സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം
ഹേമ കമ്മിറ്റി റിപ്പോർട്ട്, ആർ. ജി. കാർ, ഇൻസെൻറീവുകൾ
ഹേമ കമ്മിറ്റി റിപ്പോർട്ടും, അതിനെ തുടർന്നുണ്ടായ മലയാളം സിനിമ മേഖലയിലെ ലൈംഗിക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകളും സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളിലേക്കും ജോലിസ്ഥലത്തെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ചകളിലേക്കും വഴിവെച്ചിരിക്കുകയാണ്. വ്യവസ്ഥാപിതമായ അടിച്ചമർത്തൽ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്നുവെന്ന് ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഈ ചർച്ചകൾ കേരളത്തിൽ നടക്കുന്ന അതേ സമയത്ത് തന്നെയാണ് കൊൽക്കത്തയിൽ ഒരു ഡ്യൂട്ടി ഡോക്ടറെ ആശുപത്രി പരിസരത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആർ. ജി. കാർ സംഭവം ഇന്ത്യയെ ആകെ നടുക്കിയത്.
കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം
സാമ്പത്തികശാസ്ത്രവും കുറ്റകൃത്യവും പരസ്പരബന്ധമില്ലാത്ത രണ്ട് വിഷയങ്ങളായി നമുക്ക് തോന്നിയേക്കാം. എന്നാൽ, മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള പഠനവും സാമ്പത്തികശാസ്ത്രത്തിൻറെ ഒരു സുപ്രധാന ഭാഗമാണ്. അതിനാൽ, നിശ്ചിത സാഹചര്യത്തിൽ ഒരു കുറ്റവാളി എങ്ങനെ പെരുമാറുന്നുവെന്ന് നിർണ്ണയിക്കാൻ നമുക്ക് സാമ്പത്തിക ചിന്തയിലൂടെ സാധിക്കും.
നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഗാരി ബെക്കർ മുന്നോട്ടുവച്ച ഒരു ആശയമായിരുന്നു കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം. ഈ ആശയത്തിലൂടെ, ഒരു കുറ്റവാളി ഇൻസെൻറ്റീവുകളോട് പ്രതികരിക്കുന്ന യുക്തിയുള്ള ഒരു മനുഷ്യനാണെന്ന് ബെക്കർ വാദിക്കുന്നു. അതിനാൽ, ഒരു കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, അതുമൂലം ഉണ്ടാവുന്ന നേട്ടങ്ങളെയും ചെലവുകളെയും കുറിച്ച് കുറ്റവാളികൾ ചിന്തിക്കുന്നു. നേട്ടങ്ങൾ ചെലവിനേക്കാൾ കൂടുതലാണെങ്കിൽ, കുറ്റകൃത്യം ചെയ്യാൻ കുറ്റവാളി പ്രലോഭിതനായേക്കാം.
ഇത് വ്യക്തമാക്കുന്ന ലളിതമായ ഒരുദാഹരണം മാലിന്യ നിർമാർജനമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിന് പിഴ ഈടാക്കുന്ന നിയമം യൂറോപ്പിലെ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലുമുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലാണെങ്കിൽ മിട്ടായി കഴിച്ചതിനു ശേഷം അതിൻറെ പ്ലാസ്റ്റിക് കവർ റോഡിൽ എറിയാൻ നമ്മളിൽ പലരും മടിക്കാറില്ല. പക്ഷെ ഒരു യൂറോപ്യൻ നഗരത്തിലായിരിക്കുമ്പോൾ, നാം പെരുമാറുന്ന രീതി മാറ്റുകയും കവർ നിക്ഷേപിക്കാൻ ഒരു ചവറ്റുകുട്ട കണ്ടെത്തുകയും ചെയ്യും.
