കുറച്ചുനാളുകൾക്ക് മുൻപ് കള്ളക്കുറിച്ചിയിൽ നടന്ന മദ്യദുരന്തം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. റിപോർട്ടുകൾ അനുസരിച്ച് അനധികൃതമദ്യം കഴിച്ച് 66ഓളം ജീവനുകൾ പൊലിയുകയും 163ഓളം പേർ ചികിത്സസഹായം തേടുകയും ചെയ്തു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണെന്ന് വിവിധ അഭിപ്രായങ്ങൾ ഉയരുമ്പോളും, സർക്കാർ നയങ്ങൾ വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, ഇത് ഏതു നിമിഷവും ഉണ്ടാവാൻ കാത്തിരുന്ന ഒരു ദുരന്തമായിരുന്നു.
ദുരന്തത്തെ തുടർന്ന് മദ്യനിരോധനത്തിനായുള്ള ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. മദ്യനിരോധനം പോലുള്ള ആശയങ്ങൾ നല്ല ഉദ്ദേശത്തോടെയാണെങ്കിലും അത് ഇത്തരം ദുരന്തങ്ങളിലേക്ക് വഴിവെക്കുവാൻ കാരണമാവുമെന്ന് ഈ ലേഖനത്തിലൂടെ ഞങ്ങൾ വാദിക്കുന്നു. കേരളത്തിലെ അട്ടപ്പാടി ഗോത്രമേഖലയിൽ തുടരുന്ന നിരോധനത്തെക്കുറിച്ചും അത് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുന്നു.
മദ്യനിരോധനം - മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും മദ്യനിരോധനങ്ങൾ പലപ്പോഴായി നടപ്പാക്കിയിട്ടുണ്ട്. പലരും ക്രമേണ ഈ നയത്തിൽ നിന്ന് പിന്മാറിയെങ്കിലും ചില രാജ്യങ്ങളിൽ നിരോധനം ഇന്നും തുടരുന്നു (താഴെ കൊടുത്ത ചിത്രം പരിശോധിക്കുക).
മറ്റു രാജ്യങ്ങളെവെച്ചു നോക്കുമ്പോൾ ഇന്ത്യയിൽ രാജ്യം മുഴുവനുമായുള്ള ഒരു മദ്യനിരോധനം നടപ്പാക്കിയിട്ടില്ല, പകരം അതത് സംസ്ഥാനങ്ങൾക്കു മദ്യം നിരോധിക്കാനുള്ള അധികാരം ഭരണഘടന നൽകുന്നു. ഈ അധികാരം ഉപയോഗിച്ച് ഗുജറാത്ത്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യം നിരോധിച്ചിട്ടുണ്ട്.
എന്നിരുന്നാലും, നിരോധനം ഉള്ള സംസ്ഥാനങ്ങളിൽ മദ്യം നിയമവിരുദ്ധമായി ഒഴുകുന്നത് തുടരുകയാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനായി ബിഹാറിലെ സ്ഥിതി പരിശോധിക്കുക - 2016ൽ ബീഹാറിൽ നിരോധനം ഏർപ്പെടുത്തിയശേഷം അയൽ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും എക്സൈസ് വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് കാണാനാവും, ഇത് ഈ സംസ്ഥാനങ്ങളിൽ നിന്ന് ബീഹാറിലേക്ക് മദ്യം അനധികൃതമായി കടത്തുന്നുണ്ടെന്നതിൻറെ സൂചനയാണ്.
കേരളത്തിലെയും അട്ടപ്പാടിയിലെയും നിരോധനം
ബീഹാറിനെയും ഗുജറാത്തിനെയും പോലെ, 2014ൽ കേരളം സംസ്ഥാന വ്യാപകമായി മദ്യനിരോധനം ഏർപെടുത്തുകയുണ്ടായി. അത് പിന്നീട് വരുമാനവും വിനോദസഞ്ചാര പ്രവർത്തനങ്ങളും കുറഞ്ഞതിനാൽ പിൻവലിക്കുകയാണ് ഉണ്ടായത്. നിലവിൽ, സർക്കാർ ഔട്ട്ലെറ്റുകളിലൂടെ മദ്യം വിൽക്കുന്ന കേരളം ഐടി പാർക്കുകളിൽ സർക്കാർ നടത്തുന്ന പബ്ബുകൾ തുറക്കാൻ പോലും ശ്രമം നടത്തുകയാണ്. എന്നിരുന്നാലും, കേരളത്തിനുള്ളിൽ നിരോധനം തുടരുന്ന ഒരു പ്രദേശം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കാണ്.
