യാർത്ഥികളിലെ അടിസ്ഥാന വായനയുടെയും ഗണിത നൈപുണ്യത്തിൻറെയും പഠനം നടത്തേണ്ടതുണ്ട്. ഇതിനു ശേഷം, വിദ്യാർത്ഥികളുടെ നിലവാരത്തിന് അനുസരിച്ചുള്ള പഠനപ്രക്രിയ (ടീച്ചിങ് അറ്റ് ദി റൈറ്റ് ലെവൽ) പോലുള്ള ഇടപെടലുകൾ പാഠ്യപദ്ധതിയിൽ സ്ഥാപിക്കേണ്ടതായുണ്ട്.
പബ്ലിക് പോളിസി തലത്തിൽ, ആദിവാസി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രത്യേകമായ വെല്ലുവിളികളെക്കുറിച്ച് നമ്മുടെ വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. പഠനം ഫലപ്രദമാവാനും, വിദ്യാർത്ഥികളുടെ ബൗദ്ധിക വികസനത്തിനും മാതൃഭാഷയിൽ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. പ്രൈമറി ക്ലാസ്സുകളിലെ അദ്ധ്യയനഭാഷ ഗോത്രവർഗ്ഗ സമൂഹത്തിൻറെ മാതൃഭാഷയിലും, അവരുടെ പ്രാദേശിക സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലും ആവേണ്ടതുണ്ട്. മലയാളവും ഇംഗ്ലീഷും ക്രമേണ മാത്രമേ വിദ്യാർത്ഥികളിൽ അവതരിപ്പിക്കാൻ പാടുള്ളു.
അടുത്തതായി, 12-ാം ക്ലാസ് വരെ ഗോത്രവിഭാഗക്കാർക്ക് മാത്രമായുള്ള സ്കൂളുകളിൽ വിദ്യാർത്ഥികളെ അന്യവൽക്കരിക്കുന്ന നിലവിലെ സംവിധാനം സർക്കാർ പുനഃപരിശോധിക്കണം. ഇത് പൊതുസമൂഹവുമായുള്ള അവരുടെ സമ്പർക്കം കുറയ്ക്കുകയും, തുടർപഠനത്തിനെ ബാധിക്കുകയും ചെയ്യുന്നു. കോളേജുകളിൽ വ്യത്യസ്തരായ വിദ്യാർത്ഥികളോട് ഇടപെടുമ്പോൾ പിൻവലിയാനുള്ള പ്രവണതയും ഇത് മൂലമുണ്ടാവുന്നു. ഗോത്രവിഭാഗക്കാർക്ക് മാത്രമായുള്ള സ്കൂളുകൾ പ്രൈമറി വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും, അവരെ ക്രമേണ മറ്റ് വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ ഉൾക്കൊള്ളിക്കേണ്ടതുമുണ്ട്.
അവസാനമായി, നിലവിലുള്ള സാമൂഹിക-സാംസ്കാരിക സാഹചര്യത്തിനോട് അധ്യാപകർ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അധ്യാപകർ ആദിവാസി വിദ്യാർത്ഥികളുമായി കൂടുതൽ സമയം ചെലവഴിക്കുകയും അവർക്ക് വീട്ടിൽ ലഭിക്കാത്ത പിന്തുണ നൽകുകയും വേണം. ഇത് മൂലമുണ്ടാവുന്ന അധികജോലി കണക്കിലെടുക്കുമ്പോൾ, ആദിവാസി വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ ശമ്പളഘടനയിൽ ആനുപാതികമായ വർദ്ധനവ് നൽകാവുന്നതാണ്. ആദിവാസി വിദ്യാഭ്യാസത്തിന് സംഭാവന നൽകാൻ കഴിവുള്ള അധ്യാപകരെ ഇതിലൂടെ ആകർഷിക്കുവാനും സാധിക്കും.
സാമൂഹിക മാറ്റത്തിനായുള്ള വിദ്യാഭ്യാസം
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാഭ്യാസ സൂചികകളിൽ കേരളം മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. എന്നിരുന്നാലും, നമ്മുടെ വിദ്യാഭ്യാസസംവിധാനം പാർശ്വവൽക്കരിക്കപ്പെട്ടതും ഗോത്രവർഗ്ഗക്കാരുമായ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. വിദ്യാഭ്യാസം സാമൂഹിക മാറ്റത്തിനുള്ള ആയുധമാകണമെങ്കിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ക്ലാസ് മുറികളിലേക്ക് എത്തിച്ചേരാൻ പോലും ഒട്ടനവധി ബുദ്ധിമുട്ടുകളും ത്യാഗങ്ങളും നേരിടുന്ന ആദിവാസി വിദ്യാർത്ഥികളുടെ ശ്രമങ്ങൾ പാഴാക്കികളയാതിരിക്കാൻ ഇതിലൂടെ നമുക്ക് ശ്രമിക്കാം.
വായനക്കാർക്കുള്ള കുറിപ്പ്:
നീറ്റ് പരീക്ഷയെക്കുറിച്ചുള്ള ഞങ്ങളുടെ ലേഖനം വായിക്കാൻ നീറ്റിലെ സങ്കീർണ്ണതകൾ സന്ദർശിക്കുക