സ്ത്രീ കേന്ദ്രീകൃത നിയമങ്ങളുടെ ദുരുപയോഗം
സ്ത്രീകേന്ദ്രീകൃത നിയമങ്ങളുടെ ഫലപ്രാപ്തിയും അവയുടെ ദുരുപയോഗവും ചർച്ച ചെയ്യുന്നു
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ദിവസംതോറും വർദ്ധിച്ചുവരുന്ന ഒരു രാജ്യത്താണ് നാമെല്ലാവരും ജീവിക്കുന്നത്.അതുകൊണ്ട് തന്നെ സ്ത്രീ സംരക്ഷണം മുൻനിർത്തികൊണ്ടുള്ള ഒരുപാട് നിയമങ്ങളും രാജ്യത്തു നിലനിൽക്കുന്നു.
സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും നടപ്പിലാക്കുക എന്നതാണ് ഇവയുടെ പ്രധാനലക്ഷ്യം. കുറച്ചുനാളുകൾക്കു മുൻപ് നിലനിന്നിരുന്ന ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) നിയമങ്ങൾ ഭാരതീയ ന്യായ സൻഹിത (ബി. എൻ. എസ്സ്) എന്ന പേരിൽ കേന്ദ്രസർക്കാർ പുതുക്കി എഴുതുകയുണ്ടായി. ഇതിലും സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള ഒരുപാട് നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിനെതിരെയുള്ള ബി. എൻ. എസിൻറെ 69-ാം വകുപ്പ് പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ഈ ലേഖനത്തിൽ, ഇത്തരം നിയമങ്ങളുടെ ഫലപ്രാപ്തിയും അവയുടെ പ്രത്യാഘാതങ്ങളും ഞങ്ങൾ ചർച്ച ചെയ്യുന്നു.
ബി. എൻ. എസിൻറെ 69-ാം വകുപ്പ്
ബി. എൻ. എസിൻറെ 69-ാം വകുപ്പ് വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹവാഗ്ദാനം ചെയ്തോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നു. ഈ പ്രവൃത്തികൾ ബലാത്സംഗമല്ലെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവ നിയമപ്രകാരം കർശനമായ ശിക്ഷക്ക് വിധേയമാണ്. തൊഴിൽവാഗ്ദാനം, സ്ഥാനക്കയറ്റം, അല്ലെങ്കിൽ ഇരയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യക്തിത്വം മറച്ചുവെക്കൽ എന്നിവ 'വഞ്ചനാപരമായ മാർഗങ്ങളിൽ' ഉൾപ്പെടുന്നുവെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കുന്നു.
ഈ നിയമങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും അവയുടെ പ്രത്യാഘാതങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒന്നാമതായി, ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ തയ്യാറാണെന്ന് നിയമം അനുമാനിക്കുന്നു. രണ്ടാമതായി, കേരള ഹൈക്കോടതി സൂചിപ്പിച്ചതുപോലെ പുരുഷന്മാരെയോ സ്വവർഗ ബന്ധത്തിലുള്ള വ്യക്തികളെയോ പരിഗണിക്കാതെ സ്ത്രീകളെ മാത്രമേ വഞ്ചിക്കാൻ കഴിയൂ എന്ന് ഈ നിയമം പ്രസ്താവിക്കുന്നു. മൂന്നാമതായി, പ്രതിയുടെ ഉദ്ദേശ്യം പൂർണമായി തെളിയിക്കാൻ കഴിയില്ല എന്നുള്ളതാണ്. അത് ബന്ധങ്ങളിലെ വേർപിരിയലുകൾ കേസുകളിലേക്ക് നയിക്കുന്നതിന് കാരണമാവാം. ഇത് കോടതികളെ കൂടുതൽ ഭാരത്തിലാഴ്ത്തുകയും, നേട്ടങ്ങളെക്കാൾ ചെലവുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
സ്ത്രീകേന്ദ്രീകൃത നിയമങ്ങളും അവയുടെ ദുരുപയോഗവും
ഇന്ത്യയിലെ സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ചരിത്രം തേടിയാൽ ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ്ഭരണ കാലഘട്ടത്തിലാണ് തുടക്കം. 1834ൽ എഴുതിയ ഐ.പി.സി. സ്ത്രീകളുടെ സംരക്ഷണം ഉൾപ്പെടെ വിവിധ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു. കാലക്രമേണ, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1961ലെ സ്ത്രീധന നിരോധന നിയമം, 2006ലെ ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ നിരവധി നിയമങ്ങൾ ഇതിലേക്ക് എഴുതിചേർത്തു.
