കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിൻറെ പാരമ്പര്യം കാലാകാലമായി ആഘോഷിക്കപ്പെടുകയും അതേസമയം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. കാമ്പസ് രാഷ്ട്രീയം പലപ്പോഴും വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രശ്നങ്ങളിൽ ഏർപ്പെടാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും ഉള്ള ഒരു വേദിയായി പലരും കണക്കാക്കുന്നു. എന്നിരുന്നാലും അതിൻറെ അക്രമപരവും വിനാശകരവുമായ സ്വഭാവം വർദ്ധിച്ചുവരുന്ന ആശങ്കകൾക്കും കാരണമാവുന്നു. ഈ രാഷ്ട്രീയ സ്വഭാവത്തിൻറെ വേരുകൾ കേരളത്തിൻറെ സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിൽ കണ്ടെത്താനാകും. വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടം കേരളത്തിലുണ്ടായിട്ടുണ്ട്, പരമ്പരാഗതമായി ഈ പോരാട്ടങ്ങളിൽ വിദ്യാർത്ഥികൾ നിർണായക പങ്ക് വഹിച്ചിട്ടുമുണ്ട്. പക്ഷേ, സമീപ വർഷങ്ങളിൽ കാമ്പസുകളിൽ രാഷ്ട്രീയ സംഘട്ടനങ്ങളുടെ തീവ്ര സ്വഭാവം വർദ്ധിച്ചതിനാൽ പലപ്പോഴും ക്ലാസുകൾ, പരീക്ഷകൾ, മറ്റ് പഠന-പഠനേതര പരിപാടികൾ എന്നിവ തടസ്സപ്പെടുന്നു.
കാമ്പസും രാഷ്ട്രീയവും
വിദ്യാർത്ഥികളുടെ വികസനത്തിന് കാമ്പസ് രാഷ്ട്രീയം അനിവാര്യമാണ് എന്നത് പലരും അംഗീകരിക്കുന്ന ഒരു ആശയമാണ്. ആന്തരികമായി രാഷ്ട്രീയം എന്നത് സ്വയം തീരുമാനമെടുക്കൽ, ഭരണം, സമൂഹത്തിലെ അധികാരത്തിൻറെ വിതരണം എന്നിവ നിയന്ത്രിക്കുന്ന സംവിധാനമാണ്. നമ്മുടെ വിദ്യാഭ്യാസത്തെയും കരിയറിനെയും രൂപപ്പെടുത്തുന്ന നയങ്ങൾ മുതൽ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ വരെ രാഷ്ട്രീയം അതിൻറെ സ്വാധീനം ചെലുത്തുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, രാഷ്ട്രീയം എല്ലായ്പോഴും നമ്മുടെ ജീവിതത്തിൻറെ ഭാഗമായിരിക്കും, അത് നാം ജീവിക്കുന്ന സമൂഹത്തെ സ്വാധീനിക്കും.
കാമ്പസ് രാഷ്ട്രീയം ഇതിൻറെ ഒരു ഭാഗം മാത്രമാണ്. രാഷ്ട്രീയ പ്രക്രിയകളിൽ ഇടപെടാനും, ആശങ്കകൾ പ്രകടിപ്പിക്കാനും, വലിയ സമൂഹത്തിൻറെ ഒരു സൂക്ഷ്മലോകത്തിനുള്ളിൽ മാറ്റത്തിനായി വാദിക്കാനും ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. വിദ്യാർത്ഥി യൂണിയനുകളിലെയും രാഷ്ട്രീയ സംവാദങ്ങളിലെയും പങ്കാളിത്തം യുവാക്കളെ സമൂഹത്തെ മനസ്സിലാക്കാനും, രാഷ്ട്രീയ സ്വത്വങ്ങൾ രൂപീകരിക്കാനും, പ്രായോഗിക നേതൃത്വ പരിചയം നേടാനും സഹായിക്കുന്നുവെന്ന് വക്താക്കൾ വാദിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ, വിദ്യാർത്ഥികളെ മികവുറ്റ പൗരന്മാരാക്കാൻ സജ്ജമാക്കുന്ന സുപ്രധാന കഴിവുകളാണ് ഇവ.