അട്ടപ്പാടിയിലെ ഗോത്രവർഗക്കാർ മദ്യപാനം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന ആശങ്കയെത്തുടർന്ന് 1996ൽ കേരള സർക്കാർ ഇവിടെ നിരോധനം നടപ്പാക്കി. എന്നാൽ നിരോധനം അട്ടപ്പാടിയിലെ ജനങ്ങൾക്കിടയിൽ മദ്യ ഉപയോഗം കുറച്ചിട്ടുണ്ടോ?
അട്ടപ്പാടിയിലെ ജനങ്ങൾ നിയമവിരുദ്ധവും, ചെലവേറിയതും, പലപ്പോഴും സുരക്ഷിതമല്ലാത്തതുമായ മാർഗങ്ങളിലൂടെ മദ്യം കഴിക്കുന്നത് തുടരുകയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അനക്കട്ടി (തമിഴ്നാട്ടിൽ), മണ്ണാർക്കാട് തുടങ്ങിയ അയൽപ്രദേശങ്ങളിൽ നിരോധനമില്ലാത്തതിനാൽ, ആളുകൾ മദ്യം വാങ്ങാനും കഴിക്കാനും ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നു. ഇത് മൂലം ഉണ്ടാവുന്ന യാത്രാച്ചെലവ് ഇതിനകം തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു.
അനധികൃത മദ്യം കടത്തുന്നതും ഉണ്ടാക്കുന്നതും അട്ടപ്പാടിയിൽ സാധാരണമായിരിക്കുന്നു, ഇത് ബൂട്ട്ലെഗ്ഗർമാരുടെ (മദ്യം കള്ളക്കടത്തു ചെയ്യുന്നവരുടെ) ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മദ്യനിരോധനം തുടരുകയാണെങ്കിൽ അട്ടപ്പാടിയിൽ കള്ളക്കുറിച്ചി പോലുള്ള ഒരു ദുരന്തം വിദൂരമല്ല എന്ന് വേണം കരുതാൻ.
അമേരിക്കയിലെയും ബോംബെയിലെയും ഉദാഹരണങ്ങൾ
അട്ടപ്പാടിയിൽ മദ്യനിരോധനം നേരിട്ട പരാജയം ഒറ്റപ്പെട്ടതല്ല. അട്ടപ്പാടിക്ക് സമാനമായ സാഹചര്യങ്ങൾ യുഎസിലും ബോംബെ സംസ്ഥാനത്തും പണ്ട് സംഭവിച്ചിരുന്നു.
1920ൽ അമേരിക്കയിൽ ഏർപ്പെടുത്തിയ മദ്യനിരോധനം ‘നോബിൾ എക്സ്പീരിമെൻറ്’ എന്നാണ് ജനങ്ങളാൽ വിശേഷിപ്പിക്കപ്പെട്ടത്. രാജ്യത്തിലെ ദാരിദ്ര്യത്തിനും, ക്രമസമാധാനത്തിനും മദ്യം ഒരു വിനയാണെന്നു കണ്ടാണ് ഈ നടപടി കൊണ്ടുവരുന്നത്.
എന്നാൽ 13 വർഷം നീണ്ടുനിന്ന നിരോധനം കണ്ടത് രാജ്യത്തിൻറെ അധപതനമാണ്. മദ്യനിരോധനം നടപ്പിലാക്കിയെങ്കിലും ജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണാധികാരികൾ അത് പാലിക്കുന്നുണ്ടായിരുന്നില്ല. ജനങ്ങളിൽ 50 ശതമാനം ആളുകൾക്കും മദ്യപാനം അവരുടെ ദൈനംദിന ജീവത്തിൻറെ ഭാഗമായിരുന്നു. അതിനാൽ മദ്യനിരോധനം നടപ്പിലായപ്പോൾ അവർ മറ്റുപല വഴികളും തേടിപ്പോയി. ഇവിടെയായിരുന്നു അനധികൃതമായി കച്ചവടം നടത്തിയിരുന്നവരുടെ വളർച്ച. ജനങ്ങളുടെ ആവശ്യവും ആസക്തിയും അവരെ സമ്പന്നരാക്കി. മേന്മയില്ലാത്ത മദ്യം ആളുകളിലേക്ക് എത്തിതുടങ്ങി. നിരോധനത്തിനു മുൻപ് ഉണ്ടായിരുന്ന മരണനിരക്ക് 1,064 ആയിരുന്നെങ്കിൽ നിരോധനത്തിനുശേഷം അനധികൃതമദ്യം കഴിച്ച് മരണമടഞ്ഞവരുടെ എണ്ണം 4,154 ആയിരുന്നു.
