2024 ഒളിംപിക്സിന് പാരീസിൽ ഇന്ന് തിരശ്ശീല വീഴും. എല്ലാതവണയും എന്നപോലെ, ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ഇത്തവണയും ചോദ്യങ്ങൾ ഉയർന്നുവരും. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന രാജ്യം എന്ന നിലക്ക് നമ്മുടെ പ്രകടനം നിരാശാജനകമാണ്. ജനസംഖ്യാതലത്തിൽ ഇന്ത്യയേക്കാൾ പിന്നിൽ നിൽക്കുന്ന ഫ്രാൻസ്, ഇറ്റലി പോലുള്ള രാജ്യങ്ങൾക്ക് പോലും നിരവധി മെഡലുകളാണ് ലഭിക്കുന്നത്. എന്താണ് നമ്മുടെ കായികമേഖലയുടെ പ്രശ്നം? അന്താരാഷ്ട്ര മത്സരങ്ങളിൽ എങ്ങനെ നമ്മുടെ രാജ്യത്തിൻറെ നില മെച്ചപ്പെടുത്താനാവും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരിശോധിക്കുകയാണ് ഈ ലേഖനം.
കായികമേഖലയും പബ്ലിക് പോളിസിയും
അതെ, ആദ്യത്തെ ലേഖനങ്ങളിൽ പൊതു നയവും, വികസനവും ചർച്ച ചെയ്ത ശേഷം, ഞങ്ങൾ കായികമേഖലയിലേക്ക് അസ്വാഭാവികമായി തിരിഞ്ഞതായി വായനക്കാർക്ക് തോന്നിയേക്കാം. എന്നാൽ സർക്കാർ ചെയ്യുന്ന പ്രവർത്തികളെല്ലാം പബ്ലിക് പോളിസി ആയി ഞങ്ങൾ കണക്കാക്കുന്നു. ഇന്ത്യൻ സർക്കാർ കായികരംഗത്തും ഇടപെടുന്ന സാഹചര്യത്തിൽ കായിക വിനോദങ്ങളും പബ്ലിക് പോളിസിയാണെന്ന് നിസ്സംശയം പറയാം.
മാത്രമല്ല, കായികമേഖല വികസനവും സമാധാന അജണ്ടകളും സൃഷ്ടിക്കാൻ വഴിയൊരുക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉദാഹരണത്തിന് ഒരു രാജ്യം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിൻറെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുക - ഇത് വിദേശ നാണയം കൊണ്ടുവരുന്നതിനും ആഗോള വേദിയിൽ ആ രാജ്യത്തിൻറെ പ്രതിച്ഛായ ഉയർത്തുന്നതിനും കാരണമാവുന്നു. "ഇമ്പാക്ട് ഇന്വെസ്റ്റ്മെന്റ് ഇൻ സ്പോർട്സ്" എന്ന റിപ്പോർട്ടിൽ, കായികരംഗത്തിന് സാമൂഹിക നേട്ടങ്ങൾ സൃഷ്ടിക്കാനാവുമെന്നും കുറഞ്ഞത് എട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങളിലെങ്കിലും സ്വാധീനം ചെലുത്തുവാൻ സാധിക്കുമെന്നും യുനെസ്കോ പറയുന്നു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും നയതന്ത്രത്തിലും കായികരംഗവും കായികതാരങ്ങളും നിർണായക പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പിട്ട ജേഴ്സി നമ്മുടെ പ്രധാനമന്ത്രിക്ക് പോർച്ചുഗലിൽ നിന്ന് സമ്മാനമായി ലഭിച്ചത് ഓർക്കുന്നുണ്ടോ? ചൈനയും അമേരിക്കയും തമ്മിലുള്ള 22 വർഷത്തെ നയതന്ത്ര പ്രശ്നങ്ങൾ ടേബിൾ ടെന്നീസ് മുഖേന ലഘൂകരിച്ച പിംഗ്-പോങ് ഡിപ്ലോമസി പോലുള്ള കൗതുകകരമായ കഥകളും കായികരംഗത്തിലുണ്ട്.