സാമൂഹിക തിന്മകളാൽ ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം നിൽക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഭൂരിഭാഗം സ്ത്രീകേന്ദ്രീകൃത നിയമങ്ങളും പല സാഹചര്യങ്ങളിലായി ദുരുപയോഗത്തിന് കാരണമായിട്ടുണ്ട്.
ബലാത്സംഗം കൈകാര്യം ചെയ്യുന്ന ഐ.പി.സി. സെക്ഷൻ 376 ആണ് സാധാരണയായി ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം. രാജ്യത്തു രേഖപ്പെടുത്തുന്ന പത്തിൽ രണ്ടു ബലാത്സംഗ കേസുകളും അടിസ്ഥാനരഹിതമോ അല്ലെങ്കിൽ പ്രതികാരചുവയുള്ളതോ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, ഗാർഹികപീഡനം, സ്ത്രീധനം സംബന്ധിച്ചുള്ള പീഡനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നു. പല സന്ദർഭങ്ങളിലും ഈ നിയമങ്ങൾ പങ്കാളിയിൽ നിന്ന് പണം കൈക്കലാക്കാനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നു. ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന നിയമങ്ങൾ പോലും പലപ്പോഴും വ്യക്തിപരമായ നേട്ടത്തിനായി വളച്ചൊടിക്കപ്പെടുന്നു.
അർഹരായ സ്ത്രീകൾക്ക് നീതി ലഭിക്കാതിരിക്കുകയും നിരപരാധികളായ പുരുഷന്മാർ അന്യായമായി ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നതാണ് ഇതിൻറെ ദൂഷ്യഫലം. പുരുഷ ആത്മഹത്യകളിൽ ഏറ്റവും കൂടുതൽ എണ്ണം സ്ത്രീകളിൽ നിന്നുള്ള തെറ്റായ ആരോപണങ്ങൾ മൂലമുണ്ടാകുന്ന മാനസിക അസ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകേന്ദ്രീകൃത നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ ശബ്ദമുയർത്തിയ നിരവധി കോടതി കേസുകളും വിധിന്യായങ്ങളും ഉണ്ടായിട്ടുണ്ട്:
കാൻസ് രാജ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്: ഐ.പി.സി. 498 എ (വിവാഹിതയായ സ്ത്രീക്കു എതിരെയുള്ള മാനസികമോ ശാരീരികമോ ആയ പീഡനം) എന്ന നിയമമനുസരിച്ചു ഭർത്താവിൻറെ ബന്ധുക്കളിൽ എത്ര പേരെ വേണമെങ്കിലും കേസിൽ പ്രതി ചേർക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് അനാവശ്യമായി ഒരുപാട് പേരെ കേസിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണതയിലേക്ക് എത്തുന്നതായി കോടതി കണ്ടു. ചില കേസുകളിൽ ഭർത്താവ് മാത്രമാണ് കുറ്റക്കാരനെങ്കിലും നിരപരാധികളായ ബന്ധുക്കളെയും കുറ്റം ചെയ്തവരായി മുദ്രകുത്താൻ തുടങ്ങി. കാൻസ് രാജ് എന്ന വ്യക്തിയുടെ കേസിൽ നിന്നും പാഠം ഉൾകൊണ്ടുകൊണ്ട്, മതിയായ തെളിവുകളോ ന്യായമായ സംശയങ്ങളോ ഇല്ലാതെ ഭർത്താവിൻറെ ബന്ധുക്കളെ ആരെയും തന്നെ ഭർത്താവിനെതിരെ നൽകിയ കേസിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് സുപ്രീം കോടതി തീരുമാനിച്ചു.
അർനേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ: ഐ.പി.സി. 498 എ നിയമത്തിൻറെ ദുരുപയോഗത്തിനെതിരെ നടന്ന വളരെ ചർച്ചാ വിഷയമായ കേസാണിത്. ഐ.പി.സി. 498 എ എന്ന സെക്ഷന് കീഴിൽ കേസ് ഫയൽ ചെയ്താൽ കുറ്റക്കാരൻ എന്നു രേഖപ്പെടുത്തിയിരിക്കുന്നയാളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തിരുന്ന പതിവുണ്ടായിരുന്നു. ഇത് വ്യക്തിഹത്യയായും ഒരാളുടെ സ്വാതന്ത്ര്യത്തിന് തടങ്കലിടുന്ന പ്രവർത്തിയായും കാണപ്പെട്ടു. ഇതിനെതിരെ 2014ൽ അർനേഷ് കുമാർ എന്ന വ്യക്തി കൊടുത്ത കേസിൻറെ ഫലമായി, ഐ.പി.സി. 498 എ എന്ന സെക്ഷന് കീഴിൽ കേസ് ഫയൽ ചെയ്യപ്പെട്ടാലും മതിയായ തെളിവോ വാറണ്ടോ ഇല്ലാതെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യരുത് എന്ന തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി. ഐ.പി.സി. 498 എ എന്ന നിയമം ഒരുപാട് ദുരുപയോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൂടി മനസിലാക്കികൊണ്ടായിരുന്നു ഈ വിധി. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ അനാവശ്യ അറസ്റ്റുകളും ചൂഷണങ്ങളും ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്.