ഇന്ത്യയിൽ, ഒരുപക്ഷേ നിരോധനത്തിൻറെ ഏറ്റവും കുപ്രസിദ്ധമായ ഫലം 1949ൽ മുൻ ബോംബെ സംസ്ഥാനത്താണ് സംഭവിച്ചത്. സംസ്ഥാനത്തെ മദ്യനിരോധനം കള്ളക്കടത്തുകാരുടെ ഒരു ശൃംഖലയ്ക്ക് കാരണമായിയെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ കള്ളക്കടത്തുകാർ വളരെ ശക്തരായിത്തീരുകയും പിൽക്കാലത്തു ഇവർ ബോംബെ അധോലോകത്തിന് വഴിവെക്കുകയും ചെയ്തു. ഇത് ക്രമസമാധാനനില പണ്ടത്തേക്കാൾ മോശമാകുന്നതിലേക്ക് നയിച്ചു.
അമേരിക്കയിലും ബോംബെയിലും അട്ടപ്പാടിയിലും മദ്യം നിരോധിക്കാനുള്ള നീക്കം നല്ല ഉദ്ദേശത്തോടെയാണ് നടത്തിയതെങ്കിലും പ്രതീക്ഷിച്ച ഫലങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കാൻ സർക്കാരുകൾ ബുദ്ധിമുട്ട് നേരിടുന്നത്?
ബൂട്ട്ലെഗ്ഗർമാരും ബാപ്റ്റിസ്റ്റുകളും
ഈ അവസരത്തിൽ നമ്മൾക്ക് ചിന്തിക്കാനാവുന്ന ഒരു ആശയം 1983ൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ബ്രൂസ് യാൻഡിൽ അവതരിപ്പിച്ച "ബൂട്ട്ലെഗേഴ്സ് ആൻഡ് ബാപ്റ്റിസ്റ്റ്സ്" എന്ന ആശയമാണ്. സർക്കാർ നിയന്ത്രണങ്ങളെ വിശദീകരിക്കുന്നതിനായാണ് അദ്ദേഹം ഈ ആശയം വികസിപ്പിച്ചത്. യാൻഡിൽ പറയുന്നതനുസരിച്ച്, സ്വന്തം സാമ്പത്തിക നേട്ടത്തിനായി നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തികളാണ് കള്ളക്കടത്തുകാർ (ബൂട്ട്ലെഗ്ഗർമാർ) , അതേസമയം വിശുദ്ധർ (ബാപ്റ്റിസ്റ്റുകൾ) ധാർമ്മികമോ പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളാൽ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നു. ഒരേ നയത്തിനായി വാദിക്കുന്നതിലൂടെ അവർ അറിയാതെ തന്നെ സഖ്യകക്ഷികളായി മാറുന്നു.
നിരോധനത്തിൻറെ കാര്യത്തിൽ ബാപ്റ്റിസ്റ്റുകൾ ആക്ടിവിസ്റ്റുകളും, മതനേതാക്കളും പൊതുപ്രവർത്തകരുമാണ്. സമൂഹത്തിന് പ്രയോജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ അവർ മദ്യനിരോധനത്തിനായി വാദിക്കുന്നു. അതേസമയം, അനധികൃത മദ്യം കടത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്ന കള്ളക്കടത്തുകാരും നിരോധനത്തെ അനുകൂലിക്കുന്നു. അതിനാൽ, മദ്യനിരോധനം ഒരു നല്ല ഉദ്ദേശത്തോടെയുള്ള നയമായിരിക്കാമെങ്കിലും, അതിൻറെ വക്താക്കൾ ബൂട്ട്ലെഗ്ഗർമാരുമായി ഒരു വൈരുദ്ധ്യാത്മക സഖ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു ബദൽ സമീപനം
നിരോധനം ആവശ്യപ്പെടുന്നവരുടെ വാദം തീർച്ചയായും ശരിയാണ്. അമിതമായ മദ്യപാനം ആരോഗ്യം, ക്രമസമാധാനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു എന്നതിൽ തർക്കമില്ല. എന്നിരുന്നാലും, അട്ടപ്പാടിയിലോ അമേരിക്കയിലോ പിന്തുടർന്ന നിരോധനങ്ങളിലൂടെയോ കള്ളക്കുറിച്ചിയിൽ പിന്തുടർന്ന ഉയർന്ന നികുതികളിലൂടെയോ മദ്യത്തിൻറെ വിതരണം നിയന്ത്രിക്കുന്ന ശ്രമങ്ങൾ മദ്യപാനം കുറയ്ക്കുന്നില്ല. വ്യാജ മദ്യത്തിൻറെ ഉപഭോഗം അല്ലെങ്കിൽ ക്രിമിനൽ നിയന്ത്രിത കരിഞ്ചന്തയുടെ ഉയർച്ച പോലുള്ള ഫലങ്ങളിലേക്ക് നയിക്കുകയാണ് ഇവ ചെയ്യുന്നത്.