അതിനാൽ തന്നെ കായിക മേഖലയ്ക്ക് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ പബ്ലിക് പോളിസിയുമായി ബന്ധമുണ്ട്! ഇത് മനസ്സിൽ വെച്ച് നമുക്ക് നമ്മുടെ ഒളിമ്പിക് വിശകലനത്തിലേക്ക് കടക്കാം.
വികസനവും മെഡലുകളും തമ്മിലെ ബന്ധം
പാരീസ് 2024ന് മുമ്പ് വരെയുള്ള രാജ്യങ്ങളുടെ ഒളിമ്പിക് പ്രകടനം വിലയിരുത്തുമ്പോൾ ആദ്യ പത്ത് രാജ്യങ്ങളിൽ എട്ടെണ്ണവും വികസിത രാജ്യങ്ങളാണ് എന്നതാണ് വസ്തുത (താഴെ കൊടുത്ത ഗ്രാഫ് ശ്രദ്ധിക്കുക).
വിഭജിച്ച സോവിയറ്റ് യൂണിയനെ ഒഴിവാക്കുമ്പോൾ ഇവിടെ വ്യത്യസ്തമായി നിൽക്കുന്നത് ചൈന മാത്രമാണ്. പക്ഷെ, വർഷങ്ങളായി ചൈനയുടെ സമ്പദ്വ്യവസ്ഥ ഗണ്യമായി വളർന്നുകൊണ്ടിരിക്കുകയാണ്. 0.788 എന്ന ഉയർന്ന എച്ച്.ഡി.ഐ.യുമായി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ചൈന മാറിയിട്ടുണ്ട്. ജി.ഡി.പി.യുടെയും പ്രതിശീർഷ ജി.ഡി.പി.യുടെയും കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ അഞ്ചിരട്ടി വലുതാണ് (ചൈനയെ കുറിച്ചു കൂടുതൽ പിന്നീട് ചർച്ച ചെയ്യുന്നു).
സ്ഥിതിവിവരക്കണക്കുകൾ മാറ്റിവെക്കാം. ഒരു കായികതാരത്തിന് മുന്നേറാൻ ആവശ്യമായുള്ള മൂന്ന് പ്രധാന ഘടകങ്ങൾ നല്ല ആരോഗ്യം, നല്ല പരിശീലന സൗകര്യങ്ങൾ, നല്ല വരുമാനം എന്നിവയാണ്. വികസിത രാജ്യങ്ങളിൽ ഇവ മൂന്നും ലഭിക്കുവാൻ താരതമ്യേന എളുപ്പമാണ്. വികസനവും ഒളിമ്പിക് മെഡലുകളും തമ്മിൽ തീർച്ചയായും ഒരു ബന്ധമുണ്ട്.
ഇന്ത്യയിലേക്ക് വരുമ്പോൾ, നമ്മുടെ സമ്പദ്വ്യവസ്ഥയിലും ജീവിത നിലവാരത്തിലും നാം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അടുത്തിടെ നമ്മൾ നേടിയ മെഡലുകളിലും പ്രതിഫലിക്കുന്നു. എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച മൂന്ന് ഘടകങ്ങളിലും നമ്മുടെ രാജ്യം വളരെ പിന്നിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള 50%ത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനർത്ഥം രാജ്യത്തിലെ പകുതിയോളം പേർക്കും കായികയിനങ്ങളിൽ മത്സരിക്കാനാവശ്യമായ ആരോഗ്യമില്ല. ദാരിദ്ര്യവും സാമൂഹിക വെല്ലുവിളികളും നിറഞ്ഞ നമ്മുടെ രാജ്യത്തിന് പരിശീലന സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനോ കായികതാരങ്ങൾക്ക് കാര്യമായ സാമ്പത്തിക പിന്തുണ നൽകാനോ സാധിക്കുകയുമില്ല.ഈ സാഹചര്യത്തിൽ ക്ഷേമപദ്ധതികളിൽ നിന്നുള്ള കുറച്ചു ഫണ്ട് സർക്കാർ കായികരംഗത്തിൽ നിക്ഷേപിച്ചാൽ നമുക്ക് കൂടുതൽ മെഡലുകൾ ലഭിക്കുമോ?