സ്ത്രീകേന്ദ്രീകൃത നിയമങ്ങൾ എന്തുകൊണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നു?
സ്ത്രീകേന്ദ്രീകൃത നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ രണ്ട് പബ്ലിക് പോളിസി ആശയങ്ങൾ നമുക്ക് പരിശോധിക്കാം:
ഡിറ്ററൻസ് സിദ്ധാന്തം: ഒരു കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയെ സ്വാധീനിക്കുന്നത് അത് ചെയ്യുന്നയാൾ പിടിക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനുമുള്ള സാധ്യതയാണെന്ന് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നു. അതായത്, സ്ത്രീകേന്ദ്രീകൃത നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൻറെ അനന്തരഫലങ്ങൾ വളരെ കുറവാണെന്ന് വ്യക്തികൾ വിശ്വസിക്കുന്നുവെങ്കിൽ, അത് അത്തരം പെരുമാറ്റത്തെ പ്രോത്സാഹിപ്പിച്ചേക്കാം. മുൻപേ ഉള്ള ഒരു ലേഖനത്തിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിൻറെ ഒരു കാരണം മേൽ പറഞ്ഞത് പോലെ ശിക്ഷ നടപ്പാക്കാത്തതാണെന്ന് ഞങ്ങൾ വിശകലനം ചെയ്തിരുന്നു.
ഇന്ത്യയിൽ, നീതിന്യായ വ്യവസ്ഥയിലൂടെ കടന്നുപോകുന്നത് തന്നെ ഒരു ശിക്ഷക്ക് സമാനമാണ്. തൽഫലമായി, നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് അവരുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കാൻ കഴിയുന്നു.പൊതു ചെലവുകളും വ്യക്തിഗത ആനുകൂല്യങ്ങളും: സ്ത്രീകൾ അവരുടെ ശാക്തീകരണത്തിനായി രൂപകൽപ്പന ചെയ്ത നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും, ആത്യന്തികമായി അവരുടെ സ്വന്തം ഉന്നമനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിച്ചേക്കാം. സാമ്പത്തിക വിദഗ്ധർ ഇതിനെ "പൊതു ചെലവുകളും വ്യക്തിഗത ആനുകൂല്യങ്ങളും” (dispersed costs and concentrated benefits) എന്ന് വിളിക്കുന്നു. വ്യക്തിഗത ഉത്തരവാദിത്തത്തേക്കാൾ ഗ്രൂപ്പ് ഐഡൻറിറ്റിയെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു മാതൃകയാണിത് - ഈ സാഹചര്യത്തിൽ, സ്ത്രീകൾ എന്നതാണ് ഗ്രൂപ്പ് ഐഡൻറിറ്റി.
മനുഷ്യർ വ്യക്തിപരമായ ഇൻസെൻറീവുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു സ്ത്രീ ഒരാൾക്കെതിരെ തെറ്റായ കേസ് ഫയൽ ചെയ്യുമ്പോൾ, അയാൾക്ക് നേരിടേണ്ടിവന്നേക്കാവുന്ന ശിക്ഷയാണ് അവളുടെ പ്രചോദനം (വ്യക്തിഗത ആനുകൂല്യം). കേസ് വിജയിക്കുകയാണെങ്കിൽ, അവൾക്ക് മാത്രമേ പ്രതിഫലം ലഭിക്കൂ. ഇനി തോൽക്കുകയാണെങ്കിൽ ആ ദുരുപയോഗം അവളെ വ്യക്തിഗതമായി ബാധിക്കുന്നില്ല, പകരം സ്ത്രീ ശാക്തീകരണത്തിൻറെ മൊത്തത്തിലുള്ള ലക്ഷ്യത്തിന് ചെയ്യുന്ന ദോഷമായി ഭവിക്കുന്നു. അതായത് ദുരുപയോഗത്തിൻറെ ചെലവ് സമൂഹത്തിലുടനീളം വ്യാപിക്കുന്നു (പൊതു ചെലവ്).