സർക്കാരുകൾ പിന്തുടരുന്ന പോംവഴികളിൽ പുനർചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. മദ്യത്തിൻറെ വിതരണം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അതിൻറെ ആവശ്യം കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടണം. യഥാർത്ഥ പ്രശ്നം മദ്യാസക്തിയാണ്, മദ്യമല്ല എന്ന് സർക്കാരുകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
"വി ദി സിറ്റിസൺസ്" എന്ന പുസ്തകത്തിൽ, സർക്കാരുകൾക്ക് നയപരമായ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ചർച്ച ചെയ്യുന്നു. ഈ പുസ്തകത്തിൻറെ രചയിതാക്കൾ നിർദ്ദേശിക്കുന്ന എട്ട് മാർഗ്ഗങ്ങളിൽ, പൊതു അവബോധം സൃഷ്ടിക്കുന്ന റട്ടോറിക്ക് എന്ന മാർഗ്ഗത്തെ കുറിച്ച് പരാമർശിക്കുന്നു. ഇത് നിർബന്ധിതമല്ലാത്ത രീതികളിലൂടെ പൊതുജനാഭിപ്രായം മാറ്റുവാൻ സർക്കാരിന് ഉപയോഗിക്കാനാവുന്ന മാർഗ്ഗമാണ്. വ്യക്തികളിൽ സ്വഭാവമാറ്റങ്ങൾ (ബിഹേവിയറൽ ചേഞ്ച്) കൊണ്ട് വരുന്നതിനായി ഉപയോഗിക്കുന്ന വിവര പ്രചരണവും പബ്ലിക് റിലേഷൻസ് തന്ത്രങ്ങളുമാണ് റട്ടോറിക്ക്.
മദ്യപാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗം പൊതുജന അവബോധത്തിലൂടെ ഓരോ വ്യക്തിയും മദ്യം ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു. ഇതിനായി ആളുകളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യേണ്ടത്.
മദ്യപാനം ഒരു പൊതുജനാരോഗ്യ പ്രശ്നമായതിനാൽ, ഗുണനിലവാരമുള്ള ലഹരിവിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലും, ഇത്തരം സ്ഥാപനങ്ങളിൽ സഹായം തേടുന്നവരെ സമൂഹം മോശമായ രീതിയിൽ നോക്കി കാണുന്നതിലും സർക്കാരുകൾ പരിഹാരം കാണേണ്ടതായുണ്ട്. മദ്യം മൂലമുണ്ടാവുന്ന അസുഖങ്ങൾക്ക് വേണ്ടിയുള്ള സ്ക്രീനിങ്ങുകളും സർക്കാർ കൃത്യമായി നടത്തേണ്ടതായുണ്ട്.
മദ്യനിരോധനത്തിനായുള്ള മുറവിളികൾ എല്ലാ കാലത്തും സർക്കാരുകൾ നേരിടേണ്ടതായി വരും, എന്നാൽ നിരോധനത്തിൻറെ മുൻകാല പരിചയം ഉൾക്കൊണ്ട് കൊണ്ട് തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നാം ശ്രമിക്കണം. കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അട്ടപ്പാടിയിലെ മദ്യനിരോധനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യേണ്ട സമയവും ഇന്ന് അതിക്രമിച്ചിരിക്കുന്നു.
വായനക്കാർക്കുള്ള കുറിപ്പ്:
ഈ ലേഖനം ഇഷ്ടപ്പെട്ടാൽ ഞങ്ങളുടെ മുൻ ലേഖനങ്ങളും വായിക്കുക:
1. നീറ്റിലെ സങ്കീർണ്ണതകൾ
2. കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
3. ലക്ഷ്യം തെറ്റിപ്പോകുന്ന കായികമേഖല
4. ഉന്നതവിദ്യാഭ്യാസത്തിലെ ആഗോളവൽക്കരണം