മാത്രമല്ല, കേരളത്തിലെ വിദ്യാർത്ഥി മുന്നേറ്റത്തിൻറെ ചരിത്രം അവഗണിക്കാനാവാത്ത ഒന്നാണ്. അന്യായമായ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ മുതൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിൽ വരെ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ മുൻപന്തിയിലാണ്. നമ്മുടെ സംസ്ഥാനത്തിലെ പല പുരോഗമന ആശയങ്ങളും വിദ്യാർത്ഥി മുന്നേറ്റത്തിലൂടെയാണ് ഉണ്ടായതെന്ന് പറയുന്നത് അതിശയോക്തിയായിരിക്കില്ല.
പൗരാവകാശ പ്രസ്ഥാനങ്ങൾ മുതൽ പരിസ്ഥിതി പ്രചാരണങ്ങൾ വരെയുള്ള സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിന് വിദ്യാർത്ഥി മുന്നേറ്റങ്ങൾ കാരണമായ ഒരു നീണ്ട ചരിത്രമുണ്ട്. ഉദാഹരണത്തിന്, 1960കളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പൗരാവകാശ സമരങ്ങൾ ദക്ഷിണ അമേരിക്കയിലെ വംശീയ വേർതിരിവ് പരിഹരിക്കാൻ പങ്ക് വഹിച്ചു. ഇന്ത്യയിൽ, നിർഭയ പ്രതിഷേധം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നിവയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു. ആഗോള മാതൃകകളുടെ സ്വാധീനത്തിൽ സാമൂഹിക നീതി, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കായി വാദിക്കുന്നതിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്.
ഈ നേട്ടങ്ങൾ ഉണ്ടായിരുക്കുമ്പോളും, കേരളത്തിലെ കാമ്പസ് രാഷ്ട്രീയം കൂടുതൽ അക്രമാസക്തമായി വളർന്നു, ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയത്തിൻറെ സ്ഥാനത്തെ ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിച്ചു. കാലക്രമേണ, വിദ്യാർത്ഥി യൂണിയനുകൾ വളരെയധികം ധ്രുവീകരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളേക്കാൾ സ്വന്തം അജണ്ടകൾക്ക് മുൻഗണന നൽകുന്ന ബാഹ്യ രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യം സംഘർഷങ്ങൾ, അക്രമങ്ങൾ, സംയമനം സൃഷ്ടിക്കുന്ന സംഭാഷണങ്ങൾ നഷ്ടപെടുന്ന സാഹചര്യം എന്നിവയിലേക്ക് നയിച്ചു.
കാമ്പസ് രാഷ്ട്രീയം നിരോധിക്കണോ?
കാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള ആഹ്വാനം രാഷ്ട്രീയ പ്രവർത്തനങ്ങൾ പക്വതയില്ലാത്തതും പലപ്പോഴും അക്രമത്തിലേക്ക് നയിക്കുന്നുവെന്നുമുള്ള ആശയത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. നിരോധനത്തിന് ആഹ്വാനം ചെയ്യുന്നത് എളുപ്പമാണെങ്കിലും അത് നടപ്പാക്കുന്നത് ശ്രമകരമായിരിക്കും. എല്ലാ സാമൂഹിക ഇടപെടലുകൾക്കും രാഷ്ട്രീയം അടിസ്ഥാനമാണെന്നിരിക്കെ അതിനെ നിരോധിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. രാഷ്ട്രീയം കാമ്പസുകളിൽ നിരോധിക്കുമ്പോൾ അത് നിയന്ത്രണത്തിൽ നിന്ന് മാറി ഒളിവിലേക്ക് പോവുന്നു. ഇത് അക്രമവും തടസ്സങ്ങളും കൂടുതൽ വഷളാക്കുവാനും സാധ്യത തുറക്കുന്നു.
അതിലുപരി രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിക്കുന്നത് വിദ്യാർത്ഥികൾക്ക് ഒത്തുചേരാനും അവരുടെ ആവശ്യങ്ങൾക്കായി വാദിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്ന ഒരു തീവ്രമായ നടപടിയാണ്. വിദ്യാർത്ഥികളെ ബാധിക്കുന്ന നിർണായക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ നിന്ന് അവരെ തടയാനും ഈ അടിച്ചമർത്തലിന് കഴിയും. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ അടുത്തിടെ ഉണ്ടായ ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ ഇത്തരം അടിച്ചമർത്തലുകളുടെ പരിണിതഫലമാണ്.