ഈ രണ്ട് കാരണങ്ങൾ കൊണ്ട്, ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത ചെലവുകൾ വർദ്ധിപ്പിക്കുന്നത് ശക്തമായ പ്രതിരോധമായി പ്രവർത്തിക്കും. കൂടാതെ, ഗ്രൂപ്പ് ഐഡൻറിറ്റി അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ നിന്ന് മാറി വ്യക്തിഗത ഉത്തരവാദിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദുരുപയോഗം കുറയ്ക്കുവാൻ സഹായിക്കും. ഗ്രൂപ്പുകളേക്കാൾ വ്യക്തികളെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ രൂപപ്പെടുത്തുമ്പോൾ, വ്യക്തിപരമായ നേട്ടത്തിനായി സംവിധാനത്തെ ചൂഷണം ചെയ്യുന്നത് ഒരാൾക്ക് ബുദ്ധിമുട്ടായിത്തീരുന്നു. നിയമത്തിൻറെ ദുരുപയോഗം വ്യക്തിഗത ദോഷം സൃഷ്ടിക്കുമെന്ന് ഉറപ്പാക്കുന്നതിലൂടെയും, വിശാലമായ ഗ്രൂപ്പുകൾക്ക് പകരം കുറ്റകരമായ പ്രവർത്തനങ്ങളെ അതിൻറെതായ രീതിയിൽ അഭിസംബോധന ചെയ്യുന്നതിലൂടെയും കൂടുതൽ നീതിപൂർവമായ ഒരു സംവിധാനം സൃഷ്ടിക്കാൻ നമുക്ക് കഴിയും.
സമൂഹത്തിൻറെ മറന്നുപോവുന്ന പങ്ക്
നവോഥാനപരമായ ഭരണഘടനയും, യാഥാസ്ഥിതികമായ സമൂഹവുമാണ് ഇന്ത്യയിലിന്ന്. ഇത്തരം സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുക എന്നത് പ്രത്യേകിച്ചും വെല്ലുവിളിയാണ്. ഇൻസെൻറീവുകളെ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിൽ ഇത്തരം നിയമങ്ങൾ ഉപേക്ഷിക്കാൻ നമുക്ക് കഴിയുമോ? ഒരുപക്ഷേ ഇല്ല. നീതി തേടുന്നതിൽ നിന്ന് യഥാർത്ഥ ഇരകളെ നിരുത്സാഹപ്പെടുത്താതെ ദുരുപയോഗത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ നമുക്ക് കഴിയുമോ? ഒരുപക്ഷേ ഇല്ല. എന്നിരുന്നാലും ഈ ചർച്ചകൾക്കിടയിലും, സമൂഹവും സാമൂഹിക പരിഷ്കർത്താക്കളും വഹിക്കുന്ന നിർണായക പങ്ക് നാം പലപ്പോഴും അവഗണിക്കുന്നു.
ആത്യന്തികമായി, സ്ത്രീകളുടെ ഉന്നമനം സമൂഹത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്നുവരേണ്ടതാണ്. നിയമങ്ങൾക്കും നിയമവ്യവസ്ഥകൾക്കും ഈ പ്രക്രിയയെ പിന്തുണയ്ക്കാൻ മാത്രമേ കഴിയൂ. ഇത് തീർച്ചയായും സുദീർഘമായ ഒരു പ്രക്രിയയാണ് - സമൂഹത്തിന് വികസിക്കാൻ സമയവും സാഹചര്യവും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ, സ്ത്രീകേന്ദ്രീകൃതമായ ചില നിയമങ്ങൾ സാമൂഹിക പുരോഗതിയുടെ വഴിയിൽ തടസ്സമായേക്കാം. യഥാർത്ഥ ശാക്തീകരണത്തിനായി സമൂഹം കടന്നുപോകേണ്ട മാറ്റങ്ങളെ തടസ്സപ്പെടുത്താനും ഈ നിയമങ്ങൾ കാരണമാവുന്നു. യഥാർത്ഥ പരിവർത്തനം സമൂഹത്തിനുള്ളിൽ നിന്നാണ് വരുന്നത്, നിയമങ്ങൾ ആ പ്രക്രിയയെ മാറ്റിസ്ഥാപിക്കുന്നതിന് പകരം സഹായിക്കുകയാണ് ചെയ്യേണ്ടത്.
വായനക്കാർക്കുള്ള കുറിപ്പ്:
ഈ ലേഖനം ഇഷ്ടപ്പെട്ടാൽ ഞങ്ങളുടെ മുൻ ലേഖനങ്ങളും വായിക്കുക:
1. നീറ്റിലെ സങ്കീർണ്ണതകൾ
2. കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
3. ലക്ഷ്യം തെറ്റിപ്പോകുന്ന കായികമേഖല
4. ഉന്നതവിദ്യാഭ്യാസത്തിലെ ആഗോളവൽക്കരണം
5. മദ്യ നിരോധനത്തിൻറെ വിപരീതഫലങ്ങൾ
6. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ സാമ്പത്തികശാസ്ത്രം
7. കേരളത്തിലെ കോളേജുകളുടെ രാഷ്ട്രീയവൽക്കരണം