ഇവിടെ എന്തുകൊണ്ടാണ് നാം പെരുമാറ്റം മാറ്റുന്നത്? യുക്തിസഹമായ വ്യക്തികൾ എന്ന നിലയിൽ, നാം നമ്മുടെ മുന്നിലുള്ള സാധ്യതകളെ വിശകലനം ചെയ്യുന്നു. കവർ റോഡിൽ എറിയുന്നതിനുള്ള ചെലവ് നമ്മൾ നൽകേണ്ടുന്ന പിഴയാണ്, പക്ഷേ ഒരു ചവറ്റുകുട്ട കണ്ടെത്തുന്നതിന് ആവശ്യമായ സമയവും പരിശ്രമവും ലാഭിക്കാൻ കഴിയുന്നതാണ് ഇവിടെയുള്ള നേട്ടം.സാധ്യതകളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കുമ്പോൾ, മാലിന്യം തള്ളുന്നതിന് ശിക്ഷകൾ നിലവിലുണ്ടെങ്കിലും, ഒരു യൂറോപ്യൻ നഗരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഇത് പലപ്പോഴും നടപ്പാക്കപ്പെടുന്നില്ലെന്ന് നമുക്കറിയാം. അതിനാൽ തങ്ങൾ പിടിക്കപ്പെടാൻ സാധ്യതയില്ലെന്ന ഉറപ്പ് ഇന്ത്യയിൽ മാലിന്യം തള്ളുന്നത് തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുന്നു. പക്ഷേ യൂറോപ്പിൽ ആയിരിക്കുമ്പോൾ ശിക്ഷ നടപ്പാക്കാൻ സാധ്യതയുള്ളതിനാൽ നമ്മൾ പെരുമാറ്റം മാറ്റുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ - സമൂഹം, നിയമങ്ങൾ, ഇൻസെൻറീവുകൾ
കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം എന്ന ആശയം സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിലേക്ക് നമുക്ക് കൊണ്ട് വരാം. അതിനു മുന്നേ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ നമുക്ക് പരിശോധിക്കാം. ഇത് താരതമ്യം ചെയ്യുമ്പോൾ ജീവപര്യന്തം തടവിനും വധശിക്ഷയ്ക്കും വരെ സാധ്യതയുള്ള ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ശിക്ഷ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയിലേതെന്ന് പഠനങ്ങൾ പറയുന്നു. കൂടുതൽ കർശനമായ ശിക്ഷകൾ ആവശ്യപ്പെടുന്ന പൊതുധാരണയ്ക്ക് ഒരുപക്ഷേ വിപരീതമായി തോന്നിയേക്കാം ഇത്.
എന്നാൽ, പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന കാര്യത്തിൽ നമ്മൾ കണ്ടതുപോലെ, കുറ്റവാളി കുറ്റകൃത്യത്തിനുള്ള ശിക്ഷകൾ വിശകലനം ചെയ്യുക മാത്രമല്ല പിടിക്കപ്പെടാനുള്ള സാധ്യതയും പരിഗണിക്കുന്നു. ഇവിടെയാണ് നമ്മുടെ വെല്ലുവിളികൾ പ്രകടമാവുന്നത്.
ഒന്നാമതായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മിക്കപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പഠനങ്ങളും സർക്കാർ രേഖകളുമനുസരിച്ച്, 99% ലൈംഗികാതിക്രമങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇത് നിരവധി കാരണങ്ങൾ മൂലമാവാം, ലൈംഗികാതിക്രമങ്ങളിൽ കടന്നുവരുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകളോട് ക്രമസമാധാന സംവിധാനം അനുകമ്പ കാണിക്കുന്നില്ല എന്നതാണ് ഇതിൽ പ്രധാനം. കൂടാതെ, ലൈംഗിക അതിക്രമം നേരിടേണ്ടിവരുമ്പോളും സമൂഹം പലപ്പോഴും സ്ത്രീയെ കുറ്റപ്പെടുത്തുന്ന പ്രവണത കാത്തുസൂക്ഷിക്കുന്നു.
രണ്ടാമതായി, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പോലും ശിക്ഷകൾ നടപ്പാക്കാനാവുന്നില്ല എന്നതും ആശങ്കാജനകമാണ്. എൻ.സി.ആർ.ബി. രേഖകൾ പ്രകാരം, 2018-2022 കാലാവധിയിൽ ഇന്ത്യയിൽ ബലാത്സംഗത്തിനുള്ള ശിക്ഷ നടപ്പാക്കിയത് 27%-28% കേസുകളിൽ മാത്രമാണ്. മറ്റു രാജ്യങ്ങൾ പരിശോധിക്കുമ്പോൾ, 2023-24ൽ ബ്രിട്ടനിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് 60% ആയിരുന്നു, 2016-17ൽ കാനഡയിൽ 42%വും ആയിരുന്നു. ഇന്ത്യയിലെ പൊതുവിലായുള്ള ക്രമസമാധാന സംവിധാനത്തിലെ ഗുരുതരമായ പ്രശ്നമാണിത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും കുറ്റവാളിയെ ശിക്ഷിക്കാനും നമ്മുടെ രാജ്യം വളരെയധികം സമയമെടുക്കുന്നു. കുറ്റവാളികൾ അഭിനേതാക്കളെപ്പോലെ ശക്തരായ ആളുകളോ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരോ ആയിരിക്കുമ്പോൾ, ശിക്ഷിക്കപ്പെടാനുള്ള സാധ്യത അതിലേറെ കുറയുന്നു.
ഈ കാരണങ്ങൾ കൊണ്ട് തന്നെ ശരിയായ ശിക്ഷകൾ നിലവിലുണ്ടെങ്കിലും, നമ്മുടെ സമൂഹവും ക്രമസമാധാന സംവിധാനവും സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാനും ശിക്ഷകൾ നടപ്പാക്കാനുമുള്ള സാധ്യത കുറവായതിനാൽ പുരുഷന്മാർക്ക് ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇത് പ്രചോദനം നൽകുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മാറ്റമുണ്ടാക്കുമോ?
ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമാ മേഖലയിലെ പ്രമുഖ അഭിനേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളും സാഹചര്യം മാറ്റിമറിച്ചോ? ആരോപണങ്ങൾ അന്വേഷിക്കപ്പെടുമോ എന്നും ശിക്ഷകൾ നടപ്പാക്കപ്പെടുമോ എന്നും അറിയാൻ നമുക്ക് കാത്തിരിക്കേണ്ടി വരുമെങ്കിലും, അടിസ്ഥാനപരമായി ഇൻസെൻറീവുകളിൽ ചെറിയൊരു മാറ്റം ഇത് സൃഷ്ടിക്കുമായിരിക്കാം.
സിനിമാ മേഖലയിലെ അഭിനേതാക്കൾ സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പവർ ഗ്രൂപ്പ് നമ്മൾ മുമ്പ് ചർച്ച ചെയ്ത ഇൻസെൻറീവുകൾ ആസ്വദിച്ച് പോരുന്നവരാണ്. വ്യവസായത്തിലും സാമൂഹിക-രാഷ്ട്രീയ മേഖലയിലും അവരുടെ അധികാരസ്ഥാനം കാരണം ആരും തങ്ങൾക്കെതിരെ ശബ്ദമുയർത്തില്ലെന്ന് അവർ വിശ്വസിച്ചിരുന്നു.
റിപ്പോർട്ട് പുറത്തുവരികയും ലൈംഗിക കുറ്റകൃത്യങ്ങളുടെ ആരോപണങ്ങൾ ഉയരുകയും ചെയ്തതോടെ ഈ ഇൻസെൻറീവുകൾ അല്പം മാറി. ഇനി മുതൽ നടിമാർ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത വർദ്ധിച്ചതിനാൽ അഭിനേതാക്കൾ ലൈംഗിക കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് യുക്തിസഹമായി ചിന്തിക്കും.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകമെമ്പാടും നടന്ന #MeToo പ്രസ്ഥാനത്തിനും സമാനമായ മാറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസെൻറീവുകൾ തീർച്ചയായും മാറുമെങ്കിലും, ഇത്തരം മുന്നേറ്റങ്ങളുടെ നല്ല ഉദ്ദേശ്യങ്ങൾ തെറ്റായ ഇൻസെൻറീവുകളിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി നടത്തുന്ന തെറ്റായ ആരോപണങ്ങൾ കാലക്രമേണ സംഭവിക്കാൻ സാധ്യതയുണ്ട്, അത് ഈ മുന്നേറ്റം സൃഷ്ടിക്കുന്ന നല്ല മാറ്റത്തെ നശിപ്പിച്ചേക്കാം. ഇതിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ അത്തരം തെറ്റായ ആരോപണങ്ങൾ മനസ്സിലാക്കി തള്ളിക്കളയാൻ ഒരു സംവിധാനവും അത്യാവശ്യമാണ്.
ഭാവിയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാം
ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അനന്തരഫലങ്ങൾ വ്യക്തമല്ലാത്ത, ആർ.ജി. കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ തുടരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തുന്ന വേട്ടക്കാർക്ക് ലഭിക്കുന്ന ഇൻസെൻറീവുകളെക്കുറിച്ച് നാം ചിന്തിക്കണം. ഒരു സമൂഹമെന്ന നിലയിൽ, ലൈംഗിക കുറ്റകൃത്യങ്ങളെ നാം കാണുന്ന രീതിയിൽ മാറ്റം വരുത്തുകയും ഇരയെ കുറ്റപ്പെടുത്തുന്നതിനുപകരം അവരോട് കൂടുതൽ അനുകമ്പ കാണിക്കുകയും വേണം.
ക്രമസമാധാന സംവിധാനത്തിൻറെ കാര്യത്തിൽ, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്നുവെന്ന് ഉറപ്പാക്കാനും അത് സമയബന്ധിതമായ നടപടികളിലേക്കും ശിക്ഷയിലേക്കും നയിക്കുന്നുവെന്ന് തീർച്ചയാക്കാനും നാം നടപടികൾ കൈക്കൊള്ളേണ്ട സമയമാണിത്. ആർ.ജി. കാർ കേസും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും തടയാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം ഇത് മാത്രമാണ്.
വായനക്കാർക്കുള്ള കുറിപ്പ്:
ഈ ലേഖനം ഇഷ്ടപ്പെട്ടാൽ ഞങ്ങളുടെ മുൻ ലേഖനങ്ങളും വായിക്കുക:
1. നീറ്റിലെ സങ്കീർണ്ണതകൾ
2. കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
3. ലക്ഷ്യം തെറ്റിപ്പോകുന്ന കായികമേഖല
4. ഉന്നതവിദ്യാഭ്യാസത്തിലെ ആഗോളവൽക്കരണം
5. മദ്യ നിരോധനത്തിൻറെ വിപരീതഫലങ്ങൾ