കാമ്പസ് രാഷ്ട്രീയം മുഴുവനായും നിരോധിക്കാതെ നിയന്ത്രണവിധേയമാക്കുക എന്നതാണ് ഒരു പോംവഴി. ഈ പശ്ചാത്തലത്തിൽ, കോളേജ് തിരഞ്ഞെടുപ്പ് പരിഷ്കരിക്കുന്നതിനായി 2005ൽ സുപ്രീം കോടതി രൂപീകരിച്ച ലിങ്ദോ കമ്മിറ്റി റിപ്പോർട്ട് ചില പ്രസക്തമായ നിർദ്ദേശങ്ങൾ നൽകുന്നു. രാഷ്ട്രീയം നിരോധിക്കുന്നതിനുപകരം, കൂടുതൽ ഘടനാപരവും പക്വതയുള്ളതും ബാഹ്യ പാർട്ടി സ്വാധീനത്തിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ റിപ്പോർട്ട് നൽകുന്നു. വിദ്യാർത്ഥി തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചല്ല, വിദ്യാർത്ഥി പ്രശ്നങ്ങളെക്കുറിച്ചായിരിക്കണമെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാദേശിക രാഷ്ട്രീയക്കാരുടെ സ്വാധീനത്തെ ചെറുക്കുന്നു, അതേ സമയം വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കാനും ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കാനുമുള്ള വിദ്യാർത്ഥികളുടെ അവകാശം നിലനിർത്തുകയും ചെയ്യുന്നു.
കാമ്പസ് രാഷ്ട്രീയത്തിൻറെ നല്ല വശങ്ങൾ
രാഷ്ട്രീയം നിരോധിക്കുന്നതിൻറെ അപ്രതീക്ഷിതമായ ഫലങ്ങളിലൊന്ന് റാഗിംഗ് പോലുള്ള പ്രശ്നങ്ങൾ വീണ്ടും തലയുയർത്താം എന്നതാണ്. പല കോളേജുകളിലും റാഗിംഗ് നിയന്ത്രിക്കുന്നതിൽ രാഷ്ട്രീയ സംഘടനകൾക്ക് പങ്കുണ്ട്. രാഷ്ട്രീയ വിദ്യാർത്ഥി യൂണിയനുകൾ പലപ്പോഴും റാഗിംഗ് കേസുകളിൽ ഇടപെടുകയും വിദ്യാർത്ഥികൾ, പ്രത്യേകിച്ച് നവാഗതർ, ഇത്തരം അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ വിദ്യാർത്ഥി മേൽനോട്ടമില്ലാതെ, റാഗിംഗിന് അപകടകരമായ തിരിച്ചുവരവ് ഉണ്ടാവാനിടയുണ്ട്.
മാത്രമല്ല, വിദ്യാർത്ഥിരാഷ്ട്രീയം ഒരു തരത്തിൽ ഉത്തരവാദിത്തബോധം വളർത്തിയെടുക്കുന്നു. വിദ്യാർത്ഥികൾക്ക് കോളേജിലെ അന്യായമായ നയങ്ങൾ, സൗകര്യങ്ങളുടെ അഭാവം, അധ്യാപകരുടെ മോശം പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിൽ മാനേജ്മെൻറിനെ വെല്ലുവിളിക്കാൻ ഉള്ള മാർഗ്ഗമാണ് രാഷ്ട്രീയം. സ്ഥാപനങ്ങളെയും സർക്കാരുകളെയും നിലക്കുനിർത്താൻ വിദ്യാർത്ഥി രാഷ്ട്രീയം വഹിച്ച പങ്കിൻറെ ഉദാഹരണങ്ങൾ ജെ.പി. പ്രസ്ഥാനം മുതൽ സി.എ.എ.ക്കെതിരായ പ്രതിഷേധങ്ങൾ വരെ നീളുന്നു. രാഷ്ട്രീയം നിരോധിക്കുന്നത് ഈ ‘ചെക്ക് ആൻഡ് ബാലൻസ്’ സംവിധാനത്തെ നീക്കം ചെയ്യുകയും വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്യും.
തങ്ങളുടെ അവകാശങ്ങൾക്കായി ആളുകൾ ഒത്തുചേർന്ന് പോരാടുന്നതാണ് രാഷ്ട്രീയത്തിൻറെ കാതൽ. കോളേജിലെ പ്രശ്നങ്ങളിലും വിദ്യാർത്ഥി ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിദ്യാർത്ഥി രാഷ്ട്രീയം പരിഷ്കരിക്കുകയാണെങ്കിൽ അത് കാമ്പസ് അന്തരീക്ഷവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കും. ഓക്സ്ഫോർഡ് സ്റ്റുഡൻറ് യൂണിയനെ ഒരു ഉദാഹരണമായി എടുക്കുക - വിദ്യാർത്ഥികൾക്ക് എങ്ങനെ ആരോഗ്യകരവും ഉൽപാദനപരവുമായ രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതിൻറെ ഒരു മാതൃകയാണ് ഇത്. വിദ്യാർത്ഥി നയങ്ങൾ നിർദ്ദേശിക്കുന്നതിനും, പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, രാഷ്ട്രീയ ബോധമുള്ള വിദ്യാർത്ഥികൾ ഒരു "രാഷ്ട്രീയ ഹാക്കത്തോൺ” മാതൃക അവിടെ പ്രയോഗിക്കുന്നു. അത്തരമൊരു മാതൃക കേരളത്തിലും പ്രയോജനപ്രദമാവും.