ഇന്ത്യയിലെ കായിക സംവിധാനത്തിലെ പ്രശ്നങ്ങൾ
ഇവിടെയാണ് നമ്മുടെ കായിക സംവിധാനത്തിലെ പ്രശ്നങ്ങൾ രണ്ടാമത്തെ വിലങ്ങുതടിയാവുന്നത്. ഇന്ത്യയിലെ കായിക സംഘടനകൾ കുത്തകകളും മോണോപ്സണികളുമാണെന്ന് ഒരു ലേഖനത്തിൽ പ്രണയ് കോട്ടസ്തനെ വിശദീകരിക്കുന്നു. കുത്തകകൾ എന്ന നിലയിൽ അവർക്ക് മാത്രമേ ടൂർണമെൻറുകൾ സംഘടിപ്പിക്കാനും കായിക മാനദണ്ഡങ്ങൾ സൃഷ്ടിക്കുവാനും കഴിയൂ, മോണോപ്സണികൾ എന്ന നിലയിൽ അവർക്ക് മാത്രമേ കായികതാരങ്ങളുടെ സേവനങ്ങൾ വാങ്ങുവാനും ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അവരെ അയക്കുവാനും കഴിയൂ.
ഇന്ത്യയിലെ പകുതിയോളം കായിക സംഘടനകളെയും കായിക പശ്ചാത്തലമില്ലാത്ത രാഷ്ട്രീയക്കാരാണ് നയിക്കുന്നതെന്നും പഠനങ്ങൾ കാണിക്കുന്നു.
കൃത്യമായ അവലോകനങ്ങളോ, എതിരാളികളോ ഇല്ലാതെ, കായിക സംഘടനകളിലെ മേധാവികൾ അവരുടെ സാമ്രാജ്യങ്ങൾ ഇവിടെ സൃഷിച്ചുവരുന്നു. രാഷ്ട്രീയ പാർട്ടികൾക്കോ കുടുംബങ്ങൾക്കോ എഴുതിക്കൊടുത്ത നിലക്കാണ് കായിക സംവിധാനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത്. ഈ സങ്കീർണ്ണമായ പാതയിലൂടെ സഞ്ചരിക്കാൻ കായിക താരങ്ങൾ നിർബന്ധിതരാകുന്നു. ഇത് മോശമായ പല ഇൻസെൻറ്റീവുകളും സൃഷ്ടിക്കുന്നു. മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയുടെ കേസ് നമ്മുടെ കായിക സംവിധാനത്തിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ്.
ചൈനീസ് മോഡൽ
ഈ അവസരത്തിൽ ചൈന നടപ്പിലാക്കിയ കായിക മോഡൽ നമുക്ക് പരിശോധിക്കാം. 1960 ഒളിമ്പിക്സിൽ ഒരു മെഡൽ മാത്രം നേടിയ ചൈന 2020 ഒളിമ്പിക്സിൽ 88 മെഡലുകളാണ് നേടിയത്. ഇന്ത്യയാവട്ടെ ഒന്നിൽ നിന്ന് ഏഴായി മാത്രമാണ് മെഡൽ നേട്ടം ഉയർത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പൗരന്മാരുടെ ജീവിത നിലവാരത്തിൽ ചൈന മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ മെഡൽ കുതിപ്പിന് വേറെ എന്തെങ്കിലും ഘടകങ്ങൾ കരണമായിട്ടുണ്ടോ?
ഗവേഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ഫണ്ടിംഗ് പ്രക്രിയ കായികമേഖലയിൽ സ്വീകരിച്ചതാണ് ചൈനയുടെ വിജയത്തിന് കാരണമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ഉദാഹരണത്തിന്, ചൈനക്ക് താരതമ്യേന ശക്തിയുള്ള, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ പോലുള്ള കായിക ഇനങ്ങൾക്ക് അവർ കൂടുതൽ ഫണ്ട് നീക്കിവെക്കുന്നു. കൂടാതെ ഇവ കേന്ദ്രീകരിച്ചുള്ള സ്പോർട്സ് ക്ലസ്റ്ററുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 1980കളിലെ അത്തരം നിക്ഷേപങ്ങൾ കാലക്രമേണ ഫലം കാണുകയും ചൈനയെ ഒളിമ്പിക്സിൽ ശക്തമായ മത്സരാർത്ഥിയായി അത് മാറ്റുകയും ചെയ്തു.
കായികമേഖലയിലെ പരിഷ്കരണം
ഇന്ത്യയുടെ കായികരംഗത്ത് ആഴത്തിലുള്ള പരിഷ്കാരങ്ങൾ ആവശ്യമാണെന്നുള്ളത് വ്യക്തമാണ്. തുടക്കത്തിൽ, കായിക സംഘടനകളുടെ പ്രകടനം സൂക്ഷ്മമായി വിലയിരുത്തുകയും അവയിൽ കായികതാരങ്ങൾക്ക് വോട്ടവകാശം നൽകുകയും ചെയ്യേണ്ടതുണ്ട്.
രണ്ടാമതായി, കായിക സംഘടനകളുടെ കുത്തക സ്വഭാവം കുറയ്ക്കേണ്ടതുണ്ട്. ഇതിനായി സംഘടനകളിൽ ഭാഗമാവാത്തവരും സ്വകാര്യ അക്കാദമികളിൽ പരിശീലനം നേടുന്നവരുമായ യോഗ്യതയുള്ള കായികതാരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാൻ അനുവദിക്കണം. കായിക സംഘടനകൾ സ്വകാര്യ പരിശീലന കേന്ദ്രങ്ങളുമായി മത്സരിക്കുമ്പോൾ, അവരുടെ സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള ഇൻസെൻറ്റീവും ഉണ്ടാവുന്നു.
മൂന്നാമതായി, ഇന്നുള്ള നിലയിൽ നമ്മുടെ രാജ്യത്തിൻറെ കായിക ആവശ്യങ്ങൾ മുഴുവനായി നിറവേറ്റാൻ സർക്കാരിന് സാധിക്കുകയില്ല. നമുക്ക് ചുറ്റുമുള്ള വികസന പ്രതിസന്ധി തരണം ചെയ്യുക എന്നത് തന്നെ കാഠിന്യമേറിയ പ്രവർത്തിയാണ്. അതിനാൽ, ചൈന മോഡലിന് സമാനമായി ഗവേഷണാടിസ്ഥാനത്തിലുള്ള നിക്ഷേപ മാതൃക നാം സ്വീകരിക്കേണ്ടതായുണ്ട്. നമുക്ക് മെഡലുകൾ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള ഷൂട്ടിംഗ്, ഗുസ്തി, ഹോക്കി തുടങ്ങിയ കായിക ഇനങ്ങൾക്ക് താരതമ്യേന കൂടുതൽ ധനസഹായം നൽകാവുന്നതാണ്.
നാലാമതായി, കായികരംഗത്തെ സ്വകാര്യ നിക്ഷേപം നവീനമായ സാദ്ധ്യതകൾ തുറന്നുതരുന്നുണ്ട്. സ്വകാര്യ കമ്പനികൾക്കുള്ള നിർബന്ധിത കോർപ്പറേറ്റ് സോഷ്യൽ റെസ്പൊൺസിബിലിറ്റി ചിലവ് കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും, പരിശീലന സൗകര്യങ്ങളും വികസിപ്പിക്കുവാൻ ഉപയോഗിക്കാം. ഒളിമ്പിക്സിൽ ഇന്ത്യയുടെ സമീപകാല നേട്ടങ്ങളിൽ പലതും ഒരു പരിധിവരെ സ്വകാര്യ നിക്ഷേപം മൂലമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജെ.എസ്.ഡബ്ള്യു. സ്പോർട്സ്, ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ്, ഗോപിചന്ദ് അക്കാദമി എന്നിവ ഒളിമ്പിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മനു ഭാക്കർ, പി.വി. സിന്ധു എന്നിവരെ പരിശീലിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ, നേരത്തെ പ്രതിപാദിച്ച പരിശീലന സൗകര്യങ്ങളിലെയും കായികതാരങ്ങളുടെ വരുമാനത്തിലെയും വിടവുകൾ നികത്തുവാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.
അഞ്ചാമതായി, ക്രിക്കറ്റിൽ നിന്ന് നമുക്ക് ഉൾകൊള്ളാൻ കഴിയുന്ന ഒരു കാര്യം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) സംവിധാനമാണ്. ക്രിക്കറ്റ് താരങ്ങൾക്ക് അവസരവും വരുമാനവും സൃഷ്ടിക്കുന്ന പ്രേക്ഷക പിന്തുണയുളള ആകർഷകമായ ഒരു ടൂർണമെൻറായി ഐ.പി.എൽ മാറി. ഭാവിയിലെ ഒളിമ്പ്യൻമാർ മത്സരിക്കുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ദേശീയ ഗെയിംസ് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നു. ദേശീയ ഗെയിംസിന് ഐ.പി.എൽ. മാതൃകയിലേക്ക് നീങ്ങാനാവുമോ? തീർച്ചയായും നീങ്ങാനാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒളിമ്പിക്സിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ ഐ.പി.എൽ മാതൃകയിലുള്ള ടൂർണമെൻറിലൂടെ പിടിച്ചെടുക്കാൻ ദേശീയ ഗെയിംസിനും സാധിക്കും.
കായിക ശക്തിയാവാൻ ഇന്ത്യ
വൈവിധ്യങ്ങളാൽ സമൃദ്ധമായ രാജ്യമാണ് നമ്മുടേത്. ബഹിരാകാശ ഗവേഷണം, ബിസിനസ്സ്, അക്കാഡമിക്സ് തുടങ്ങിയ പല മേഖലകളിലും നമ്മുടെ പൗരന്മാർ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കായികരംഗത്തും ഇന്ത്യ സമാനമായ കുതിച്ചുചാട്ടം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പി. ടി. ഉഷ, വിനേഷ് ഫോഗട്ട്, മേരി കോം എന്നിവരെപ്പോലുള്ള കായികതാരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരുവാൻ വലിയ വെല്ലുവിളികൾ മറികടക്കേണ്ടിവന്നു. കായിക മേഖല പരിഷ്കരിക്കുന്നതിലൂടെ അടുത്ത തലമുറയിലെ കായികതാരങ്ങളുടെ പാത എളുപ്പമാക്കുവാനും അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുവാനുമുള്ള സാഹചര്യം ഉണ്ടാവുന്നു. ഒളിമ്പിക്സിന്റെ ഭാവി പതിപ്പുകളിൽ ഇന്ത്യ ഒരു വലിയ ശക്തിയായി മാറുന്ന നാളെക്കായി നമുക്ക് കാത്തിരിക്കാം.
വായനക്കാർക്കുള്ള കുറിപ്പ്:
നിങ്ങൾ ഈ ലേഖനം ഇഷ്ടപ്പെട്ടാൽ, NEET വിഷയവും, Tribal Education-ഉം സംബന്ധിച്ച ഞങ്ങളുടെ മുമ്പത്തെ ലേഖനങ്ങൾ പരിശോധിക്കുക.