ഇസ്രായേൽ-പലസ്തീൻ സംഘർഷം, വിയറ്റ്നാം യുദ്ധം പോലുള്ള സംഘർഷങ്ങളിൽ, ആഗോളതലത്തിൽ വിദ്യാർത്ഥികൾ ധീരമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഇത് പലപ്പോഴും രാജ്യങ്ങളുടെ നയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ, അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധങ്ങൾ പോലുള്ള പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി പ്രവർത്തനത്തിൻ്റെ ശക്തി കാണിച്ചു തന്നിട്ടുണ്ട്. വ്യക്തിപരമോ പാർട്ടിപരമോ ആയ വിഷയങ്ങളിൽ നിന്ന് മാറി കേരളത്തിലെ കാമ്പസുകൾ അർത്ഥവത്തായ സംഭാഷണത്തിൻറെയും മാറ്റത്തിൻറെയും ഇടങ്ങളായി മാറ്റേണ്ടതുണ്ട്.
ക്രിയാത്മകമായ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കുള്ള വഴി
കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനുപകരം കേരളം കൂടുതൽ ഉത്തരവാദിത്തമുള്ളതും ക്രിയാത്മകവുമായ രീതിയിൽ അതിനെ മാറ്റാൻ ശ്രമിക്കണം. ലിങ്ദോ കമ്മിറ്റിയുടെ ശുപാർശകൾ പിന്തുടർന്ന്, കോളേജുകൾ രാഷ്ട്രീയ പാർട്ടികളുടെ കടന്നുകയറ്റം പരിമിതപ്പെടുത്തുകയും വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, തിരഞ്ഞെടുപ്പുകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും വേണം. വിദ്യാർത്ഥി രാഷ്ട്രീയം പരിഷ്കരിക്കപ്പെടുന്നതിലൂടെ ഉത്തരവാദിത്തം കൊണ്ടുവരാനും, റാഗിംഗ് തടയാനും, കാമ്പസ് ജീവിതത്തിനും സമൂഹത്തിനും ക്രിയാത്മകമായി സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയബോധമുള്ള ഒരു വിദ്യാർത്ഥി സംഘടനയെ വളർത്താനും കഴിയും.
രാഷ്ട്രീയ ചിന്തകളിലും ഇടപെടലുകളിലും സമ്പന്നമായ പാരമ്പര്യമുള്ള കേരളത്തിൽ, കാമ്പസ് രാഷ്ട്രീയം പൂർണ്ണമായും നിരോധിക്കുന്നത് വിദ്യാർത്ഥികൾക്കും, ജനാധിപത്യ പ്രക്രിയയ്ക്കും ദോഷം ചെയ്യും. പകരം, വിദ്യാർത്ഥി രാഷ്ട്രീയത്തെ നന്മയ്ക്കുള്ള ഒരു ശക്തിയാക്കാനുള്ള വഴികൾ നാം അന്വേഷിക്കണം. അത് യുവാക്കളെ അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും, അധികാരത്തെ വെല്ലുവിളിക്കാനും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റം കൊണ്ടുവരാനും പ്രാപ്തരാക്കുന്നു.
വായനക്കാർക്കുള്ള കുറിപ്പ്:
ഈ ലേഖനം ഇഷ്ടപ്പെട്ടാൽ ഞങ്ങളുടെ മുൻ ലേഖനങ്ങളും വായിക്കുക:
1. നീറ്റിലെ സങ്കീർണ്ണതകൾ
2. കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
3. ലക്ഷ്യം തെറ്റിപ്പോകുന്ന കായികമേഖല
4. ഉന്നതവിദ്യാഭ്യാസത്തിലെ ആഗോളവൽക്കരണം
5. മദ്യ നിരോധനത്തിൻറെ വിപരീതഫലങ്ങൾ
6. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം







